തൃശൂര്‍ തിരുനെല്ലൂരിലെ സി പി എം പ്രവര്‍ത്തകന്‍ ഷിഹാബുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഏഴ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി ; ശിക്ഷ വിധി പിന്നീട്

തൃശൂര്‍ തിരുനെല്ലൂരിലെ സി പി എം പ്രവര്‍ത്തകന്‍ ഷിഹാബുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് സംഘപരിവാര്‍ പ്രവര്‍ത്തകരെ തൃശൂര്‍ ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരെന്ന് ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. കേസ് ശിക്ഷാവിധിക്കായി മാറ്റി.

2015 മാര്‍ച്ച് ഒന്നിനാണ് രാത്രി ആര്‍ എസ് എസ് ക്രിമിനല്‍ സംഘം സ: ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയത്. ഹോട്ടലില്‍നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി സുഹൃത്തായ ബൈജുവിനൊപ്പം ബൈക്കില്‍ പോവുമ്പോഴായിരുന്നു ആക്രമണം. കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷമാണ് ഷിഹാബുദ്ദീനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

ആര്‍ എസ് എസുകാരായ എളവള്ളിയില്‍ നവീന്‍, ആയിരംകണ്ണി ക്ഷേത്രത്തിനടുത്ത് പ്രമോദ്, ചുക്കുബസാര്‍ സ്വദേശികളായ രാഹുല്‍, വൈശാഖ്, തിരുനെല്ലൂര്‍ തെക്കേപ്പാട്ട് സുബിന്‍ എന്ന കണ്ണന്‍, പാവറട്ടി സ്വദേശി ബിജു, എളവള്ളി കളപ്പുരയ്ക്കല്‍ വിജയശങ്കര്‍ എന്നിവരാണ് പ്രതികള്‍.

ഷിഹാബുദ്ദീന്റെ സഹോദരന്‍ മുജീബ് റഹ്മാനെയും ആര്‍ എസ് എസുകാരാണ് കൊലചെയ്തത്. തിരുനെല്ലൂര്‍ മതിലകത്ത് ഖാദറിന്റെ മക്കളാണ് ഇരുവരും.