ബിജെപിയുടെ വോട്ടുകകള്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പ് വരുത്താന്‍ മോദിക്ക് കഴിയുമോ? ബിജെപിയുടെ വോട്ട് കച്ചവടം ചൂണ്ടിക്കാട്ടി - മുഖ്യമന്ത്രി പിണറായി വിജയന്‍

ലോകസഭ തെരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളില്‍ ബിജെപിക്കുള്ള വോട്ട് സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് കിട്ടുമെന്ന് ഉറപ്പ് വരുത്താന്‍ പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് കഴിയുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. മോദി കഴിഞ്ഞദിവസം കോഴിക്കോട് വന്ന കുറെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിച്ചിരുന്നു. പലവിധ കരാറുകളാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. നേരത്തെ പരസ്യമായിട്ടായിരുന്നു. ബിജെപി നേതാവായിരുന്ന കെ ജി മാരാര്‍ തന്നെ കോലീബി സഖ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. അന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ് ആ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി. ഇപ്പോള്‍ രഹസ്യമായി മതി എന്നാണ് തീരുമാനം. ബുദ്ധമുട്ട് വന്നാല്‍ സഹായിക്കാമെന്നാണ് ചിലരുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണ. മാവേലിക്കര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കൊട്ടാരക്കര മണ്ഡലത്തിലെ ഓടനവട്ടത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

'ഈ സ്ഥാനാര്‍ഥി ബിജെപിയില്‍ പോകില്ലെന്ന്' കേരളത്തില്‍ മല്‍സരിക്കുന്ന ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിവേണ്ടി പരസ്യം നല്‍കിയിരിക്കയാണ്. ഈ ഗതികേടിലാണ് കോണ്‍ഗ്രസ്. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ഒട്ടേറെ പേര്‍ ബിജെപിയില്‍ പോകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് ജയിച്ചാല്‍ ബിജെപിയോടൊപ്പം പോകില്ലെന്ന് പറയാനാവില്ല. നമ്മുടെ വോട്ട് പാഴാവാന്‍ പാടില്ല. ഒരു കോണ്‍ഗ്രസുകാരനെ പറ്റിയും ഉറപ്പ് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇന്നത്തെ ബിജെപി നേതൃനിരയില്‍ ഉള്ളവരെല്ലാം കോണ്‍ഗ്രസുകാരാണ്. കുപ്പായം മാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോവുന്നത്. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പിസിസി പ്രസിഡണ്ടുമാരായിരുന്നവരാണ് ബിജെപിയില്‍ പോയിരിക്കുന്നത്.

മതനിരപേക്ഷതക്ക് വേണ്ടി ഉറച്ച നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. വര്‍ഗ്ഗീയതയോട് വിട്ട്വീഴ്ചയില്ലാത്ത നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് എതിരായി വിശാലമായ സഖ്യം ഉണ്ടാക്കാന്‍ കഴിയാതിരുന്നത് കോണ്‍ഗ്രസ് നിലപാട് മൂലമാണ്. യുപിയില്‍ എസ്പി ബിഎസ്പി സഖ്യം കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച രണ്ട് സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്ന് പറഞ്ഞു. അത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കോണ്‍ഗ്രസ് നിലപാട് ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റ് കൂടുതല്‍ ലഭിക്കാന്‍ സഹായകമാവുന്നതാണ്. ദല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ സഖ്യമാവാമെന്ന് ആംആദ്മി പാര്‍ടി പറഞ്ഞു. ദല്‍ഹിയില്‍ അവരാണ് ശക്തിയുള്ള പാര്‍ടി. ദല്‍ഹിയില്‍ ആവാം മറ്റിടങ്ങളില്‍ പറ്റില്ല എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ബീഹാറിലെ വിപുലമായ സഖ്യത്തെ അട്ടിമറിച്ചത് കോണ്‍ഗ്രസ് നിലപാടാണ്. അതുപോലെ രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന് മല്‍സരിക്കുന്നത് ബിജെപിയെ നേരിടാനാണോ. ബിജെപിക്ക് സ്ഥാനാര്‍ഥിപോലും ഇല്ലാത്തിടത്താണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസിന്റെ നിലപാടിലെ പാളിച്ചയാണ് ഇതെല്ലാം.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ പുറത്താക്കി അതേ നയങ്ങള്‍ നടപ്പിലാക്കുന്ന മറ്റൊരു സര്‍ക്കാരിനെ അവരോധിച്ചിട്ട് കാര്യമില്ല. കേരളത്തിലെ പോലെ നവഉദാരവല്‍ക്കരണ നയങ്ങള്‍ അംഗീകരിക്കാതെ ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാരാണ് അധികാരത്തില്‍ വരേണ്ടത്. നയങ്ങള്‍ മാറാതെ ജനങ്ങളുടെ ദുരിതം മാറില്ല. മന്‍മോഹന്‍സിംഗ് മാറി നരേന്ദ്രമോദി വന്നിട്ടും ജനങ്ങളുടെ ദുരിതത്തിന് മാറ്റമുണ്ടായില്ല. ഒരേ നയങ്ങളാണ് ഇരുകൂട്ടരും നടപ്പിലാക്കുന്നത്. ജനങ്ങളുടെ കെടുതികള്‍ മാറണമെങ്കില്‍ നയങ്ങള്‍ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Advertisement
Advertisement