നവോത്ഥാനത്തിന്റെ സമ്പന്നഭൂമിയില്‍ 'സമ്പത്ത് '; ശിവഗിരി മഠത്തിലെ ശ്രീ നാരായണ ഗുരു സമാധി സന്ദര്‍ശിച്ച് ഇന്നലെ പര്യടനം തുടങ്ങി

നവോത്ഥാന ചരിത്രത്തിലെ സുവര്‍ണ കാലഘട്ടത്തിന്റെ സ്മരണകളുറങ്ങുന്ന മണ്ണില്‍ എല്‍ഡിഎഫ് ആറ്റിങ്ങല്‍ മണ്ഡലം സ്ഥാനാര്‍ഥി എ സമ്പത്തിന് സന്യാസി ശ്രേഷ്ഠരുടെയും ശ്രീനാരായണീയരുടെയും ഹൃദ്യമായ സ്വീകരണം. ഗുരുദേവ മഹാസമാധിക്ക് മുന്നില്‍ സകലമതസാരവും ഏകമെന്ന വചനം പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. മതാന്ധതയ്ക്ക് എതിരായ ജനകീയ പ്രതിരോധം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. അതിനാല്‍ ഈ മണ്ണില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ കൂടുതല്‍ ജാഗ്രതയുള്ളവരാകുന്നുവെന്നു എ സമ്പത്ത് പറഞ്ഞു. 
ഈ തെരഞ്ഞെടുപ്പില്‍ കേരളം രാജ്യത്തിന് മാതൃക കാട്ടുമെന്നും മാനവികതയുടെ ഉദാത്തമായ സന്ദേശമാണ് ശിവഗിരി വിളംബരം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച രാവിലെ പത്തിന് ശിവഗിരിയിലെത്തിയ എ സമ്പത്ത് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, ഗുരുധര്‍മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, ശിവഗിരി മഠത്തിലെ മറ്റ് സ്വാമിമാര്‍ എന്നിവരുടെ ആശീര്‍വാദം വാങ്ങി. പത്മശ്രീ ലഭിച്ച ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ ഹാരാര്‍പ്പണം നടത്തി. 

തുടര്‍ന്ന് ഇലകമണ്‍ ഹരിഹരപുരം ദേവാലയത്തിലെ ഫാ. അലക്‌സ്, വര്‍ക്കല ടൗണ്‍ പള്ളി ഇമാം മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരില്‍ നിന്ന് അനുഗ്രഹം വാങ്ങി. വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്രവും സമ്പത്ത് സന്ദര്‍ശിച്ചു. 

വി ജോയ് എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി , ജില്ലാ കമ്മിറ്റി അംഗം അഡ്വ. മടവൂര്‍ അനില്‍, വര്‍ക്കല മണ്ഡലം സെക്രട്ടറി അഡ്വ. എസ് ഷാജഹാന്‍, ഏരിയ സെക്രട്ടറി എസ് രാജീവ്, വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ ബിന്ദു ഹരിദാസ്, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ യൂസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എം ലാജി, കെ ആര്‍ ബിജു, ബി എസ് ജോസ്, ലോക്കല്‍ സെക്രട്ടറിമാരായ സുനില്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സമ്പത്തിനൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് ചിറയിന്‍കീഴ് പുളിമൂടിലുള്ള പ്രേംനസീറിന്റെ സഹോദരിയെ സന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ഥിച്ചു. ആര്‍ സുഭാഷ്, ജി വേണുഗോപാലന്‍നായര്‍, വി എസ് വിജുകുമാര്‍ എന്നിവരും സമ്പത്തിനൊപ്പമുണ്ടായിരുന്നു. 

തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും സമ്പത്ത് പങ്കെടുത്തു. 
ആര്യനാട് നടന്ന അരുവിക്കര മണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത അദ്ദേഹം വോട്ടഭ്യര്‍ഥിച്ചാണ് മടങ്ങിയത്. 

Advertisement
Advertisement