വിജയത്തിലേയ്ക്ക് തുഴയാന്‍ പങ്കായം നല്‍കി കടലിന്റെ മക്കള്‍ ; വിഷു ആശംസകള്‍ നേര്‍ന്ന് ഇന്നസെന്റ്

കൂരിക്കുഴി കടപ്പുറത്തും ആല്‍ഫയിലും കടലായിക്കുളത്തും ഇന്നസെന്റ്

ഉച്ചയ്ക്കു ശേഷം പെരുമ്പാവൂരില്‍ ഡോ. ബാബു പോളിന്റെ സംസ്‌കാര ചടങ്ങിലും പങ്കെടുത്തു

ഇന്നസെന്റിന് വിജയാശംസയുമായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന കെ എം നൂര്‍ദ്ദീന്‍


ഇത്ര ദിവസവും ഇന്നസെന്റിന്റെ പ്രചാരണ വാഹനം വരുന്നതും കാത്ത് പല കേന്ദ്രങ്ങളിലും ആളുകള്‍ കാത്തുനില്‍ക്കുകയായിരുന്നു. എന്നാല്‍ കയ്പമംഗലം കൂരിക്കുഴി കടപ്പുറത്തെ കമ്പനിക്കടവില്‍ നിന്ന് കടലില്‍പ്പോയ മത്സ്യത്തൊഴിലാളികള്‍ മീനും പിടിച്ച് ഇന്നലെ രാവിലെ തീരത്തെത്തുമ്പോള്‍ അവരെ കാത്തുനില്‍ക്കുകയായിരുന്നു ഇന്നസെന്റ്. നമ്മളെ എല്ലാവരേയും ആരോഗ്യത്തോടെ കാക്കുന്ന വിവിധതരം മത്സ്യങ്ങളെത്തിച്ചു തരുന്നതിലുപരി ഇക്കഴിഞ്ഞ പ്രളയകാലത്ത് ആയിരക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചവര്‍ കൂടിയാണ് ഈ കടലിന്റെ മക്കളെന്ന് ഇന്നസെന്റ് പറഞ്ഞു. കുറേ നേരം അവരുടെ വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും കേട്ടനേരം പോകനൊരുങ്ങുമ്പോള്‍ ഈ തീരത്തെ മുതിര്‍ന്ന മത്സ്യത്തൊഴിലാളിയായ സുമതിച്ചേട്ടന്‍ അദ്ദേഹത്തിന് ഒരു പങ്കായം സമ്മാനിക്കുകയും ചെയ്തു. കടല്‍ക്ഷോഭം നേരിടുന്ന എറിയാട് കടപ്പുറത്ത് കടല്‍ഭിത്തി കെട്ടുകയെന്നതാണ് ജയിച്ചു വന്നാലുള്ള ലക്ഷ്യങ്ങളിലൊന്നെന്നും ഇന്നസെന്റ് പറഞ്ഞു.

2005-ല്‍ അതിന്റെ തുടക്കം മുതല്‍ താന്‍ രക്ഷാധികാരിയായ ഇടമുട്ടത്തെ ആല്‍ഫാ പാലിയേറ്റീവ് കെയറിലേയ്ക്കായിരുന്നു പിന്നീട് ഇന്നസെന്റിന്റെ യാത്ര. കയ്പമംഗലം എംഎല്‍എ ഇ ടി ടൈസണ്‍ മാസ്റ്ററും മറ്റ് എല്‍ഡിഎഫ് നേതാക്കളും ഇന്നസെന്റിനോടൊപ്പമുണ്ടായിരുന്നു. ആല്‍ഫാ സ്ഥാപകനും വ്യവസായ പ്രമുഖനം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിലെ ആംആദ്മി സ്ഥാനാര്‍ത്ഥിയുമായിരുന്ന സുഹൃത്ത് കെ. എം. നൂര്‍ദീന്‍ ഇന്നസെന്റിനെ സ്വീകരിച്ചു. ആല്‍ഫയില്‍ കഴിയുന്ന രോഗികളുടെ ക്ഷേമമന്വേഷിച്ച ശേഷം നടന്ന യോഗത്തില്‍ ഇന്നസെന്റ് ജയിച്ചു വരേണ്ടത് ആല്‍ഫയുടെ ആവശ്യമാണെന്ന് നൂര്‍ദീന്‍ പറഞ്ഞു.

എംപി ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപ അനുവദിച്ച കയ്പമംഗലം കടലായിക്കുളത്തെ കുടിവെള്ളപദ്ധതിയുടെ നിര്‍മാണസ്ഥലം സന്ദര്‍ശിച്ച് അതിന്റെ നിര്‍മാണപുരോഗതിയും ഇന്നസെന്റ് വിലയിരുത്തി. അപ്രതീക്ഷിതമായെത്തിയ പദ്ധതിയുടെ അമരക്കാരനെക്കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടി. ഈ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിലൂടെ ഈ പ്രദേശത്തുകാരുടെ വലിയൊരാവശ്യമാണ് നിറവേറുന്നതെന്ന് പറയാന്‍ ഒരു രാഷ്ട്രീയവും തടസമില്ലെന്നാണ് നാട്ടുകാരുടെ ഏകകണ്ഠമായ അഭിപ്രായം.

ഉച്ചയ്ക്കുശേഷം പെരുമ്പാവൂരില്‍ ഡോ. ഡി. ബാബു പോളിന്റെ സംസ്‌കാരച്ചടങ്ങുകളിലും ഇന്നസെന്റ് പങ്കെടുത്തു. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ രോഗവിവരമറിഞ്ഞ് മുന്‍പരിചയമില്ലാതിരുന്നിട്ടും ഡോ. ഡി ബാബു പോള്‍ തന്നെ സന്ദര്‍ശിച്ചത് ഇന്നസെന്റ് ഓര്‍മിച്ചു. തന്നെ കാണാന്‍ വന്ന് രോഗത്തെപ്പറ്റി ഒന്നും ചോദിക്കാതെ തമാശകളും നല്ല കാര്യങ്ങളും മാത്രം പറഞ്ഞ് ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നാണ് അദ്ദേഹം പോയത്. എല്ലാ കാര്യങ്ങളിലും അഗാധമായ അറിവും അതിലുപരിയായി തെളിഞ്ഞ മനുഷ്യസ്നേഹവും നര്‍മബോധവുമുണ്ടായിരുന്ന ആളായിരുന്നു ബാബു പോളെന്ന് ഇന്നസെന്റ് അനുസ്മരിച്ചു.

ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമായി മൂന്നു തവണ വീതം നടത്തിയ പര്യടനങ്ങളിലൂടെ 1200 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തുറന്ന വാഹനത്തിലെ പൊതുപ്രചാരണം ശനിയാഴ്ച പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്നസെന്റ് ഇന്നലെ വീണ്ടും വിവിധ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്ന ഘട്ടത്തിലേയ്ക്ക നീങ്ങിയത്. വിഷുദിനമായ ഇന്നും മണ്ഡലത്തിലെ വിവിധ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനാണ് പരിപാടി. കേരളത്തില്‍ കാലക്രമേണ കൃഷി ഏറെ കുറഞ്ഞുപോയിട്ടുള്ളത് നല്ല കാര്യമെല്ലെന്നും കൃഷി വന്‍തോതില്‍ തിരിച്ചുപിടിയ്ക്കണമെന്നുള്ളതാണ് തന്റെ വിഷു ആശംസയെന്നും ഇന്നസെന്റ് പറഞ്ഞു. ഓണം പോലെത്തന്നെ വിഷുവും അടിസ്ഥാനപരമായി കാര്‍ഷികോത്സവമാണ്. പല കൃഷികളിലും കുറവുണ്ടായെങ്കിലും ചക്കയും മാങ്ങയും ഇപ്പോഴും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. രണ്ടിന്റേയും സീസണാണല്ലോ ഇത്. രണ്ടും നല്ലവണ്ണം പഴുത്ത് മധുരിക്കുന്ന സീസണ്‍. പര്യടനയാത്രയിലുടനീളം കൊന്നപ്പൂക്കള്‍ നല്‍കി സ്വീകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും എല്ലാവര്‍ക്കും സമ്പല്‍സമൃദ്ധമായ വിഷു ആശംസിക്കുന്നുവെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു. 

Advertisement
Advertisement