അന്തരിച്ച കവി ആറ്റൂർ രവിവർമ്മയ്ക്ക് ആദരം : ആറ്റൂര്‍ നവീനതയുടെ വക്താവ് - മുഖ്യമന്ത്രി,ആറ്റൂര്‍ മലയാള കവിതയ്‌ക്ക് പുതിയ ഭാഷയും രൂപവും സമ്മാനിച്ച കവി- മന്ത്രി എ കെ ബാലന്‍

 
 
# ആറ്റൂര്‍ രവിവര്‍മ്മ നവീനതയുടെ വക്താവ്: മുഖ്യമന്ത്രി
 
മലയാള കവിതയിലെ നവീനതയുടെ വക്താവാണ് ആറ്റൂര്‍ രവിവര്‍മ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരമ്പരാഗത ശീലുകളില്‍നിന്നു മാറി മൗലികവും സര്‍ഗാത്മകവുമായ ആധുനികതയുടെ വഴിതുറന്ന പ്രമുഖരില്‍ മുന്‍നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
 
അതിപ്രഗല്‍ഭനായ ഗുരുനാഥന്‍, സംഗീതാസ്വാദകന്‍, പരിഭാഷകന്‍, കവി എന്നിങ്ങനെ വ്യക്തിമുദ്ര പതിപ്പിച്ച ആറ്റൂരിന്റെ വിയോഗം മലയാള സാഹിത്യത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
 
 
# ആറ്റൂര്‍ രവിവര്‍മ മലയാള കവിതയ്‌ക്ക് പുതിയ ഭാഷയും രൂപവും സമ്മാനിച്ച കവി: മന്ത്രി എ കെ ബാലന്‍
 
 
മലയാള കവിതയ്‌ക്ക് പുതിയ ഭാഷയും രൂപവും സമ്മാനിച്ച സവിശേഷ വ്യക്തിത്വമുള്ള കവിയായിരുന്നു ആറ്റൂര്‍ രവിവര്‍മയെന്ന് മന്ത്രി എ കെ ബാലന്‍. അദ്ദേഹത്തിന്റെ  നിര്യാണം കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന്  നികത്താനാവാത്ത നഷ്ടമാണ്.
 
മലയാള കവിതയില്‍ പ്രത്യേകമായ ഒരു ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.  കവിതയുടെ അലങ്കാരഭാരങ്ങളില്ലാതെ ഹൃദയത്തിന്റെ, സത്യമായ ഭാഷയാണ് അദ്ദേഹം കവിതയില്‍ ഉപയോഗിച്ചത്. കാലത്തിനനുസരിച്ച് മാറേണ്ടതാണ് കവിതയും എന്ന് അദ്ദേഹം വിശ്വസിച്ചു.
 
മികച്ച ഒരു അദ്ധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അദ്ദേഹം അധ്യാപകനായിരിക്കെ തനിക്ക് ശിഷ്യനായിരിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അനുസ്മരിച്ചു. ക്യാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന വിദ്യാര്‍ഥികളോടും സവിശേഷമായ സ്‌നേഹവാത്സല്യങ്ങള്‍ അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു.
 
ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍, ബ്രണ്ണന്‍ കോളേജിലെ അനുഭവം സംബന്ധിച്ച് അദ്ദേഹം പറഞ്ഞു, ' ബ്രണ്ണനിലെ കാലഘട്ടം വളരെ രസകരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനുമെല്ലാം അവിടെ എന്റെ വിദ്യാര്‍ഥികളായിരുന്നു. വിജയന്‍ പൊതുവെ സൈലന്റ് ആയിരുന്നു. പഠനത്തെ വളരെ ഗൗരവമായി എടുക്കുന്ന, അധികം സംസാരിക്കാത്ത വിദ്യാര്‍ഥിയായിരുന്നു. ബാലനാവട്ടെ  കോളേജില്‍ പഠനേതര രംഗത്ത് സജീവമായിരുന്നു. എം എന്‍ വിജയനും അന്നവിടെ അധ്യാപകനായിരുന്നു. അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. കുറച്ചു മാത്രം എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ആളായിരുന്നു അന്ന് എം എന്‍ വിജയന്‍'.
 
ഈ വര്‍ഷം മാര്‍ച്ചില്‍ മന്ത്രി വി എസ്. സുനില്‍കുമാറിനൊപ്പം ആറ്റൂരിനെ അദ്ദേഹത്തിന്റെ  വീട്ടിലെത്തി സന്ദര്‍ശിച്ച്  കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് സമ്മാനിക്കാന്‍  അവസരം ലഭിച്ചു. കവിതാ രചനയില്‍ നിന്ന് ഒട്ടൊക്കെ വിരമിച്ചെങ്കിലും സാഹിത്യ പ്രവര്‍ത്തനം അവസാനിപ്പിക്കാതെ കമ്പരാമായണത്തിന്റെ മലയാള പരിഭാഷയുടെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു.
 
ആര്‍ക്കും കീഴടങ്ങാതെ കവിതയുടെ വഴിയില്‍ ഒറ്റയ്ക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ  കുടുംബംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
 
 
# ന്യുമോണിയ ബാധയെ തുടർന്നായിരുന്നു അന്ത്യം
 
പ്രശസ്‌ത കവിയും വിവർത്തകനുമായ പ്രൊഫ. ആറ്റൂർ രവിവർമ്മ(89) അന്തരിച്ചു.ന്യൂമോണിയ ബാധിച്ച്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
 
  തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂർ രവിവർമ്മ ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 
 
സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു.1996ൽ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
 
 
 
 
 
 
 
 
Advertisement
Advertisement