ജോസഫ് മാണി തര്‍ക്കം ; കോട്ടയം, ഇടുക്കി, പത്തനംതിട്ട സീറ്റുകളില്‍ യുഡിഎഫിനെ ബാധിക്കുമെന്ന് കോണ്‍ഗ്രസ്, വിട്ട് വീഴ്ചയ്ക്കില്ലാതെ യുഡിഎഫിനെ വട്ടം കറക്കി മാണി

ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കേരളാ കോണ്‍ഗ്രസിലുടലെടുത്ത തര്‍ക്കം വല്ലാത്ത പ്രതിസന്ധിയാണ് യുഡിഎഫിനുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. മദ്ധ്യകേരളത്തില്‍ വേരുറപ്പുള്ള പ്രധാന ഘടകകക്ഷി പിളര്‍പ്പിലേക്ക് നീങ്ങിയപ്പോള്‍ അത് മൂന്ന് സീറ്റിലെങ്കിലും വിജയ സാധ്യതയെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട പിജെ ജോസഫിനെ ഒഴിവാക്കി കെഎം മാണി തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെന്ന് മാത്രമല്ല, ഉള്‍പ്പാര്‍ട്ടി തര്‍ക്കം പോലും അവഗണിച്ച് പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുന്നു. കരുത്തനായ വി.എന്‍. വാസവനെ സ്ഥാനാര്‍ത്ഥിയാക്കി ഇടത് മുന്നണി മുന്നോട്ട് പോകുമ്പോള്‍ കേരളാ കോണ്‍ഗ്രസിനകത്തെ പ്രതിസന്ധി കോട്ടയത്ത് വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ജില്ലയിലെയും സംസ്ഥാനത്തെയും കോണ്‍ഗ്രസ് നേതൃത്വം. 

കോട്ടയത്ത് മാത്രമല്ല സമീപ ജില്ലകളായ ഇടുക്കിയിലും പത്തനംതിട്ടയിലും കേരളാ കോണ്‍ഗ്രസിനകത്തെ തര്‍ക്കം വോട്ടെടുപ്പിനെയും വിജയ സാധ്യതയെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും യുഡിഎഫ് നേതൃത്വത്തെയും കോണ്‍ഗ്രസ് ഹൈക്കമാന്റിനെയും ഒക്കെ കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുമുണ്ട്. 

തെരഞ്ഞെടുപ്പിന് മുന്‍പ് ഉടലെടുത്ത പ്രതിസന്ധിയില്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏകെ ആന്റിണി അടക്കമുള്ളവര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയതായാണ് വിവരം. കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തായാലും പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്ന നിലപാട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ കെഎം മാണിയെ പിണക്കി മുന്നോട്ട് പോകുന്നതും ബുദ്ധിയല്ലെന്നാണ് പൊതുവെയുള്ള വികാരം. കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ദേശീയ നേതൃത്വവും അതൃപ്തരാണ്. ജോസഫ് മാണി തര്‍ക്കത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ കേരള സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി വിശദമായി ചോദിച്ചറിഞ്ഞിട്ടുണ്ട്. 

Advertisement
Advertisement