എയ‌്ഡഡ‌് സ‌്കൂൾ നിയമനങ്ങളിൽ തർക്കങ്ങൾക്കും കുട്ടികളുടെ ഇല്ലാ കണക്കുകൾക്കും നിയന്ത്രണം : എല്ലാം ഇനി ഓൺലൈനിൽ , നിയമന അംഗീകാരത്തിന‌് ‘സമന്വയ’

 
സംസ്ഥാനത്തെ എയ‌്ഡഡ‌് സ‌്കൂളുകളിലെ നിയമനാംഗീകാരം ഇനി ഓൺലൈൻ പോർട്ടൽവഴി. നിയമനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും കുട്ടികളുടെ എണ്ണം പെരുപ്പിക്കലും  ഇല്ലാതാക്കാൻ കൈറ്റ‌് സജ്ജമാക്കിയ വെബ‌്പോർട്ടലിന‌് സർക്കാർ അംഗീകാരം നൽകി. തസ്തികനിർണയം, നിയമനാംഗീകാരം എന്നിവ ഓൺലൈൻവഴി നടത്തുന്ന സോഫ‌്റ്റ‌്‌വെയർ ‘സമന്വയ’ 11ന‌് മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ‌്ഘാടനംചെയ്യും.
 
സംസ്ഥാനത്തെ 7961 എയ‌്ഡഡ‌് സ‌്കൂളിലെയും പുതിയ നിയമനങ്ങൾക്ക‌് കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കി ഈ പോർട്ടലിലൂടെയാണ‌് അംഗീകാരം നൽകുക. എയ‌്ഡഡ‌് സ‌്കൂളുകളിലെ കുട്ടികളുടെ കണക്ക‌് ‘സമന്വയ’യിൽ ലഭ്യമാകുന്ന മുറയ‌്ക്ക‌് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർക്ക‌്  ഓൺലൈനായി പരിശോധിക്കാനാകും. ഓരോ സ‌്കൂളിലെയും കുട്ടികളുടെ എണ്ണം, പുതിയ കുട്ടികളുടെ എണ്ണം എന്നിവ തിരിച്ചറിയൽ രേഖകൾ സഹിതം പോർട്ടലിൽ സ‌്കൂൾ അധികൃതർ അപ‌്‌ലോഡ‌് ചെയ്യണം. തുടർന്ന‌് മാനേജർമാർ പുതിയ തസ‌്തികകളിലെ നിയമനം സംബന്ധിച്ച വിവരങ്ങൾ അപ‌്‌ലോഡ‌്ചെയ്യും. മുമ്പ‌് കുട്ടികളുടെ തലയെണ്ണി തസ‌്തിക നിർണയിച്ചപ്പോൾ എഇഒ, ഡിഇഒമാരുടെ വർഷത്തെ പകുതി സമയവും ഇതിന‌് ചെലവഴിക്കേണ്ടിവന്നിരുന്നു. പലപ്പോഴും  എയ‌്ഡഡ‌് സ‌്കൂളിലെ തസ‌്തികകൾ നിലനിൽക്കുന്നതുമായിരിക്കില്ല. ഇത‌് ഉദ്യോഗസ്ഥതലത്തിൽ അഴിമതിക്കും ഇട നൽകി.
 
നിയമനാംഗീകാരം ഓൺലൈനാകുന്നതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക‌് (ഡിജിഇ) തത്സമയം നിയമവിശദാംശങ്ങൾ മനസ്സിലാക്കാനാകും. അകാരണമായി നിയമനം വൈകിപ്പിക്കാനും കഴിയില്ല. സുതാര്യവും വേഗവുമുള്ള സംവിധാനമാണ‌് ഓൺലൈനിലേക്ക‌് വരുന്നതോടെ ഒരുങ്ങുന്നത‌്. നിയമനാംഗീകാരം നൽകേണ്ട ചുമതല എഇഒ, ഡിഇഒമാർക്ക‌ുതന്നെയാകും. എന്നാൽ, സോഫ‌്റ്റ‌് വെയറിന്റെ ഉത്തരവാദിത്തം ഡിജിഇക്കായിരിക്കും. എയ‌്ഡഡ‌് നിയമപരിഷ‌്കാരം ഓൺലൈനാകുമ്പോൾ നിലവിലെ കെഇആർ ചട്ടങ്ങളിൽ പരിഷ‌്കാരം വേണം. ആവശ്യമായ പരിഷ‌്കാര നിർദേശങ്ങൾ സമർപ്പിക്കാൻ ഡിജിഇയെ ചുമതലപ്പെടുത്തി. സോഫ‌്റ്റ‌്‌വെയർ സംബന്ധിച്ച പരിശീലനത്തിന‌് കൈറ്റ‌് എക‌്സിക്യൂട്ടീവ‌് ഡയറക്ടറെ ചുമതലപ്പെടുത്തി. കെഇആർ ഭേദഗതി ഉത്തരവ‌് ഇറങ്ങുന്ന മുറയ‌്ക്ക‌് 2019–-20 വർഷത്തെ നിയമനാംഗീകാരം ഓൺലൈൻവഴി നടത്തും.
 
 
 
 
 
 
 
 
 
 
 
 
Advertisement
Advertisement