ഇരട്ട ആത്മഹത്യ: കാനറാ ബാങ്കിന് എതിരെ പ്രതിഷേധം കനത്തു; സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇളവ് മറികടന്ന് ബാങ്ക് അനാവശ്യ തിടുക്കം കാണിച്ചെന്ന് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്

 
ജപ്തി ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കാനറ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ മൂന്നുശാഖകള്‍ ഇന്ന് തുറക്കില്ല. ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് തീരുമാനം. നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകളാണ് അടച്ചിടുന്നത്. 
 
 ‌തിരുവനന്തപുരത്തെ കാനറ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ തള്ളിക്കയറിയതിനെത്തുടർന്ന് സംഘർഷമുണ്ടായി, റിസപ്ഷന്‍ കൗണ്ടര്‍ പ്രവർത്തകർ തല്ലിതകര്‍ത്തു. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.നെയ്യാറ്റിന്‍കര ശാഖ രാവിലെമുതല്‍ നാട്ടുകാര്‍ ഉപരോധിക്കുകയാണ്.
 ജപ്തി ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍ മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍ പറ‍ഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചുവരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചു. പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ചായിരുന്നു വിളികള്‍. ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് അമ്മയും മകളും ജീവനൊടുക്കിയതില്‍ ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. ബാങ്കിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി തെളിവ് ലഭിച്ചാല്‍ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. രാവിലെ പോസ്മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ വിട്ടു നല്കും. ‌
വീട്  ജപ്തി ചെയ്യുമെന്ന കാനറ ബാങ്കിന്റെ മാനസിക പീഡനത്തില്‍ മനംനൊന്താണ് ലേഖയും വൈഷ്ണവിയും തീകൊളുത്തി മരിച്ചതെന്നാണ് പരാതി. പല തവണ ഫോണ്‍ വിളിച്ച് സമ്മര്‍ദത്തിലാക്കിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. : ബാങ്കിലെ വായ്പയുടെ രേഖകളും പൊലീസ് പരിശോധിക്കും. വായ്പ തിരിച്ച് പിടിക്കാനായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ്  നടപടിയെന്ന വാദം ബാങ്ക് മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിനാല്‍ നിയമവിദഗ്ദരുമായും  ആലോചിച്ചാകും പൊലീസ് തീരുമാനമെടുക്കുക. രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ മാരായമുട്ടത്തേയ്ക്ക് കൊണ്ടു പോകും.
 
# നെയ്യാറ്റിൻകര ആത്മഹത്യ: വൈഷ്ണവി മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് പിതാവ് ചന്ദ്രൻ
 
 കാനറാ ബാങ്കിന്‍റെ ജപ്തി ഭീഷണിയെത്തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ വീണ്ടും ആരോപണവുമായി ഗൃഹനാഥൻ. തന്‍റെ മകൾ വൈഷ്ണവി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പിതാവ് ചന്ദ്രൻ പറ‌‌ഞ്ഞു. വായ്പ്പ തിരിച്ചടവിനുള്ള രേഖയിൽ മകളുടേയും ഒപ്പ് ബാങ്ക് അധികൃതർ വാങ്ങി. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതർ നിർബന്ധിച്ചുവെന്നും ചന്ദ്രൻ പറഞ്ഞു.
 
വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതർ നിരന്തരം ഭാര്യ ലേഖയെ വിളിച്ചിരുന്നുവെന്നും ലേഖയുടെ ഫോണിൽ ഇതിന്‍റെ തെളിവുണ്ടെന്നും ചന്ദ്രൻ വെളിപ്പെടുത്തി. 
 
ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥൻ ചന്ദ്രന്‍റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ജപ്തി നടപടികളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന  തിരുവനന്തപുരം ജില്ല കളക്ടർ റിപ്പോർട്ട് നൽകി. 
 
കളക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ടുപേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. 
ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താൽ മാത്രമേ മൃതദേഹം നാട്ടിൽ സംസ്കരിക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ നിലപാട്. ബാങ്ക് ജീവനക്കാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്നലെ നെയ്യാറ്റിൻകരയിലും മാരായിമുട്ടത്തും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. 
Advertisement
Advertisement