അയ്യപ്പന്റെ ചിത്രം ഉള്‍പ്പെടുത്തി ലഘുലേഖയുമായി തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം; മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് പരാതി നല്‍കി എല്‍ഡിഎഫ്

തെരഞ്ഞെടുപ്പു മാതൃകാ പെരുമാറ്റ ചട്ടം തുടക്കത്തില്‍ തന്നെ ലംഘിച്ച് ബിജെപിയും സംഘപരിവാര്‍ സംഘടനകളും. മതവികാരവും സ്പര്‍ധയും വളര്‍ത്തും വിധമുള്ള ലഘുലേഖകള്‍ വ്യാപകമായി ഈ സംഘടനകള്‍ വിതരണം ചെയ്യുകയാണ്. തിരുവനന്തപുരത്ത് ശബരിമല അയ്യപ്പന്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള ലഘുലേഖയാണ് ബിജെപി പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത്.

മതസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ജാതി, മതം ഇവയുടെ വിശ്വാസങ്ങള്‍ തുടങ്ങിയവ ഉപയേഗപ്പെടുത്തി പ്രചാരണം നടത്തരുതെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശവും ചട്ടങ്ങളും ലംഘിച്ചാണിത്. ശബരിമല കര്‍മസമിതിയുടെ പേരിലാണ് ലഘുലേഖ. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് തിരുവനന്തപുരം ലോകസഭാമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി തെരഞ്ഞെടുപ്പു കമീഷനും മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.

മതചിഹ്നങ്ങളോ ദൈവത്തിന്റെ ചിത്രങ്ങളോ ഉപയോഗിച്ച് പ്രചാരണം നടത്തരുതെനടടനനൊണ് തെരഞ്ഞെടുപ്പു കമീഷന്റെ ചട്ടം. അയ്യപ്പന്റെ ചിത്രത്തോടെ കൂടിയുള്ള ലഘുലേഖക്കൊപ്പം നരേന്ദ്രമോദിയുടെ ചിത്രങ്ങളോടുകൂടിയ ലഘുലേഖയും വിതരണം ചെയ്യുന്നുണ്ട്. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി വക്രീകരിച്ചാണ് ലഘുലേഖയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതും ചട്ടലംഘനമാണെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ എം വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജനറല്‍ സെക്രട്ടറി അഡ്വ ജി ആര്‍ അനില്‍, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement
Advertisement