ബോണ്ട് - പലിശ തര്‍ക്കം : ഉത്തരം മുട്ടിയപ്പോള്‍ മുട്ടാപ്പോക്കുമായി ചെന്നിത്തല ;കൊച്ചി മെട്രോയ്ക്കായി കാനറ ബാങ്കില്‍ നിന്ന് ഉയര്‍ന്ന പലിശയില്‍ വായ്പ: കെ എം മാണിയോട് ചോദിക്കണമെന്ന്

ബോണ്ട് - പലിശ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വസ്തുതകള്‍ നിരത്തി ധനമന്ത്രി ഐസക് മറുപടി പറഞ്ഞതോടെ ഉത്തരം മുട്ടിയ ചെന്നിത്തല മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് തടിതപ്പി.മാണിയുടെ കുഴിമാടത്തിലെ മണ്ണിന്റെ നനവ് ഉണങ്ങുന്നതിന് മുന്നേയാണ് പരോക്ഷമായി മണിയെ അപഹസിച്ച് ചെന്നിത്തല സ്വയം സൃഷ്ടിച്ച
മണ്ടത്തരം മറികടക്കാന്‍ ശ്രമിച്ചത്.

കൊച്ചി മെട്രോയ്ക്ക് വേണ്ടി കാനറാ ബാങ്കില്‍ നിന്ന് വായ്പ എടുത്തതിന്റെ വിശദാംശങ്ങള്‍ അന്നത്തെ ധനകാര്യമന്ത്രിയോട് ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 10. 8 ശതമാനം പലിശ നിരക്കില്‍ യുഡിഎഫ് ഭരണകാലത്ത് 1300 കോടി വായ്പ വാങ്ങിയതിനെപ്പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കവെയാണ് കഴിഞ്ഞ ദിവസം നിര്യാതനായ കെ എം മാണിയോട് കണക്ക് ചോദിക്കാന്‍ ചെന്നിത്തല പറഞ്ഞത്.

കാനറാ ബാങ്കിന്റെ അടിസ്ഥാന വായ്പാ നിരക്കിനേക്കാള്‍ 0.6 ശതമാനം അധികപലിശക്കാണ് യുഡിഎഫ് സര്‍ക്കാര്‍ വായ്പയെടുത്തതെന്നും ഇതെന്തുകൊണ്ടാണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറാകണമെന്നും മന്ത്രി ഡോ. ടി എം തോമസ് ഐസക് കഴിഞ്ഞ ആവശ്യപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ചെന്നിത്തലയുടെ ഉരുണ്ടുകളി. കനറാ ബാങ്കില്‍ നിന്നുള്ള വായ്പയ്ക്ക് ഏഴു വര്‍ഷത്തെ മൊറട്ടോറിയം ഉണ്ടെന്നും ഫ്‌ളാറ്റ് നിരക്കിലുള്ള പലിശയാണെന്നും പറഞ്ഞ ചെന്നിത്തല സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കില്‍ നിലവിലുള്ളതിനേക്കാള്‍ കൂടിയ പലിശ നിരക്കില്‍ വായ്പ വാങ്ങിയത് എന്തിനെന്ന ചോദ്യത്തോട് മൗനം പാലിച്ചു.

എറണാകുളം ജില്ലാ ബാങ്കില്‍ നിന്ന് എസ്ബിഐയുടെ അടിസ്ഥാന വായ്പാ നിരക്കിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് മെട്രോയ്ക്ക് വായ്പ ലഭ്യമായത് വിശദീകരിച്ചപ്പോഴും മൗനമായിരുന്നു ഉത്തരം. കിഫ്ബിയുടെ മസാല ബോണ്ടിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ബോണ്ടിനെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് യുഡിഎഫ് എം കെ മുനീര്‍, വി ഡി സതീശന്‍, റോഷി അഗസ്റ്റിന്‍, അനൂപ് ജേക്കബ് എന്നീ എംഎല്‍എമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധനതത്വശാസ്ത്രത്തില്‍ ബിരുദമുള്ള തന്നെ പിഎച്ച്ഡിയുള്ള ഡോ. ടി എം തോമസ് ഐസക് പഠിപ്പിക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപി ശബരിമലയെ രാഷ്ട്രീയവല്‍ക്കരിച്ച് നേട്ടമുണ്ടാക്കുകയാണ്. ഇതിനെയാണ് യുഡിഎഫ് എതിര്‍ക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

Advertisement
Advertisement