അടൂരിനെ നാടുകടത്താനുള്ള സംഘപരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കല്‍ - കോടിയേരി

 
ലോക പ്രശസ്‌ത ചലച്ചിത്രകാരനും മലയാളത്തിന്റെ അഭിമാനവുമായ അടൂര്‍ ഗോപാലകൃഷ്ണനെ അന്യഗ്രഹത്തിലേക്ക് നാടുകടത്താനുള്ള സംഘപരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ആരേയും എന്തിനേയും ഭീഷണിയിലൂടേയും അക്രമത്തിലൂടെയും വരുതിയിലാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമം കേരള നാട്ടില്‍ വിലപോവില്ല. 
 
രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ 48 പ്രമുഖകര്‍ക്കൊപ്പം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതിന്റെ പേരിലാണ് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ നാടുകടത്തല്‍ ഭീഷണിയുണ്ടായിരിക്കുന്നത്. പുരസ്‌കാരങ്ങള്‍ക്കും കസേരകള്‍ക്കും പിന്നാലെ പോകുന്ന ആളല്ല അടൂര്‍. എന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ പരിഗണന കിട്ടാത്തതിനാലാണ് പ്രതിഷേധമെന്ന ആര്‍എസ്എസ് നേതാവിന്റെ വ്യാഖ്യാനം ഉന്നത കലാകാരനെ അവഹേളിക്കലാണ്. 
 
പച്ചില കാട്ടി ചിലരെ വിലയ്ക്കു വാങ്ങുംപോലെ ഉത്തമ കലാകാരന്മാരെ സംഘപരിവാറിന്റെ മനുഷ്യത്വഹീന രാഷ്ട്രീയത്തിന്റെ ഒത്താശക്കാരാക്കാന്‍ കഴിയില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും അത് ചര്‍ച്ച ചെയ്യാനുമുള്ള അവകാശം ജനാധിപത്യം തരുന്നുണ്ട്. എന്നാല്‍ എതിരഭിപ്രായം പാടില്ലായെന്ന സംഘപരിവാറിന്റെ ശാഠ്യം അംഗീകരിക്കാനാവില്ല. അത് അംഗീകരിച്ചാല്‍ ജനാധിപത്യത്തിന്റെ അന്ത്യമാകുകയും ഫാസിസത്തിന്റെ വിളയാട്ടമാവുകയുമായിരിക്കും ഫലം.
 
'ജയ് ശ്രീറാം' വിളി ആളെക്കൊല്ലാനും, മതം മാറ്റാനുമുള്ളതാകരുതെന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖരുടെ അഭിപ്രായം പ്രധാനമന്ത്രിക്ക് മുന്നിലാണ് കത്ത് മുഖാന്തിരം അവതരിപ്പിച്ചത്. അതിന് അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് പോകാന്‍ കല്‍പ്പന പുറപ്പെടുവിച്ച ആര്‍എസ്എസ് നേതാവിന്റെ നടപടി വ്യക്തിപരമോ, ഒറ്റപ്പെട്ടതോ ആയി കാണാനാകില്ല. പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിന് ആര്‍എസ്എസ് കൊലവിളി നടത്തിയതില്‍ പ്രതികരിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കുണ്ട്.
 
 അടൂരിനെതിരായ നാടുകടത്തല്‍ കല്‍പ്പനയെ തള്ളിപറയാന്‍ ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ ഉത്തരവാദിത്തപ്പെട്ട നേതാക്കളാരും തയ്യാറായിട്ടില്ലായെന്നത് സംഘപരിവാറിന്റെ അക്രമണോത്സുക രാഷ്ട്രീയത്തെ എതിര്‍ത്താല്‍ ഗൗരി ലങ്കേഷിന്റെ അനുഭവമുണ്ടാകുമെന്ന ഭീഷണിയാണ് യഥാര്‍ത്ഥത്തിലുണ്ടായിരിക്കുന്നത്.
 
കേരളത്തിന്റെ യശ്ശസ്സ് ലോകമാകെ എത്തിച്ച കലാകാരനായ അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നില്‍ സാംസ്‌കാരിക കേരളവും ജനാധിപത്യമനസ്സുള്ള കേരളീയരും ഒറ്റക്കെട്ടായി നിലയുറപ്പിക്കുമെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
 
 
 
Advertisement
Advertisement