കേരള കോൺഗ്രസ‌് എം പിളർപ്പിലേക്ക‌് ; ജോസ് കെ മാണി - പി ജെ ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷം : ഇരുപക്ഷവും സമവായാഹ്വാനം തള്ളി

 
കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രന്റെ സമവായ ആഹ്വാനം തള്ളിയ കേരള കോൺഗ്രസ‌് എം വീണ്ടും പരസ്യ ഏറ്റുമുട്ടലിലേക്ക‌്. പി ജെ ജോസഫും ജോസ‌് കെ മാണിയും രൂക്ഷമായ ഭാഷയിലാണ‌് വെള്ളിയാഴ‌്ച ഏറ്റുമുട്ടിയത‌്. സംസ്ഥാന കമ്മിറ്റി വിളിക്കാനാവശ്യപ്പെട്ട‌് മാണി വിഭാഗത്തിലെ രണ്ട‌് എംപിമാരും രണ്ട‌് എംഎൽഎമാരും ഒപ്പിട്ട കത്ത‌് തെരഞ്ഞെടുപ്പ‌് കമീഷന‌് നൽകി.
 
സംസ്ഥാന കമ്മിറ്റി യോഗത്തിനായി മാണി വിഭാഗവും പാർലമെന്ററി പാർടി യോഗത്തിനായി ജോസഫും കരുനീക്കുമ്പോൾ പോരാട്ടം കലാശക്കൊട്ടിലേക്ക‌് നീങ്ങുകയാണ‌്. സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന‌് പി ജെ ജോസഫും ചെയർമാനെ തെരഞ്ഞെടുക്കാതെ വിളിക്കുന്ന പാർലമെന്ററി പാർടി യോഗത്തിൽ പങ്കെടുക്കില്ലെന്ന‌് ജോസ‌് കെ മാണിയും വ്യക്തമാക്കിയതോടെ  പിളർപ്പിന്റെ സാധ്യത കൂടി.
 
കേരള കോൺഗ്രസ‌് എം ഒന്നിച്ചുപോകണമെന്നും അതിന‌് ഇടപെടുമെന്നും മുല്ലപ്പള്ളി പറഞ്ഞതിന‌് തൊട്ടുപിന്നാലെയാണ‌് പാലായിൽ യോഗം ചേർന്ന ജോസ‌് വിഭാഗം ജില്ലാ പ്രസിഡന്റുമാർ ജോസ‌് കെ മാണിയെ ചെയർമാനാക്കണമെന്ന‌് ആവശ്യപ്പെട്ടത‌്. തുടർന്ന‌് സംസ്ഥാന കമ്മിറ്റി വിളിക്കാൻ നിർദേശം നൽകണമെന്ന‌് ആവശ്യപ്പെട്ട‌് തെരഞ്ഞെടുപ്പ‌് കമീഷനും കത്ത‌് നൽകി. സമവായമില്ലാതെ കമ്മിറ്റി വിളിക്കില്ലെന്നും ജോസ‌് കെ മാണി പിളർപ്പിന്റെ വക്താവാണെന്നും തൊടുപുഴയിൽ ജോസഫ‌് പ്രതികരിച്ചു. ചെയർമാൻ മരിച്ചാൽ മകനല്ല ചെയർമാനാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്താണ‌് ചെയർമാനെ തീരുമാനിക്കേണ്ടതെന്നും അത‌് ചെയ്യാതെ സ്വയം ചെയർമാനായി പ്രഖ്യാപിക്കുന്നത‌് സമവായത്തിന്റെ രീതിയല്ലെന്നും ജോസ‌് കെ മാണി തിരിച്ചടിച്ചു. പത്ത‌് ജില്ലാ പ്രസിഡന്റുമാരും പാർടി ശക്തികേന്ദ്രങ്ങളും ജോസ‌് കെ മാണിക്ക‌് ഒപ്പമാണ‌്. സംസ്ഥാന കമ്മിറ്റി വിളിച്ചാൽ ജോസ‌് കെ മാണി ചെയർമാനാകും. അതാണ‌് സമവായശേഷം മാത്രമേ സംസ്ഥാന കമ്മിറ്റി വിളിക്കൂയെന്ന‌് ജോസഫ‌് ആവർത്തിക്കുന്നത‌്.
 
എംപിമാരായ ജോസ‌് കെ മാണി, തോമസ‌് ചാഴിക്കാടൻ, എംഎൽഎമാരായ റോഷി അഗസ‌്റ്റിൻ, എൻ ജയരാജ‌് എന്നിവരാണ‌്  തെരഞ്ഞെടുപ്പ‌് കമീഷന‌് നൽകിയ കത്തിൽ ഒപ്പിട്ടവർ. കെ എം മാണിയുടെ മരണശേഷം സംസ്ഥാന സമിതി ചേരുകയോ ചെയർമാനെ തെരഞ്ഞെടുക്കുകയോ ചെയ‌്തിട്ടില്ല. കമ്മിറ്റി വിളിക്കാൻ പി ജെ ജോസഫിനോട‌് ആവശ്യപ്പെടണമെന്നാണ‌് കത്തിലെ ആവശ്യം. വർക്കിങ‌് ചെയർമാനായ ജോസഫിന‌് ചെയർമാൻ അധികാരമുണ്ടെന്ന‌് കാട്ടി ജനറൽ സെക്രട്ടറിയായ ജോയ‌് എബ്രഹാം നേരത്തെ നൽകിയ കത്തിനെ പ്രതിരോധിക്കാനാണ‌് പുതിയ കത്ത‌്.
 
കേരള കോൺഗ്രസ‌് പിളരുന്നത‌് കോട്ടയത്ത‌് ഗുണകരമാകുമെന്നാണ‌് കോൺഗ്രസ‌് നേതാക്കൾ കണക്കുകൂട്ടുന്നത‌്. അതിനാൽ ഉമ്മൻചാണ്ടിയടക്കം ഇടപെടാനും തയ്യാറാകുന്നില്ല.
 
 
 
 
 
 
 
 
Advertisement
Advertisement