ബനാറസ് പോലെത്തന്നെ തനിക്ക് കേരളവും; വോട്ട് ചെയ്യാത്തവരേയും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും - പ്രധാനമന്ത്രി നരേന്ദ്ര മോദി

 
തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് മാത്രമല്ല, ജനസേവനമാണ് ആത്യന്തിക ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ അധികാരത്തിൽ വരുന്നത് എല്ലാവരുടേയും സര്‍ക്കാരാണ്. തെര‍ഞ്ഞെടുപ്പിൽ സ്വീകരിച്ച സമീപനം നോക്കിയല്ല ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുരുവായൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
 
ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്ത കേരളത്തിലെത്തി മോദി എന്തിന് നന്ദി പറയുന്നു എന്ന് അതിശയിക്കുന്നവരുണ്ടാകാം. പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തെ എല്ലാ ജനങ്ങളുടേയും നൻമയും ക്ഷേമവുമാണ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‍റെ ലക്ഷ്യം. ജയപരാജയമല്ല ജനക്ഷേമമാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബനാറസ് പോലെത്തന്നെയാണ് കേരളവും. വോട്ട് ചെയ്തവരെ പോലെ തന്നെ വോട്ട് ചെയ്യാത്തവരെയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരും ജനങ്ങൾക്കിടയിൽ പ്രവര്‍ത്തിക്കുന്നത് തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾ മാത്രം ലക്ഷ്യമിട്ടല്ല, മറിച്ച് ജനസേവനം മുൻനിര്‍ത്തിയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.  
 
 
Advertisement
Advertisement