'പുല്‍വാമയില്‍ സൈനികര്‍ മരിച്ചു വീണപ്പോള്‍ മോദി മുഖത്ത് ചായം പൂശി ക്യാമറയ്ക്ക് മുമ്പിലായിരുന്നു ' കോഴിക്കോട് ജന മഹാറാലിയില്‍ രാഹുല്‍ ഗാന്ധി

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ രാജ്യം ദുഃഖിച്ചപ്പോള്‍ മോദി ക്യാമറയ്ക്ക് മുമ്പിലായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യമെങ്ങും ദുഃഖം അലയടിച്ചപ്പോള്‍ മോദി മുഖത്ത് ചായം തേച്ച് നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ പരസ്യത്തില്‍ അഭിനയിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഭീകരാക്രമണ വാര്‍ത്ത പുറത്തുവന്നിട്ടും ചിത്രീകരണം നിര്‍ത്തിവയ്ക്കാനുള്ള ഔചിത്യം പ്രധാനമന്ത്രി കാട്ടിയില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തേയും വിമര്‍ശിച്ചിരുന്നു.

സൈനികര്‍ മരിച്ചുകിടക്കുമ്പോഴുള്ള മോദിയുടെഅഭിനയം പൂര്‍ത്തിയാക്കിയപ്പോള്‍ ആറ് വിമാനത്താവളങ്ങള്‍ മോദി അദാനിക്ക് സൗജന്യമായി കൊടുത്തു. മോദി ഭരണത്തിനിടെ കഴിഞ്ഞ 45 കൊല്ലക്കാലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള രാജ്യമായി ഇന്ത്യ മാറി. രാജ്യത്തെ കര്‍ഷകര്‍ തുടര്‍ച്ചയായി ആത്മഹത്യ ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ കര്‍ഷകര്‍ നരകിക്കുമ്പോള്‍ നരേന്ദ്രമോദിയും അരുണ്‍ ജെയ്റ്റ്‌ലിയും അവരെ പരിഹസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ശതകോടീശ്വരന്‍മാരായ പത്തോ പതിനഞ്ചോ പണക്കാരുടേയും ജീവിതം വഴിമുട്ടിയ ദരിദ്രരുടേയും രണ്ട് ഇന്ത്യകള്‍ ഉണ്ടാക്കുക എന്നതാണ് നരേന്ദ്രമോദിയുടെ നവഭാരത ദര്‍ശനമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Advertisement
Advertisement