എറണാകുളത്തെ അമ്മമാരും അമ്മൂമ്മമാരും സ്‌നേഹാനുഗ്രഹങ്ങളുമായി രാജീവിനൊപ്പം

വാഴക്കുല നല്‍കാന്‍ കാത്തിരുന്നു ; കാ മൂക്കാത്തതു കൊണ്ട് വെട്ടിയില്ല ; ജയിച്ച് വരുമ്പോള്‍ വാഴപ്പഴവുമായി സ്വീകരിക്കുമെന്ന് കുഞ്ഞമ്മ, ഓശാന ഞായറാഴ്ച്ചയുടെ തലേന്നായ കൊഴുക്കട്ട ശനിയാഴ്ച ഉണ്ടാക്കിയ കൊഴുക്കട്ടയുമായി അന്നമ്മ : എറണാകുളത്തെ അമ്മമാരും അമ്മൂമ്മമാരും രാജീവിനെ നെഞ്ചേറ്റി 

ഓശാന ഞായര്‍ തലേന്ന് കൊഴുക്കട്ടകളുണ്ടാക്കിയെത്തിയ എഴുപത്തഞ്ചുകാരി അന്നമ്മ, മൂക്കാത്ത വാഴക്കായ്ക്ക് പകരം ജയിച്ചുവന്നാല്‍ പഴം സമ്മാനിക്കുമെന്ന് പറഞ്ഞ് എണ്‍പതുകാരി കുഞ്ഞമ്മ, ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍നിന്ന് പ്രചാരണത്തിനെത്തിയ രണ്ട് മലയാളി യുവാക്കള്‍, ചുവന്ന കൊടിയുമായി എത്തിയ പഞ്ചാബ് സ്വദേശി രാജേന്ദര്‍ സിങ്- മൂന്നാംഘട്ട മണ്ഡല പര്യടനത്തിന്റെ അവസാനദിനമായ ശനിയാഴ്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിനെ സ്വന്തം വീട്ടിലെ ഒരാളെയെന്ന പോലെയാണ് എറണാകുളം മണ്ഡലം ഹൃദയത്തിലേറ്റിയത്.


വാത്തുരുത്തി കോളനിയില്‍ കേരളത്തില്‍ വോട്ടുള്ള അതിഥി സംസ്ഥാനക്കാരും നാട്ടുകാരും പരിചമുട്ടിന്റെ അകമ്പടിയോടെ രാജീവിനെ സ്വീകരിച്ചു. ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി വിപിനും തിരുവല്ല സ്വദേശി ഫിനിയും പുലര്‍ച്ചെ കൊച്ചിയില്‍ വിമാനമിറങ്ങി തേവരയിലെ സ്വീകരണ കേന്ദ്രത്തിലെത്തി ഒപ്പംകൂടി. രാജീവിന്റെ ഫെയ്‌സ് ബുക്ക് സുഹൃത്തക്കളാണിവര്‍. ഇരുവരെയും രാജീവിന് പരിചയപ്പെടുത്തിയത് വിദ്യാര്‍ഥി പ്രക്ഷോഭകാലത്ത് രാജീവിനെ അറസ്റ്റ് ചെയ്ത മുന്‍ എസ്പി മാര്‍ട്ടിന്‍ കെ മാത്യുവായിരുന്നു. കോണ്‍ഗ്രസ്- ബിജെപി സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനാധിപത്യത്തിലെ ഏറ്റവും വലിയ സമരം തെരഞ്ഞെടുപ്പാണെന്നും ആ സമരത്തില്‍ നിങ്ങളെന്നെ തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റില്‍ എന്റെ ശബ്ദമുണ്ടാകുമെന്നും ഷിപ് യാര്‍ഡ് തൊഴിലാളികളുടെ സ്വീകരണമേറ്റുവാങ്ങി രാജീവ് പറഞ്ഞു. കേന്ദ്രസര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി സമരം ചെയ്യുന്ന കൊച്ചിന്‍ ഷിപ് യാര്‍ഡിലെ തൊഴിലാളികള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് രാജീവിന്റെ വാക്കുകളെ സ്വീകരിച്ചത്. വിദ്യാര്‍ഥി കാലഘട്ടത്തിന് ശേഷം കൊച്ചിന്‍ ഷിപ് യാര്‍ഡ് തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച കാര്യവും രാജീവ് സൂചിപ്പിച്ചു.

കടവന്ത്ര കോളനിയില്‍ രാജീവിനെ സ്വീകരിക്കാനെത്തിയ എണ്‍പതുകാരി വാര്യത്തറ കുഞ്ഞമ്മ കൈയില്‍ കരുതിയ മുരിങ്ങക്കാ നല്‍കിയശേഷം ചേര്‍ത്തുപിടിച്ച് കാതില്‍ അടക്കം പറഞ്ഞു-വാഴക്കുല നല്‍കാനാണ് ഇരുന്നത്. കാ മൂക്കാത്തതുകൊണ്ടാ മുറിക്കാത്തത്. ജയിച്ചുവരുമ്പോള്‍ വാഴപ്പഴം തരാം. മറുപടി പ്രസംഗത്തില്‍ ഇക്കാര്യം രാജീവ് എടുത്തുപറഞ്ഞു. ഓശാന ഞായറിന്റെ തലേന്നായ ശനിയാഴ്ച മാട്ടമ്മല്‍ ജങ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ 75 വയസ്സുകാരിയായ അന്നമ്മച്ചി കുട്ട നിറയെ കൊഴുക്കട്ടയാണ് രാജീവിന് നല്‍കിയത്. കുരുത്തോലകൊണ്ടുള്ള ബൊക്കെയും മട്ടുമ്മലില്‍ രാജീവിന് ലഭിച്ചു.കോന്തുരുത്ത് തെക്കില്‍ അമ്പത് കിലോ അരിയും ഇരുപത്തിയഞ്ച് കിലോ ചെറുപയറും നല്‍കിയാണ് തങ്ങളുടെ പ്രിയ സ്ഥാനാര്‍ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ആലപ്പുഴ റെയില്‍വേ ഗേറ്റിന് സമീപം രാജീവിനെ സ്വീകരിക്കാന്‍ വട്ടം മുടി, കരിങ്കാളി, തെയ്യം, മയിലാട്ടം എന്നിവയുടെ അകമ്പടിയുണ്ടായിരുന്നു. കണ്ണാര്‍ക്കാട്ട് പറമ്പിലെ സ്വീകരണകേന്ദ്രത്തില്‍ വിനോദ് എന്‍ ജെ രാജീവിന് താന്‍ വരച്ച ഛായാചിത്രം സമ്മാനിച്ചു. ഉച്ചയ്ക്കുള്ള ഇടവേളയില്‍ രാജേന്ദ്ര മൈതാനിയില്‍ ആരംഭിച്ച ജൈവജീവിതം വിഷുച്ചന്തയും രാജീവ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം പര്യടനം ഗാന്ധിനഗറില്‍ പുനരാരംഭിച്ചപ്പോള്‍ സിപിഐ എം നേതാവ് എം എം ലോറന്‍സ് പങ്കെടുത്തു. പര്യടനത്തിനിടയില്‍ ഉദയഭവന്‍ എസ് ഡി കോണ്‍വെന്റിലെ അന്തേവാസികളെയും പി രാജീവ് സന്ദര്‍ശിച്ചു. മൂന്ന് റൗണ്ട് പൊതുപര്യടനം പൂര്‍ത്തിയാക്കിയ പി രാജീവ്, പര്യടനത്തിനിടയില്‍ എത്താന്‍ കഴിയാതിരുന്ന കേന്ദ്രങ്ങളിലാകും വരും ദിവസങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുക. ഞായറാഴ്ച മട്ടാഞ്ചേരിയിലെ ഏതാനും കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.


# ചിലര്‍ക്ക് കനിവ് പദ്ധതിയാണ്. ചിലര്‍ക്ക് ജൈവജീവിതം പദ്ധതി. മറ്റ് ചിലര്‍ക്ക് കനിവ് ആക്ഷന്‍ ഫോഴ്‌സ് ; പലര്‍ക്കും പലതാണ് രാജീവ്പി രാജീവിന്റെ സ്ഥാനാര്‍ഥിത്വത്തെ രാഷ്ട്രീയാതിര്‍ത്തി ഭേദിച്ച് പിന്തുണച്ച ആദ്യ പ്രമുഖന്‍ വീക്ഷണം പത്രത്തിന്റെ മുന്‍ പത്രാധിപരും എഴുത്തുകാരനുമായ കെ എല്‍ മോഹനവര്‍മയാണ്. സിനിമാ സംവിധായകന്‍ മേജര്‍ രവി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലെത്തി പിന്തുണ അറിയിച്ചു.


എം ലീലാവതി ടീച്ചര്‍ അനുഗ്രഹിക്കുക മാത്രമല്ല വിജയവും ഉറപ്പുനല്‍കി. മുന്‍ ആസൂത്രണ കമീഷന്‍ അംഗം ജി വിജയരാഘവന്‍ രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ആപ് ഉദ്ഘാടനം ചെയ്തു. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍, നടന്മാരായ മണികണ്ഠന്‍, കലാഭവന്‍ ഷൈജു, ഗിന്നസ് പക്രു, നടിമാരായ മോളി കണ്ണമാലി, കൊളപ്പള്ളി ലീല, ഗായത്രി, പിന്നണി ഗായകനായ അനൂപ് ചന്ദ്രന്‍, ഒ യു ബഷീര്‍, ജഡ്ജി കെ കെ ഉത്തരന്‍ തുടങ്ങി ഒട്ടേറെ പേര്‍ സ്വീകരണകേന്ദ്രങ്ങളിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അല്ലാതെയും ആശംസകള്‍ നല്‍കിയ പ്രമുഖര്‍ ഏറെ. 


രാഷ്ട്രീയ നിലപാടല്ല; മറിച്ച് രാജീവിന്റെ പ്രവര്‍ത്തനങ്ങളോടും ഇടപെടലുകളോടുമുള്ള ഇഷ്ടമാണ് തന്നെ ഇടതുമുന്നണിയുടെ വേദയിലെത്തിച്ചതെന്നാണ് മേജര്‍ രവി പറഞ്ഞത്. രാജ്യസഭയിലെ ഇടപെടലുകളാണ് മേജര്‍ രവിക്ക് ഇഷ്ടമായതെങ്കില്‍ ഹരീഷ് വാസുദേവന് ഭക്ഷ്യ ആരോഗ്യ സുരക്ഷയിലും ജൈവജീവിതത്തിലും പരിസ്ഥിതി സംരക്ഷണത്തിലും രാജീവ് നടത്തിയ ഇടപെടലുകളാണ് താല്‍പ്പര്യം ഉണര്‍ത്തിയത്. ഒരു രാഷ്ട്രീയ പാര്‍ടി ആദ്യമായി ഭക്ഷ്യ ആരോഗ്യസുരക്ഷ ഒരു പരിപാടിയായി ഏറ്റെടുത്തത് എറണാകുളത്ത് രാജീവ് സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെയാണെന്ന് ഹരീഷ് പറഞ്ഞു.


പലര്‍ക്കും പലതാണ് രാജീവ്. ചിലര്‍ക്ക് കനിവ് പദ്ധതിയാണ്. ചിലര്‍ക്ക് ജൈവജീവിതം പദ്ധതി. മറ്റ് ചിലര്‍ക്ക് കനിവ് ആക്ഷന്‍ ഫോഴ്‌സ്. വേറെ ചിലര്‍ക്ക് സൗജന്യ ഡയാലിസിസ് സെന്ററും ലീനിയര്‍ ആക്‌സിലേറ്ററും. ചിലര്‍ക്ക് ജനറല്‍ ആശുപത്രിയുടെ സൗജന്യ ഭക്ഷണപരിപാടിയുടെ വഴികാട്ടിയാണെങ്കില്‍ മറ്റ് ചിലര്‍ക്ക് 'മനുഷ്യ മെട്രോ'യുടെ സംഘാടകനുമാണ്. പല ഉറവകളിലൂടെ എത്തുന്ന ഈ സ്വീകാര്യത മണ്ഡലമാകെ നിറയുകയാണ്... രാഷ്ട്രീയ, ജാതിമത അതിര്‍ത്തികള്‍ ഭേദിച്ച്... ഇന്നലെകളില്‍ തങ്ങളുടെ നിത്യജീവിതവുമായി നേരിട്ട് ഇടപെട്ടയാളാണ് അംഗീകാരത്തിനായി എത്തുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. ഇതുതന്നെയാണ് ഇടതുമുന്നണിയുടെ കരുത്ത്.


എല്‍എല്‍എ എന്ന നിലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ ഒന്നും ചെയ്തില്ലെന്ന പരാതി വ്യാപകമാണ്. മത്സ്യത്തൊഴിലാളികളുടെയും വ്യവസായത്തൊഴിലാളികളുടെയും മണ്ഡലമെന്ന നിലയില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമസഭാ സമിതികളില്‍ കിട്ടിയ അവസരംപോലും വിനിയോഗിക്കാതിരുന്നത് സജീവ ചര്‍ച്ച. ഓഖി പുനരധിവാസമടക്കം ചര്‍ച്ച ചെയ്യാന്‍ 63 തവണ സമിതി യോഗം ചേര്‍ന്നപ്പോള്‍ ഹൈബി ആറ് യോഗങ്ങളില്‍ മാത്രമാണ് പങ്കെടുത്തത്.


വ്യവസായ സബ്ജക്ട് കമ്മിറ്റിയുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. 28 യോഗത്തില്‍ ഹാജര്‍ മൂന്നുമാത്രം. കേന്ദ്രമന്ത്രികൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
Advertisement
Advertisement