ഇടതുപക്ഷം ജനങ്ങള്‍ക്ക് നല്‍കുന്നത് സുരക്ഷിതത്വത്തിന്റെ രാഷ്ട്രീയം - മധുപാല്‍

ഇടതുപക്ഷം ജനങ്ങള്‍ക്ക് നല്‍കുന്നത് സുരക്ഷിതത്വത്തിന്റെ രാഷ്ട്രീയമാണെന്ന് നടനും എഴുത്തുകാരനുമായ മധുപാല്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബാലുശേരിയില്‍ നടന്ന 'സാംസ്‌കാരിക കേരളം ഇടതുപക്ഷത്തോടൊപ്പം' കലയും, മൊഴിയും എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭയമില്ലാതെ നമുക്ക് എഴുതാനും ചിന്തിക്കാനും ഭക്ഷണം കഴിക്കാനുമാവണം. അതിനിന്നാവുന്നില്ല. സുരക്ഷാ ഭടന്മാര്‍ മരിച്ചിട്ടു പോലും അതെങ്ങനെ വോട്ടാക്കാം എന്നാണ് നോട്ടം. ജനാധിപത്യവേദികള്‍ ശക്തിപ്പെടണമെങ്കില്‍ ചോദ്യം ചോദിക്കാനുള്ള ശക്തി ഉണ്ടാവണം. ഇടതുപക്ഷ എംപിമാര്‍ കഴിഞ്ഞ കാലങ്ങളില്‍ നമുക്ക് കാണിച്ചുതന്നത് അതാണ്. ചോദ്യം ചോദിച്ചാലേ ദര്‍ശനത്തിന്റെ തോത് മാറുകയുള്ളു. ഇനിയുള്ള നാളുകള്‍ ഭയപ്പെടാതെ ചോദ്യം ചോദിക്കാനുള്ളതാവട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷനായി. ഡോ. കെ ശ്രീകുമാര്‍, വി ടി മുരളി, അനില്‍കുമാര്‍ തിരുവോത്ത്, വി കബീര്‍ എന്നിവര്‍ സംസാരിച്ചു. എ കെ അബ്ദുള്‍ ഹക്കിം സ്വാഗതവും പി കെ മുരളി നന്ദിയും പറഞ്ഞു.

Advertisement