കൊല്ലം കല്ലുവാതുക്കലില്‍ സുദര്‍ശനെ ഐഎന്‍ടിയുസിക്കാരന്‍ ചവിട്ടിക്കൊന്നു ; പ്രതി ബൈജു പിടിയില്‍

കല്ലുവാതുക്കലില്‍ ഗൃഹനാഥനെ ചവിട്ടിക്കൊന്ന സംഭവത്തില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകനായ പ്രതി പൊലീസ് പിടിയിലായി. കല്ലുവാതുക്കല്‍ സ്വദേശി ബൈജുവിനെയാണ് പാരിപ്പള്ളി പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ടാണ് കല്ലുവാതുക്കല്‍ ചന്തയില്‍ കല്ലുവാതുക്കല്‍ മേവനക്കോണം അനുഭവനില്‍ നന്ദു എന്ന സുദര്‍ശന (51)നെ ബൈജു മര്‍ദിച്ചവശനാക്കിയശേഷം ചവിട്ടിക്കൊന്നത്.

അടിയും ചവിട്ടുമേറ്റ് അവശനായി രക്തം ഛര്‍ദിച്ച് നിലത്തുവീണ സുദര്‍ശനനെ പരിസരവാസികളാണ് പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. കൊലപാതകത്തിനു ശേഷം പ്രതി ഒളിവില്‍ പോയിരുന്നു.തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സുദര്‍ശനന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ കല്ലുവാതുക്കലിലെ അനുഭവനില്‍ എത്തിച്ചു. വൈകിട്ട് സംസ്‌കരിച്ചു.

സുദര്‍ശനന്റെ വയറ്റില്‍ ചവിട്ടേറ്റതു മൂലമുണ്ടായ മുറിവാണ് മരണത്തിനു കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സുദര്‍ശനന്റെ മരണത്തോടെ ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. കല്ലുവാതുക്കല്‍ ജങ്ഷനു സമീപമുള്ള കൊച്ചുവീട്ടിലാണ് സുദര്‍ശനനും കുടുംബവും കഴിയുന്നത്. നന്ദിതയാണ് സുദര്‍ശനന്റെ ഭാര്യ. മക്കള്‍: അനൂപ്, അശ്വതി

Advertisement