ടി.എന്‍ പ്രതാപന്‍ എംപിയ്ക്കെതിരെ ഫണ്ട് തട്ടിപ്പ് ആരോപണവുമായി മുൻ DCC പ്രസിഡന്റ് ; പ്രതാപൻ തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ആയിരിക്കെ ഡി.സി.സി പിരിച്ച ഒരു കോടി രൂപയ്ക്ക് കണക്കില്ല

 
മുൻ DCC പ്രസിഡന്റ് അബ്ദുറഹ്മാൻ കുട്ടി  പ്രതാപനെതിരെ KPCC ക്ക് പരാതി നൽകി 
 
ഡി.സി.സിക്കെതിരെ ഫണ്ട് തട്ടിപ്പ് ആരോപണം. കമ്മറ്റിയുടെ ഫണ്ടില്‍ ഒരു കോടി രൂപയിലേറെ രൂപയുടെ കണക്കില്ലെന്നാണ് പരാതി. ഫണ്ടിലെ ക്രമക്കേടിനെതിരെ കെ.പി.സി.സിക്ക് പരാതി നല്‍കി. ഡി.സി.സി മുന്‍ പ്രസിഡന്റ് കൂടിയായ എ. ഗ്രൂപ്പ് നേതാവാണ് കെ.പി.സി.സിക്ക് പരാതി നല്‍കിയിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി പിരിച്ചെടുത്ത ഒരു കോടി രൂപയ്ക്ക കണക്കില്ല. അത് സ്വകാര്യ ആവശ്യങ്ങള്‍ക്കും ദുര്‍ചെലവിനും വിനിയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു.
 
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റായ ശേഷം നടത്തിയ സംസ്ഥാന ജാഥയുടെ ഭാഗമായി ജില്ലയില്‍ നിന്ന് പിരിച്ച 2.20 കോടിയില്‍ നിന്ന് കൈമാറിയ തുകയെക്കുറിച്ചാണ് പരാതി. പിരിച്ച തുകയില്‍ 1.10 കോടി രൂപ കെ.പി.സി.സിക്ക് കൈമാറി. ബാക്കി തുക ഡി.സി.സി എടുക്കുകയായിരുന്നു.
 
എന്നാല്‍ ഇതുവരെ ഡി.സി.സി കൈവശം വച്ച തുക എങ്ങനെ ഉപയോഗിച്ചുവെന്ന് കണക്കില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പാര്‍ട്ടി മുഖപത്രമായ വീക്ഷണത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകരില്‍ നിന്ന് 2000 രൂപ നിരക്കില്‍ വരിക്കാരില്‍ നിന്ന് പണം മുന്‍കൂറായി ഡി.സി.സിയില്‍ അടച്ചു. എന്നാല്‍ ഇപ്പോള്‍ പത്രം അച്ചടി നിര്‍ത്തി. പത്രം കിട്ടാത്തതിനെക്കുറിച്ച് പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ മണ്ഡലം നേതാക്കള്‍ ഡി.സി.സിയില്‍ എത്തി പ്രതിഷേധിച്ചിരുന്നു. ഈ പണത്തിനും കണക്കില്ല.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധിയെ തൃപ്രയാറില്‍ എത്തിച്ച് ഫിഷര്‍മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചതിന് പിരിവെടുത്തതിന് പുറമെ ഡി.സി.സിയുടെ ഫണ്ടും ഉപയോഗിച്ചു. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ കണ്‍വന്‍ഷന്‍, പഠന ക്യാമ്പ് എന്നിവയ്ക്കും വിവിധ കേസുകളില്‍ കോടതികളില്‍ നിന്ന് ജാമ്യം എടുക്കാനും പണം ആവശ്യപ്പെട്ടിട്ട് നല്‍കിയിരുന്നില്ല. പിന്നെങ്ങനെയാണ് പണം ചെലവായതെന്നാണ് പരാതിക്കാര്‍ ചോദിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഡി.സി.സി യോഗം ചേര്‍ന്നിട്ടില്ലാത്തതിനാല്‍ കണക്ക് അവതരണം പോയിട്ട് ക്യാമ്പെയ്‌നുകള്‍ പോലും നന്നായി നടത്തിയിട്ടില്ലെന്നും ഒരു വിഭാഗം പറയുന്നു. ടി.എന്‍ പ്രതാപന്‍ ഡി.സി.സി പ്രസിഡന്റായിരിക്കെ പിരിച്ച പണത്തിനാണ് കണക്കില്ലാത്തത്. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് രാജിവച്ച ടി.എന്‍ പ്രതാപനെ കുരുക്കിലാക്കുന്നതാണ് മുന്‍ പ്രസിഡന്റ് അബ്ദുറഹ്മാൻ കുട്ടിയുടെ  പരാതി.
 
 
 
 
 
 
 
 
 
Advertisement
Advertisement