മോഡി പറഞ്ഞത് പച്ചക്കള്ളം; ശബരിമലയില്‍ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ - മുഖ്യമന്ത്രി പിണറായി വിജയന്‍

അയ്യപ്പന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്സാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത് പച്ചകള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയുടെ പേരുംപറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. പ്രധാനമന്ത്രി പദത്തിന്റെ മാന്യത മോഡി കാക്കണം. കേരളത്തില്‍ വന്ന് തീര്‍ഥാടന കേന്ദ്രമെന്നും മറ്റ് പറയുകയും തൊട്ടടുത്ത് മംഗലാപുരത്ത് പോയി അയ്യപ്പന്റെ പേരില്‍ നുണപ്രചരിപ്പിക്കുന്നത് കേരളത്തെ അപമാനിക്കലാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രധാനമന്ത്രിക്കും ബാധകമാണെന്ന് ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇരവിപുരത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കേരളത്തില്‍ അറസ്റ്റ് ഉണ്ടാവും. മറ്റ് സംസ്ഥാനങ്ങളില്‍ മോഡിയുടെ അനുയായികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാലും നടപടിയുണ്ടാവില്ല. ബീഫിന്റെ പേരില്‍ കൊല നടത്തിയവരെ നിങ്ങള്‍ സംരക്ഷിച്ചു. എന്നാല്‍ കേരളത്തില്‍ അത് നടപ്പില്ല. നിയമവിരുദ്ധ പ്രവര്‍ത്തനം ആര് നടത്തിയാലും നടപടിയുണ്ടാവും. ശബരിയില്‍ കലാപമുണ്ടാക്കനല്ലെ സംഘ്പരിവാര്‍ ശ്രമിച്ചത്. ശബരിമലയില്‍ കാണിക്കയിടുന്നത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. വിശ്വാസികളെ അക്രമിക്കാന്‍ ക്രിമിനല്‍ പടയെ അയച്ചില്ലെ. ശബരിമല തിരുസന്നിധിയില്‍ കുഴപ്പമുണ്ടാക്കി ശബരിമലയെ കലാപഭൂമിയാക്കാനാണ് മോഡിയുടെ അനുയായികള്‍ ശ്രമിച്ചത്. പോലീസുകാരെ തേങ്ങ കൊണ്ട് എറിഞ്ഞില്ലെ. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു.

ശബരിമലയെ ഔന്ന്യത്തിലേക്ക് കൊണ്ടുപോവാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ കൂടുതല്‍ പറയുന്നില്ല. ശബരിമല വിധി നടപ്പിലാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരല്ലെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ മോഡിയുടെ ഉപദേശം ഞങ്ങള്‍ക്ക് വേണ്ട. കേരളത്തില്‍ വന്ന് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന മോഡിക്ക് ബിജെപയുടെ വോട്ട് സ്വന്തം സ്ഥാനാര്‍ഥിക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ടോ. പഴയ ചരിത്രത്തിലേക്ക് പോവുന്നില്ല. കഴിഞ്ഞ ദിവസം അമിത്ഷാ വിമര്‍ശിച്ച ലീഗുമായി സഖ്യമുണ്ടാക്കിയ കഥ കെ ജി മാരാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് ഉണ്ടാക്കിയത് അന്ന് സ്ഥാനാര്‍ഥിയായിരുന്ന ഒരു ഘടകകക്ഷി നേതാവ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. 
ആപത്തില്‍പ്പെടുന്ന കോണ്‍ഗ്രസിന് എല്ലാകാലത്തും ബിജെപി വോട്ട് മറിച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ചില സ്ഥാനാര്‍ഥികളുമായി വേറെ ചില കരാറാണ് ഒപ്പിട്ടിരിക്കുന്നത്. സന്നിഗ്ദ ഘട്ടത്തില്‍ സഭയില്‍ ഹാജരാവാതെ സഹായിക്കും. ഈ കരാര്‍ അനുസരിച്ചുള്ള കാര്യങ്ങളാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

കേരളത്തില്‍ മല്‍സരിക്കുന്ന ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയില്‍ പോവില്ല എന്ന പരസ്യം ചെയ്തിരിക്കയാണ്. കോണ്‍ഗ്രസിന്റെ ഗതികേട് എന്നല്ലാതെ എന്ത് പറയും.ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് 2004ല്‍ കേരളം കാണിച്ചുതന്നു. ഇടത്പക്ഷത്തിന് 20ല്‍ 18 സീറ്റ് നല്‍കി. ഇത്തവണ അതിലും കുടുതല്‍ സീറ്റ് ലഭിക്കും. ബിജെപിക്ക് പകരം അതേ നയങ്ങള്‍ തുടരുന്ന കോണ്‍ഗ്രസ് വന്നിട്ട് കാര്യമില്ല. മന്‍മോഹന്‍സിംഗ് മാറി നരേന്ദ്രമോഡി വന്നപ്പോള്‍ ഒരു മാറ്റവും ഉണ്ടായില്ല. ജനങ്ങളുടെ ദുരിതത്തിന് മാറ്റമുണ്ടായില്ല. ഇരുകൂട്ടരും നവഉദാരവല്‍ക്കരണ നയങ്ങള്‍തന്നെയാണ് നടപ്പിലാക്കിയത്. ഇതില്‍ മാറ്റം വരണമെങ്കില്‍ ബദല്‍ നയങ്ങളുടെ സര്‍ക്കാര്‍ വരണമെന്നും പിണറായി പറഞ്ഞു



Advertisement
Advertisement