നെയ്യാറ്റിൻകര ഇരട്ട ആത്മഹത്യ: ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍; ആത്മഹത്യക്ക് പിന്നിലെ ക്രൂരത ചുരുളഴിയുന്നു ; കാരണം ജപ്തിയല്ല കുടുംബത്തിലെ പീഢനം

 
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യക്ക് പിന്നാലെ ഭര്‍ത്താവ് ചന്ദ്രനെയും അമ്മ കൃഷ്ണമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെയും കസ്റ്റഡിയിലെടുത്തു ഇവരെ റൂറല്‍ എസ്പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യും. ഇന്നലെ തന്നെ നിർണായകമായ തെളിവുകൾ ലഭിച്ചിരുന്നുവെന്ന് റൂറൽ എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
 
കുടുംബവഴക്കെന്നാണ് നിലവിലുള്ള സൂചനയെന്ന് റൂറല്‍ എസ്പി പറഞ്ഞു. അന്തിമതീരുമാനം മൊഴിയെടുപ്പിനും ശാസ്ത്രീയപരിശോധനയ്ക്കും ശേഷമാകും. ബാങ്കിനെ പഴിപറിഞ്ഞത് തെറ്റിദ്ധാരണ പടര്‍ത്താനോ എന്നും അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.
 
 
 
കുറിപ്പ് കണ്ടെത്തിയത് ആത്മഹത്യ ചെയ്ത മുറിയില്‍ നിന്നാണ്. ആത്മഹത്യക്കുറിപ്പിലാണ് ഈ സൂചനകള്‍. ഭര്‍ത്താവിന്റെ മാതാവ് കൃഷ്ണമ്മ തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മാരായിമുട്ടം മലയില്‍ക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.  നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവുണ്ടാക്കിയ ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിക്കുമെന്ന് പൊലീസ്. നിലവിൽ ആത്മഹത്യാക്കുറിപ്പിൽ ബാങ്കിനെതിരെ പ്രത്യേകിച്ച് പരാമർശങ്ങളൊന്നുമില്ല. ആത്മഹത്യക്ക് കാരണം ഭർത്താവും ബന്ധുക്കളുമാണെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മന്ത്രവാദവും പീഡനവുമടക്കമുള്ള സാധ്യതകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വിനോദ് പറഞ്ഞു. 
 
ചുമരിൽ ഒട്ടിച്ച നിലയിൽ രണ്ട് വശങ്ങളിലായി എഴുതിയ കടലാസാണ് ആത്മഹത്യാക്കുറിപ്പായി കിട്ടിയിരിക്കുന്നത്. കുറിപ്പിൽ ആദ്യത്തെ പേജിൽ വലിയ അക്ഷരങ്ങളിലായി എഴുതിയിരിക്കുന്നത്. 'എന്‍റെയും മോളുവിന്‍റെയും ആത്മഹത്യക്ക് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്' എന്നാണ്. താൻ പറയുന്നതൊന്നും ഭർത്താവ് ചന്ദ്രൻ കേൾക്കാറില്ലെന്നും കൃഷ്ണമ്മയും ശാന്തയും പറയുന്നത് മാത്രമേ കേൾക്കൂ എന്നും കുറിപ്പിലുണ്ട്. ചന്ദ്രന്‍റെ ഭർത്താവിന്‍റെ അമ്മയാണ് കൃഷ്ണമ്മ. 
 
കുറിപ്പിലുള്ളതിങ്ങനെ:
 
ഞാൻ വന്ന കാലം മുതൽ ഇത് അനുഭവിക്കുന്നതാണ്. എന്നെയും മോളെയും പറ്റി ലോകം മുഴുവൻ പറഞ്ഞു നടക്കുന്നത് കൃഷ്ണമ്മയും ശാന്തയുമാണ്. എന്നെ സ്ത്രീധനം തരാത്തതിന് കൃഷ്ണമ്മ വിഷം തന്ന് കൊല്ലാൻ നോക്കി. എന്‍റെ ജീവൻ രക്ഷിക്കാതെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദം ചെയ്യിച്ചു. എന്നിട്ട് എന്നെ വീട്ടിൽ കൊണ്ടു വിട്ടിട്ട് പോയി. എന്‍റെ വീട്ടുകാരാണ് എന്നെ രക്ഷിച്ചത്. നേരം വെളുത്താൽ മുതൽ അവസാനം വരെ എന്നെയും മോളെയും കൃഷ്ണമ്മ വഴക്ക് പറയുകയാണ്. നിന്നെയും നിന്‍റെ മോളെയും ഞാൻ കൊല്ലും എന്നാണ് പറയുന്നത്. എന്നും ഇതാണ് ഞാൻ അനുഭവിക്കുന്നത്. 
 
കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോഴും തടസ്സം നിൽക്കുന്നത് കൃഷ്ണമ്മയാണ്. അവരുടെ ആൽത്തറ ഉണ്ട്, അവ‍ർ നോക്കിക്കോളും ഒന്നും പേടിക്കണ്ട, അവർ വസിക്കുന്ന മണ്ണ് അവർ നോക്കിക്കോളും എന്ന് പറഞ്ഞ് അവർ മോനെ വഴി തെറ്റിക്കും. നാട്ടുകാരുടെ കയ്യിൽ നിന്ന് ചന്ദ്രൻ (എന്‍റെ ഭർത്താവ്) അറിയാതെ ഞാൻ അഞ്ച് പൈസ ആരിൽ നിന്നും വാങ്ങിയിട്ടില്ല. ഞാൻ അയച്ച പൈസ മകന് അറിയാം. ഞാൻ ബാങ്കിലും നാട്ടുകാർക്കും പലിശയും കൊടുത്തു. 22,000 രൂപ ശമ്പളമാണ്. രണ്ട് ലോണുണ്ട്. പലിശക്കാർ എന്നോട് എന്ത് ചെയ്തു എന്ന് ഭർത്താവിന് അറിയാം. അതിന് ശേഷം 9 മാസമായി ഭർത്താവ് വന്നിട്ട്. 
 
ലോണിൽ ബാങ്കിൽ നിന്ന് ജപ്തിയായി. പത്രത്തിൽ ഇട്ടു. ജപ്തി നോട്ടീസ് ഇട്ടു. എന്നിട്ടും ഭർത്താവ് ബാങ്കിൽ ചെന്ന് അന്വേഷിച്ചില്ല. ജപ്തി നോട്ടീസ് മന്ത്രവാദക്കളത്തിൽ ആൽത്തറയിൽ ഇട്ട് പൂജിക്കുകയാണ് അമ്മയുടെയും മകന്‍റെയും ജോലി.
 
ഭാര്യ എന്ന സ്ഥാനം എനിക്ക് ഇതുവരെയും തന്നിട്ടില്ല. അമ്മയുടെ വാക്ക് കേട്ട് എന്നെ തല്ലുകയും ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്യും. അമ്മയുടെ മുന്നിൽ ആളാകാൻ എന്തും പറയും. എനിക്കും എന്‍റെ കൊച്ചിനും ആഹാരം കഴിക്കാൻ പോലും വകയില്ല.'' -
 
ലേഖ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
Advertisement
Advertisement