കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്രത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം - രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക കേന്ദ്ര മന്ത്രാലയം രൂപവത്കരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൃപ്രയാറില്‍ നടന്ന ദേശീയ ഫിഷര്‍മെന്‍ പാര്‍ലമെന്റിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.


പ്രത്യേക മന്ത്രാലയം വരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് രാഹുല്‍ പറഞ്ഞു. നിസ്വാര്‍ഥ സേവനം ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. അവരെ മോദി സര്‍ക്കാര്‍ അവഗണിക്കുകയാണ്.

മോദിയെ പോലെ കപട വാഗ്ദാനങ്ങള്‍ ഞാന്‍ നല്‍കാറില്ല. നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ പറയാറുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യക്ക് ആവശ്യമുള്ള സമയത്തൊക്കെ നിങ്ങള്‍ മത്സ്യത്തൊഴിലാളികളുണ്ട്. പക്ഷേ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ആരുമില്ല എന്നതാണ് സ്ഥിതിയെന്നും രാഹുല്‍ പറഞ്ഞു.