പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ ദര്‍ശനം നടത്തി

 
തുലാഭാരം,കളഭച്ചാര്‍ത്ത് ഉള്‍പ്പെടെയുളള വഴിപാടുകള്‍ നടത്താനാണ് ദേവസ്വം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
 
താമരപ്പൂവുകൊണ്ട് തുലാഭാരം നടത്തണമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞു. ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കും. മുഴുക്കാപ്പ് കളഭച്ചാർത്ത് വഴിപാടും നടത്തണമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്. 
 
ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരിലും പരിസരത്തും കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
 
ഇന്നലെ രാത്രി കൈയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊച്ചിയിലെ നാവിക സേന വിമാനത്താവളത്തിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്രമന്ത്രി വി മുരളീധരൻ,  സുരേഷ് ഗോപി എംപി എന്നിവര്‍ എത്തി അദ്ദേഹത്തെ സ്വീകരിച്ചു. 
 
ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബഹ്റ, മേയർ സൗമിനി ജെയിൻ, ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള എന്നിവരടക്കം മുപ്പതോളം പേര്‍ മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പുലര്‍ച്ചെ അദ്ദേഹം ഗുരുവായൂരിലേക്ക് പോയി. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയിലും ഗുരുവായൂരിലും ഒരിക്കിയിരിക്കുന്നത്. രാവിലെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. 
 
 
Advertisement
Advertisement