ജിഷ്‌ണുപ്രണോയുടെ ചിത്രം പതിച്ച് നവാഗതര്‍ക്ക് ആശംസാകാര്‍ഡ് : പാമ്പാടി നെഹ്റു കോളേജില്‍ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു

 
പാമ്പാടി നെഹ്റു കോളേജില്‍ ജിഷ്‌ണു പ്രണോയുടെ ചിത്രം പതിച്ച ആശംസാ കാര്‍ഡ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്‌തതിന് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്‌തു. പ്രിന്‍സിപ്പാള്‍ അംബികാദേവി അമ്മാളാണ് ഏഴ് വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്‌തത്.
 
ജൂലൈ 23നാണ് ആരോപണത്തിനടിസ്ഥാനമായ സംഭവം. നവാഗത വിദ്യാര്‍ഥികളുടെ ആദ്യ ക്ലാസ്സ് ദിനത്തില്‍ അവരുടെ ക്ലാസ്സുകളിലെത്തി എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ആശംസാ കാര്‍ഡും മധുര പലഹാരവും വിതരണം ചെയ്തിരുന്നു. ഇതറിഞ്ഞെത്തിയ അധ്യാപകര്‍ എസ്എഫ്ഐ പ്രതിനിധികളോട് ക്ലാസ്സില്‍ വെച്ച് വിതരണം ചെയ്യരുതന്നാവശ്യപ്പെട്ടു. തുടര്‍ന്ന് എസ്എഫ്ഐ പ്രതിനിധികള്‍ ക്ലാസ്സില്‍ നിന്നും വെളിയിലേക്കിറങ്ങി വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിവന്നപ്പോള്‍ മാത്രം കാര്‍ഡും മധുരവും നല്‍കി. ബാക്കിയുള്ള വിദ്യാര്‍ഥികള്‍ക്ക് കാന്റീന്‍ പരിസരത്തുവെച്ചുമാണ് നല്‍കിയത്.
 
പക്ഷേ ക്ലാസ്സില്‍ പഠിപ്പിക്കുന്ന സമയത്ത് അതിക്രമിച്ചു കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ബലം പ്രയോഗിച്ച് കാര്‍ഡുകള്‍ നല്‍കിയുമെന്ന വ്യാജപരാതി പ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്. അധ്യാപകരായ ഡോ ജോജോ ജോര്‍ജ്ജും ദീപമോളുമാണ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയത്. മാനേജ്മെന്റിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അധ്യാപകര്‍ പരാതി നല്‍കിയതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
 
ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാണ് സസ്പെന്‍ഷന്‍ ഓര്‍ഡറിലുള്ളത്. അരുണ്‍ നാരായണന്‍, കിരണ്‍ നാരായണന്‍, ഗോവര്‍ദ്ധന്‍, ശ്രീരാജ്, നവീണ്‍ രവീന്ദ്രന്‍, പ്രണവ് കൃഷ്‌ണന്‍, അതുല്‍രാഗ് പി മുല്ലക്കല്‍ എന്നിവരെയാണ് പുറത്താക്കിയിരിക്കുന്നത്. സസ്‌പെന്‍ഷനിലായിരിക്കുന്നത് അവസാന വര്‍ഷക്കാരും രണ്ടാം വര്‍ഷക്കാരുമാണ്. സംഭവത്തെക്കുറിച്ചന്വേഷിക്കുന്നതിന്  മാനേജ്മെന്റ് ഒരു അന്വേഷണ കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. അന്വേഷണം അവസാനിച്ച് പ്രിന്‍സിപ്പാളിന്റെ ഉത്തരവിറങ്ങുന്നതുവരെ ഇവര്‍ കോളേജില്‍ പ്രവേശിക്കരുതെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവുള്ളത്. ജിഷ്‌ണു പ്രണോയിയുടെ മുഖം വീണ്ടും കാമ്പസിനകത്തെത്തിച്ചതാണ് മാനേജ്മെന്റിന്റെ പ്രകോപനത്തിന് കാരണമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
 
 
Advertisement
Advertisement