ബിജെപി വര്‍ഗ്ഗീയ വിഭജനം നടത്തി വോട്ട് നേടാന്‍ ശ്രമിക്കുന്നു ; പ്രധാനമന്ത്രി തന്നെ ചട്ടം ലംഘിക്കുന്ന സാഹചര്യം - കോടിയേരി

ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. പരസ്യമായി വര്‍ഗീയത പറഞ്ഞ് വോട്ട് തേടാനാണ് മോഡി അടക്കമുള്ള ബിജെപി നേതാക്കളുടെ ശ്രമം. ശബരിമല ഈ തെരഞ്ഞെടുപ്പില്‍ ഒരു വിഷയമല്ലെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കോടിയേരി.

കേരളത്തിലെ ജനവിധി എന്തായാലും അത് സുപ്രീം കോടതിയുടെ വിധിയെ സ്വാധീനിക്കാന്‍ പോകുന്നില്ല. ശബരിമല സംബന്ധിച്ച് 12 കൊല്ലം കേസ് നടന്നപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും എന്തുകൊണ്ട് നിലപാട് അറിയിച്ചില്ല. സുപ്രീം കോടതി എടുക്കുന്ന തീരുമാനമാണ് രാജ്യത്തിന്റെ നിയമമായി മാറാന്‍ പോകുന്നത്. ശബരിമലയെ തകര്‍ക്കാന്‍ കേരളത്തില്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും മുസ്ലിം ലീഗും ചേര്‍ന്ന് ശ്രമിക്കുന്ന എന്നായിരുന്നു കഴിഞ്ഞദിസം ബാംഗ്ലൂരില്‍ പ്രധാനമന്ത്രി പ്രസംഗിച്ചത്. കോടിയേരി പറഞ്ഞു.

ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്നുപോലും ബിജെപി പറഞ്ഞിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളതന്നെ പറഞ്ഞു ഇത് നിയമനിര്‍മാണം വഴി മാറ്റാന്‍ കഴിയില്ല എന്ന്. കേരളത്തില്‍ കലാപ നീക്കം പരാജയപ്പെട്ടതിന്റെ അസഹിഷ്ണുതയാണ് സംഘപരിവാറിന്. ബിജെപിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തയ്യാറല്ല എന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം. വയനാട്ടില്‍ മുസ്ലിം ലീഗ് ഉപയോഗിച്ചത് പാക്കിസ്ഥാന്‍ പതാകയല്ല എന്ന് അമിത് ഷായ്ക്ക് മറുപടി നല്‍കാന്‍ ഒരു കോണ്‍ഗ്രസ് നേതാവും തയ്യാറായിട്ടില്ല. അമിത്ഷാ പറഞ്ഞത് ബോധപൂര്‍വ്വമാണ്. പാക്കിസ്ഥാന്‍ പരാമര്‍ശം നടത്തി ന്യൂനപക്ഷത്തിനെതിരെയുള്ള വിരോധമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. മുസ്ലിം ലീഗിനോടുള്ള എതിര്‍പ്പ് മുസ്ലിം വിരോധമാക്കി മാറ്റാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനോ ലീഗിനോ ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്നും കോടിയേരി പറഞ്ഞു.

ഓരോ ദിവസവും ഓരോരുത്തരായി പാര്‍ട്ടി മാറുന്ന കോണ്‍ഗ്രസ് എങ്ങനെ രാജ്യത്തെ നയിക്കും. കേരളത്തില്‍ ബിജെപിയുടെ വോട്ട് ബിജെപിക്കുതന്നെ കിട്ടും എന്ന് ഉറപ്പ് പറയാന്‍ അമിത്ഷായ്ക്ക് കഴിയില്ല. തിരുവനന്തപുരത്ത് കോണ്‍ഗ്രസിനെ നിരീക്ഷിക്കാനായി നാനാ പടോളയെ ഇറക്കിയിട്ടുണ്ട്. പടോളയെ വിറ്റ് കാശാക്കുന്ന കോണ്‍ഗ്രസുകാരാണ് തിരുവനന്തപുരത്ത്. കോടിയേരി പറഞ്ഞു.Advertisement
Advertisement