കിഫ്ബിയെ കുറിച്ച് സംശയമുള്ളവര്‍ തീരദേശ ഹൈവേകളുടെ നിര്‍മാണ പുരോഗതി കണ്ട് വിലയിരുത്തൂ- തോമസ് ഐസക്

രണ്ടര പതിറ്റാണ്ടുകളായി ശീതനിദ്രയിലായിരുന്ന തീരദേശ ഹൈവേയ്ക്ക് കിഫ്ബി വഴി ശാപമോക്ഷം ലഭിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ മുതല്‍ കാസര്‍കോടു ജില്ലയിലെ കുഞ്ചത്തൂര്‍ വരെ 14 മീറ്റര്‍ വീതിയില്‍ (RoW - Right of Way) ഒരു തീരദേശ ഹൈവേ. 1993 ലാണ് നാറ്റ്പാക് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്. 655.6 കിലോമീറ്റര്‍ നീളം. 6500 കോടിയാണ് ഇപ്പോഴത്തെ മതിപ്പു ചെലവ്. ഈ പണമെവിടുന്നാണ്? ജനസാന്ദ്രത കൂടിയ തീരപ്രദേശത്ത് ഈ റോഡ് എങ്ങനെ സാധ്യമാകും? ഈ തടസങ്ങളില്‍ കുടുങ്ങി അസാധ്യമെന്നു കരുതിയ ഒരു പദ്ധതിയ്ക്കാണ് കിഫ്ബിയിലൂടെ പുതുജീവന്‍ ലഭിച്ചത്. തീരദേശ മണ്ഡലങ്ങളിലെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ടവരുടെയും യോഗം ചേര്‍ന്നാണ് തീരദേശ ഹൈവേയുടെ ഓരോ സ്‌ട്രെച്ചും സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 

തടസങ്ങളില്‍ തടഞ്ഞ് നീട്ടിക്കൊണ്ടുപോകാനല്ല, തടസങ്ങള്‍ നീക്കി യാഥാര്‍ത്ഥ്യമാക്കാനാണ് തീരുമാനം. ഈ ഉറച്ച നിശ്ചയം ഫലം കണ്ടിരിക്കുന്നു. തീരദേശ ഹൈവേയുടെ ഒന്നാം സ്‌ട്രെച്ചിന്റെ നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞ പത്താം തീയതി പൊതുമരാമത്തു വകുപ്പുമന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. മലപ്പുറം ജില്ലയിലെ നിര്‍ദ്ദിഷ്ട പടിഞ്ഞാറേക്കര പാലം മുതല്‍ ഉണ്ണ്യാല്‍ ജംഗ്ഷന്‍ വരെയുള്ള 15 കിലോമീറ്റര്‍ തീരദേശ ഹൈവേയുടെ നിര്‍മ്മാണമാണ് ആരംഭിച്ചത്. 52.78 കോടി രൂപ ചെലവ്. ഇത് കേവലം ഒരു റോഡല്ല. ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ ഹൈവേ ആന്‍ഡ് സൈക്കിള്‍ ട്രാക്ക് എന്ന സമഗ്ര പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. മലപ്പുറത്തിന്റെ തീരപ്രദേശത്തുകൂടി കടന്നുപോകുന്ന ചരിത്രപ്രാധാന്യമുള്ള ടിപ്പു സുല്‍ത്താന്‍ റോഡുമായി ബന്ധപ്പെട്ടാണ് തീരദേശ ഹൈവേയുടെ ആദ്യസ്‌ട്രെച്ച് എന്നതും ശ്രദ്ധേയമാണ്. 

2018 ഒക്ടോബര്‍ 24നാണ് കിഫ്ബി ഗവേണിംഗ് ബോഡി ഇത്തരത്തില്‍ സൈക്കിള്‍ ട്രാക്കോടു കൂടിയ തീരദേശ ഹൈവേ എന്ന ആശയം ഉള്‍ച്ചേര്‍ത്ത് ആദ്യ സ്‌ട്രെച്ചിന് ഭരണാനുമതി നല്‍കിയത്. ഇത്ര നവീനമായ ഒരു പദ്ധതി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു എന്നതില്‍ നിന്ന് തിരിച്ചറിയാം, പദ്ധതി നടത്തിപ്പിന്റെ കാര്യക്ഷമതയും വേഗതയും. 

നാലു വിഭാഗങ്ങളില്‍പ്പെടുത്തിയാണ് തീരദേശ ഹൈവേയുടെ നിര്‍മ്മാണം. 14 മീറ്റര്‍ വീതി ലഭ്യമായ സ്ഥലങ്ങളില്‍ വിശദമായ പദ്ധതിരേഖ തയ്യാറാക്കി നിര്‍മ്മാണത്തിലേയ്ക്കു നീങ്ങും. 8 മുതല്‍ 12 മീറ്റര്‍ വീതി ഇപ്പോള്‍ ലഭ്യമായ സ്ഥലത്ത് പ്രയാസരഹിതമായി ഭൂമി ഏറ്റെടുത്തു നിര്‍മ്മാണത്തിലേയ്ക്കു നീങ്ങാവുന്നതാണ് രണ്ടാമത്തെ വിഭാഗം. ഭൂമി ഏറ്റെടുക്കല്‍ കുറച്ചുകൂടി പ്രയാസമേറിയ പ്രദേശങ്ങളുണ്ട്. അത് മൂന്നാം വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ തീരെ അസാധ്യമായ സ്ഥലങ്ങളില്‍ എലവേറ്റഡ് പാതകളും പരിഗണിക്കും. നിലവിലുള്ള ദേശീയപാതകളും സംസ്ഥാനപാതകളും തീരദേശ ഹൈവേയുടെ ഭാഗമായി മാറും. അതാണ് മറ്റൊരുവിഭാഗം. 

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അന്തര്‍ദേശീയ നിലവാരത്തിലുള്ള സൈക്കിള്‍ ട്രാക്കോടു കൂടിയാവും തീരദേശ ഹൈവേ പൂര്‍ത്തിയാകുന്നത്. ഇത് ഒരു സങ്കല്‍പമോ സ്വപ്നമോ അല്ല. പൊന്നാനിയിലെ തിരൂരില്‍ പണി ആരംഭിച്ച ഒരു പദ്ധതിയുടെ ചിത്രമാണ്. 

ഇതിനോടകം തീരദേശഹൈവേയുടെ മറ്റു 11 റീച്ചുകളുടെകൂടി പദ്ധതിരേഖ കിഫ്ബിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. 196.88 കിലോമീറ്റര്‍ നീളം വരുന്നതാണ് ഈ 11 റീച്ചുകള്‍. 433.01 രൂപ അടങ്കലും. ഇവ തീരദേശഹൈവേയ്ക്കായി കിഫ്ബി രൂപീകരിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ക്രമപ്പെടുത്തി അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ മുന്നേറുകയാണ്. ഈ റീച്ചുകള്‍ ഇവയാണ്.

• പൂവാര്‍ - കോവളം (21.55 കി.മീ) 78 കോടി
• കാപ്പില്‍ പാലം കൊല്ലം (14.3 കി.മീ) 42.21 കോടി
• വലിയഴീക്കല്‍ - ഇ.എസ്.ഐ ജംഗ്ഷന്‍, ആലപ്പുഴ (44.4 കി.മീ) 33.1 കോടി
• ഇ.എസ്.ഐ ജംഗ്ഷന്‍ - ചെല്ലാനം (36.9 കി.മീ) 38.8 കോടി
• സൗത്ത് ചെല്ലാനം ഫോര്‍ട്ട്‌കൊച്ചി വെളി (21.4 കി.മീ) 79 കോടി
• അഴീക്കോട് ദുബായ് റോഡ് തൃശ്ശൂര്‍ (9.98 കി.മീ) 25.8 കോടി
• കടലുണ്ടി ചാലിയം (6.7 കി.മീ) 22.85 കോടി
• വേങ്ങളം പൊയില്‍ക്കാവ് കൊയിലാണ്ടി (10.71 കി.മീ) 36.7 കോടി
• മുഴപ്പിലങ്ങാടി ബീച്ച് - കരുവ - പയ്യാമ്പലം നീര്‍ക്കടവ് ചാലഴീക്കല്‍ (14.33) 41.55 കോടി
• അഴിത്തല നോര്‍ത്ത് കോട്ടാച്ചേരി (16.7 കി.മീ) 35 കോടി

തീരദേശ സമ്പദ്ഘടനയുടെ സമഗ്രവികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തീരദേശ ഹൈവേയും സൈക്കിള്‍ ട്രാക്കും. സമൃദ്ധമായ ചരിത്രപാരമ്പര്യമുറങ്ങുന്ന തുറമുഖങ്ങളുടെ ഒരു ശൃംഖലകൂടി നമ്മുടെ തീരത്തുണ്ടായിരുന്നു. സമ്പന്നമായ ഈ പൈതൃകത്തെ തീരദേശ ടൂറിസത്തിന്റെ ജീവനാഡിയാക്കി മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും ഇതിനോടു കൂട്ടിച്ചേര്‍ത്തു വായിക്കണം. മുസിരിസ് പൈതൃക പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംഭാവനയാണ്. ഇതേ മാതൃകയിലാണ് തലശേരിയും ആലപ്പുഴയും അണിഞ്ഞൊരുങ്ങുന്നത്. ഇതടക്കം തീരദേശ സമ്പദ്ഘടനയ്ക്ക് ഇന്നോളം ലഭിച്ചിട്ടില്ലാത്ത ഉണര്‍വ് പ്രദാനം ചെയ്യുന്ന പദ്ധതിയാകും തീരദേശ ഹൈവേയും സൈക്കിള്‍ ട്രാക്കും. 

ആലപ്പുഴയുടെയും കൊല്ലത്തിന്റെയും തീരത്ത് ഇതിനോടകം കിഫ്ബി അനുവദിച്ചിട്ടുള്ള ഗ്രോയിന്‍ ഫീല്‍ഡുകള്‍ തീരസംരക്ഷണത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. അത് മറ്റൊരു പോസ്റ്റില്‍.

Advertisement
Advertisement