പട്ടിണിയാണ്, എനിക്ക് നാട്ടിലേക്ക് തിരിച്ചുവരണം ; ഐ എസിൽ ചേർന്ന മലയാളി കാസറഗോഡ് എലമ്പാച്ചി സ്വദേശി ഫിറോസ് ഖാൻ ബന്ധുക്കളോട് ആവശ്യമുന്നയിച്ചു

 
 
 
ഐ എസിൽ ചേർന്ന മലയാളി
കഴിക്കാന്‍ ഭക്ഷണമോ കുടിക്കാൻ വെള്ളമോ ഇല്ലാതെ കടുത്ത ദുരിതത്തിലാണ് എന്നും മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായും സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളിയായ കാസറഗോഡ് എലമ്പാച്ചി സ്വദേശി ഫിറോസ് ഖാൻ. ഫോണിലൂടെയാണ് ഇയ്യാൾ കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിച്ചത്.
 
 
2016 ജൂണിലാണ് ഫിറോസ് ഖാൻ ഐഎസില്‍ ചേരാനായി അഫ്ഗാനിസ്താനിലേയ്ക്ക് പോയത്. അവിടെന്നു സിറിയയിലേയ്ക്ക് കടക്കുകയായിരുന്നു. സിറിയയിൽ വെച്ച് ഒരു മലേഷ്യക്കാരിയെ കൊണ്ട് ഐഎസ് നേതാക്കള്‍ വിവാഹം തന്നെ കഴിപ്പിച്ചതായും, എന്നാല്‍ ഈ യുവതി തന്നെ ഉപേക്ഷിച്ച് പോയതായും ഫിറോസ് കഴിഞ്ഞ മാസം മാതാവ് ഹബീബയെ വിളിച്ച് പറയുകയായിരുന്നു. കൂടാതെ ഫിറോസ് മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായും ഇവരുടെ അടുത്ത ബന്ധുവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഫിറോസ് വീട്ടുകാരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ സുരക്ഷാ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ മടങ്ങി വരണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച ഫിറോസ് മുൻപ് ബന്ധുക്കളേയും സുഹൃത്തുക്കളേയും ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച ആൾ ആയിരുന്നു എന്നാണു സുരക്ഷാ ഏജൻസികൾ പറയുന്നത്.
 
ഫിറോസിനൊപ്പം ഒരു ഡസനോളം യുവാക്കളെ 2016ല്‍ ഐഎസ് ഭീകരപ്രവര്‍ത്തകര്‍ കാസറഗോഡ് ജില്ലയില്‍ നിന്ന് റിക്രൂട്ട് ചെയ്തിട്ടുള്ളതായി സുരക്ഷാസംഘടനകള്‍ പറയുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നും നിരവധി യുവാക്കള്‍ ഐഎസില്‍ ചേരാന്‍ സിറിയയില്‍ പോയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കൂടാലി സ്വദേശിയായ ഷാജഹാന്‍ (32) എന്ന യുവാവിനെ സിറിയയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവേ തുര്‍ക്കി അധികൃതര്‍ പിടികൂടി ഇന്ത്യയിലേയ്ക്ക് അയച്ചിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് സ്ത്രീകളടക്കം 35 പേര്‍ ഐഎസില്‍ ചേരാന്‍ സിറിയയിലേയ്ക്ക് കടന്നതായാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതില്‍ ഭൂരിഭാഗവും സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 
 
 
 
 
 
 
 
Advertisement
Advertisement