കേരളത്തിലെ ഉത്തരാധുനിക ബുദ്ധിജീവികളായ ടി ടി ശ്രീകുമാറും ജെ ദേവികയുമെന്ന വലതു മാരീചരുടെ ഇടതു നാട്യങ്ങള്‍ -ശ്രീജിത് ശിവരാമന്‍

കേരളത്തിലെ ഉത്തരാധുനിക ബുദ്ധിജീവികളായ ടി ടി ശ്രീകുമാറും ജെ ദേവികയും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുന്നതാണ് ഉചിതം എന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു.അവര്‍ പറയുന്നു 

'this is a national election where priorities are very different from specific regional issues. Strengthening UPA is tactically more important than dangling to a parochial kerala agenda' ( T .T Sreekumar)


article by sreejith sivaraman

'And congress in parliament may be very different - or one hopes so- from the regional congress which seems to be taken the newly minted hindutva extremism as the new normal. So this time it is perhaps important to vote for a congress candidate if they seems to have a better chance of winning' (J Devika)

കേരളമെന്ന പരിമിതമായ അജണ്ട വിട്ട് ദേശീയതലത്തില്‍ ചിന്തിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് തന്നെ വോട്ടു ചെയ്യുന്നതാകുമത്രേ ഉചിതം. 'വിജയ സാധ്യതയുള്ള' കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നതാണത്രേ ഉചിതം. ഈ വിജയ സാധ്യതയെന്നത് കേരളത്തിന്റെ പൊതു ബോധത്തെ നിയന്ത്രിക്കുന്ന വലതു മാധ്യമങ്ങളുടെ കൂടി സൃഷ്ടിയാണെന്നിരിക്കെ ചുരുക്കി പറഞ്ഞാല്‍ ഭൂരിഭാഗം സീറ്റിലും കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുന്നതാണ് ഉചിതമെന്നു സാരം.ഇടതു പക്ഷത്തിനു ദേശീയതലത്തില്‍ കൂടുതല്‍ പ്രാധാന്യമുണ്ടാക്കാന്‍ അവര്‍ കഠിനാദ്ധ്വാനം ചെയ്യണമെന്നുള്ള ഉപദേശവുമുണ്ട്. ഒരര്‍ത്ഥത്തില്‍ അവരുടെ പൂര്‍വ നിലപാടുകളേക്കാള്‍ സത്യസന്ധമാണ് ഈ തുറന്നു പറച്ചില്‍ അതുകൊണ്ടു തന്നെ അവരുടെ വൈയക്തിക നിലപാടിനോട് നാം വിയോജിക്കേണ്ടതില്ല. പക്ഷെ അതിനായവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ അങ്ങേയറ്റം ബാലിശവും അടിസ്ഥാന രഹിതവുമായതിനാല്‍ അവയോടുള്ള വിയോജിപ്പുകള്‍ പരസ്യമായി ഉയര്‍ത്തേണ്ടതുണ്ട്. ഇടതുപക്ഷത്തിന് ഇടതുസത്ത കുറവായതിനാലാണ് ഞാന്‍ വലതുപക്ഷമായതെന്ന വാദം വലതു മാരീച വേഷങ്ങള്‍ എക്കാലവും ഉയര്‍ത്തിയിട്ടുള്ളതാണ്.

ഓരോ വ്യക്തിക്കും വ്യക്തിനിഷ്ഠമായി ഒരു ആദര്‍ശാത്മക കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ അവനവന്റെയുള്ളില്‍ സൃഷ്ടിക്കാനുള്ള അവകാശമുണ്ട്. അതാകട്ടെ അവനവന്റെ ആദര്‍ശ ലോകത്തിന്റെ പരിച്ഛേദവും ആയിരിക്കും. കുമ്മനം രാജശേഖരന്റെ ആദര്‍ശാത്മക കമ്മ്യുണിസ്റ്റ് പാര്‍ട്ടി അഗ്രസ്സീവ് നാഷണലിസ്റ്റ് ബ്രാഹ്മിണിക്കല്‍ പാര്‍ട്ടിയായിരിക്കും. അതാകണം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെന്ന് കുമ്മനം വാദിച്ചാല്‍ അത് പരിഹാസ്യമായിത്തത്തീരും. ജെ ദേവികയുടെ മനസ്സില്‍ ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ സൃഷ്ടിച്ചിട്ടുണ്ട്. വര്‍ഗ്ഗ നിലപാടുകള്‍ അവസാനിപ്പിച്ച് ഉത്തരാധുനിക ലഘുസമരങ്ങളോടും രാഷ്ട്രീയ ഇസ്ലാമിനോടും സമരസപ്പെടുന്ന സാമ്രാജ്യത്വ വിരോധം ഉപേക്ഷിച്ച ഒരു ഉത്തരാധുനിക കമ്മ്യുണിസ്റ്റ് പാര്‍ട്ടി. ദയവു ചെയ്തത് സി പി എമ്മിനെ അതിനായി നിര്‍ബന്ധിക്കരുത്. 

ദേവിക പറയുന്നു
'കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് മറ്റുള്ള കക്ഷികളില്‍ നിന്നുള്ള വ്യത്യാസം അത് സമതയെയും സോഷ്യലിസത്തെയും വാഗ്ദാനം ചെയ്യുന്നു എന്നതാണ്. എന്നാല്‍ പിണറായി വിജയന്റെ ഭരണകാലത്തില്‍ ഇത് രണ്ടും കാര്യമായി വളര്‍ന്നെന്നു പറയാന്‍ തെളിവുകള്‍ വളരെ കുറവാണ് '.
സമത എന്നത് കൊണ്ട് സാമൂഹിക - രാഷ്ട്രീയ - സാമ്പത്തിക നീതികളുടെ തലത്തെയാണ് അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ അവയളക്കേണ്ടത് സാമൂഹിക സൂചകങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അതില്‍ കേരളം ഏറെ മുന്നിലാണെന്നും ജെ ദേവികയെന്ന സാമൂഹിക ശാസ്ത്രജ്ഞക്ക് അറിയാത്തതല്ല. ഇനി ആ സൂചകങ്ങളെ താഴോട്ട് വലിക്കുന്ന എന്ത് നടപടിയാണ് പിണറായി വിജയന്‍ കൈക്കൊണ്ടതെന്നു പറയാനുള്ള ബാധ്യത ദേവികക്കുണ്ട്. കേരളത്തിലെ ധനമൂലധന ശക്തികള്ക്കും അസമത്വ കാരണക്കാരോടും എവിടെയാണ് പിണറായി സന്ധി ചെയ്തത്? അറിയാന്‍ കൗതുകമുണ്ട്.

സമതക്കൊപ്പം കൂട്ടിക്കെട്ടിയ വാക്കായ സോഷ്യലിസത്തെ പറ്റി മുതിര്‍ന്ന ചിന്തകയായ ദേവിക എത്ര ഉപരിപ്ലവമായാണ് ധരിച്ചു വെച്ചിരിക്കുന്നതെന്നു നോക്കൂ. ദേവിക പറയുന്നത് പോലെ സോഷ്യലിസം പടിപടിയായി വളര്‍ത്തുന്നതിനല്ല തങ്ങള്‍ അധികാരത്തിലേറിയതെന്നും ഒരു ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥക്കകത്ത് ഒരു സംസ്ഥാനത്ത് മാത്രമായി വളര്‍ത്താവുന്ന ഒന്നല്ല സോഷ്യലിസമെന്നും ഒന്നാം ഇ എം എസ് മന്ത്രിസഭ മുതല്‍ തന്നെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. പിണറായി വിജയന്‍ അക്കാര്യത്തില്‍ നിരപരാധിയാണ്. 

ചങ്ങാത്ത മുതലാളിത്തത്തിലും പരിസ്ഥിതി നിലപാടിലും സി പി എം മറ്റുകക്ഷികള്‍ക്ക് തുല്യമെന്നതിനു ദേവിക കൈയ്യിലുണ്ടെന്നു പറയുന്ന തെളിവുകള്‍ എത്രയും പെട്ടന്ന് പുറത്ത് വിടണം. ഇലക്ഷന്‍ കാലത്ത് കോണ്‍ഗ്രസ്സിനെങ്കിലും ഉപകരിക്കട്ടെ. സി പി എമ്മിന് കൂടിയ ഇസ്ലാം വിരോധമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ദേവിക ഉന്നയിച്ചിരിക്കുന്നത്. ഇസ്ലാം വിരോധവും പൊളിറ്റിക്കല്‍ ഇസ്ലാം വിരോധവും ഒന്നല്ലെന്നു ദേവിക മനസ്സിലാക്കണം. ഇന്ത്യയിലെ ജയിലുകളില്‍ വിചാരണ തടവുകാരായി കഴിയുന്ന മുസ്ലീങ്ങളുടെ പ്രശ്‌നം പാര്‍ലമെന്റിനകത്തും പുറത്തും ഉന്നയിച്ചതും കാശ്മീരിലെ പട്ടാള അതിക്രമങ്ങള്‍ക്കെതിരെ രംഗത്ത് വന്നതും , ഗോഹത്യാ കൊലകളില്‍ പാര്‍ലമെന്റിനകത്തും പുറത്തും പോരാടിയതും മുത്തലാഖ് നിരോധന ബില്ലിനെതിരെ നിലപാടെടുത്തതും ഒക്കെ ദേവികയ്ക്ക് തമസ്‌കരിക്കാം പക്ഷെ സമൂഹത്തിന്റെ ഓര്‍മ്മകള്‍ അത്ര ഹ്രസ്വമല്ല. 

ഇതിനെങ്കിലും ദേവിക ഉത്തരം പറയണം ... താങ്കള്‍ വോട്ട് ചെയ്യാന്‍ പോകുന്ന കോണ്‍ഗ്രസ്സ് മുത്തലാഖ് നിരോധന ബില്ലില്‍ സ്വീകരിച്ച നിലപാടെന്തായിരുന്നു? പശുവിനെ കൊന്നവര്‍ക്കു നേരെ മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രാജ്യരക്ഷാ നിയമ പ്രകാരം കേസെടുത്തത് അറിഞ്ഞിരുന്നോ? പശുവിനെ ദേശമാതാവാക്കണമെന്ന കോണ്‍ഗ്രസ്സ് കൊണ്ടുവന്ന പ്രമേയം ഹിമാചല്‍ നിയമസഭയില്‍ എതിര്‍ത്ത ഒരേയൊരു എം എല്‍ എ ഏതു പാര്‍ട്ടിക്കാരനാണ് ?

ശബരിമല വിഷയത്തില്‍ പിണറായി വിജയന് ഇടതുപക്ഷ - ദളിത് - സ്ത്രീപക്ഷ നിലപാടുകളെ 'ഉപയോഗിക്കേണ്ടി വന്നു' എന്നാണു ദേവിക പറയുന്നത്. വാക്കുകളുടെ പ്രയോഗം നോക്കൂ 'ഉപയോഗിക്കേണ്ടി വന്നൂ 'വത്രേ. ആയിരം തെരഞ്ഞെടുപ്പ് തോല്‍ക്കേണ്ടി വന്നാലും ഞങ്ങള്‍ക്ക് ശരിയായ നിലപാടാണ് പ്രശ്‌നം എന്ന് പറഞ്ഞു ഉറച്ചു നിന്ന ഒരു പാര്‍ട്ടിയെ ഒരു മുഖ്യമന്ത്രിയെ എത്ര നിസാരമായാണ് നിങ്ങള്‍ കാണുന്നത്. ഇടതുപക്ഷ - ദളിത് - സ്ത്രീപക്ഷ നിലപാടുകള്‍ കേരളത്തിലെ സബാള്‍ട്ടന്‍ മേനോന്മാരുടെ കുത്തകയാണെന്നും ഒരു കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രി അത്തരമൊരു നിലപാടെടുത്താല്‍ അത് 'ഉപയോഗിക്കേണ്ടി വരല്‍' ആകുമെന്നുമുള്ള എലീറ്റിസ്റ്റ് നിലപാടിന് നല്ല നമസ്‌കാരം.നിങ്ങള്‍ വോട്ടു ചെയ്യാന്‍ പോകുന്ന കോണ്‍ഗ്രസ്സ് ഇക്കാര്യത്തിലെടുത്ത നിലപാടെങ്കിലും ഈവയവസരത്തില്‍ ഓര്‍ക്കുമെന്ന് പ്രത്യാശിക്കുന്നു.

ഒടുവില്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തും മുന്‍പ് കഴിഞ്ഞ നാല് വര്ഷം ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടത്തോട് അവരുടെ മോബ് ലിഞ്ചിങ്ങുകളോട് , നവലിബറല്‍ നയങ്ങളോട് ,ഗോഹത്യാ കൊലപാതകങ്ങളോട് , ക്രോനീകാപ്പിറ്റലിസത്തോട് കോണ്‍ഗ്രസ്സ് എടുത്ത നിലപാടുകള്‍ കൂടി പരിശോധിക്കുന്നത് നന്നാവും.
ഒരു വശത്ത് ഇടതുപക്ഷം ക്രൊണീകാപ്പിറ്റലിസത്തിനു വിധേയരായെന്ന ഉണ്ടയില്ലാ വെടി പൊട്ടിക്കുന്ന ദേവിക അതേ കൈ കൊണ്ട് ക്രൊണീ കാപ്പിറ്റലിസത്തിന്റെ ആള്‍രൂപങ്ങളായ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യണമെന്ന് പറയുകയും ചെയ്യുന്നു. വൈരുദ്ധ്യങ്ങള്‍ക്ക് ടാക്‌സില്ലല്ലോ. 

ഇന്ത്യയിലെ സംഘ പരിവാര്‍ ഫാഷിസത്തിന്റെ വളര്‍ച്ച കേവലമായ വര്‍ഗീയതയുടെ വളര്‍ച്ചയല്ല. അതിനു കൃത്യമായ സമ്പദ്-രാഷ്ട്രീയ തലങ്ങളുണ്ട്. കോണ്‍ഗ്രസ്സ് സ്വീകരിച്ച ബൂര്‍ഷ്വാ ഭൂവുടമ ഭരണത്തിന്റെ വൈരുധ്യങ്ങളും ആ വൈരുദ്ധ്യങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ എണ്‍പതുകളില്‍ സ്വീകരിച്ച വര്‍ഗീയ പ്രീണനങ്ങളും (ബാബരി മസ്ജിദ് ആരാധനക്ക് തുറന്നു കൊടുത്തതുള്‍പ്പെടെ ) തുടര്‍ന്ന് വന്ന നവലിബറല്‍ നയങ്ങളുടെ പ്രത്യാഘാതങ്ങളുമൊക്കെ ചേര്‍ന്നാണ് 2014 ല്‍ ബി ജെ പി യെ അധികാരത്തിലെത്തിച്ചത്. ഇടതു പക്ഷ , പ്രാദേശിക പാര്‍ട്ടികളുടെ നിയന്ത്രണമില്ലാത്ത ഒരു ഭരണം ഇന്ത്യയില്‍ ഭാവിയില്‍ കൂടുതല്‍ ശക്തമായ ഹിന്ദുത്വ ഫാഷിസത്തിന് വഴിതുറക്കുക തന്നെ ചെയ്യും. 

അതുകൊണ്ട് നിങ്ങള്‍ ധൈര്യമായി കോണ്‍ഗ്രസ്സിന് വോട്ടു ചെയ്‌തോളൂ. കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തിക്കോളൂ പക്ഷെ എന്തിനാണ് ഈ ഇടതുപക്ഷ നാട്യങ്ങള്‍ ?

Advertisement
Advertisement