ശ്രീനിവാസനെയും ഹരിശ്രീ അശോകനെയും സന്ദര്‍ശിച്ച് തൃപ്പൂണിത്തുറ പള്ളുരുത്തി മേഖലകളില്‍ സന്ദര്‍ശനം നടത്തി രാജീവ്

നടന്‍ ശ്രീനിവാസനും എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവും കണ്ടുമുട്ടിയപ്പോള്‍ സിനിമയും രാഷ്ട്രീയവും ചര്‍ച്ചയ്ക്ക് പുറത്തായത് സ്വാഭാവികം. എവിടെ വരെയായി പ്രവര്‍ത്തനങ്ങള്‍ എന്ന ശ്രീനി സ്‌റ്റൈല്‍ ചോദ്യത്തിനുള്ള രാജീവിന്റെ മറുപടിയൊഴിച്ചാല്‍ സംസാരത്തില്‍ മുഴുവന്‍ ജൈവകൃഷിയായിരുന്നു. ബുധനാഴ്ചത്തെ പര്യടനത്തിനിടയിലാണ് രാജീവ് ഉദയംപേരൂരില്‍ ശ്രീനിവാസന്റെ വീട്ടിലെത്തിയത്.

ശ്രീനിവാസന്റെ ഭാര്യ മധുരം നല്‍കി രാജീവിനെ വീട്ടിലേക്ക് വരവേറ്റു. ജില്ലയില്‍ ജൈവകൃഷി സജീവമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച രാജീവിനോട് അതിന്റെ വിവരങ്ങള്‍ ശ്രീനിവാസന്‍ ചോദിച്ചറിഞ്ഞു. ജില്ലയില്‍ തരിശുകിടന്ന 2000 ഏക്കറോളം ഭൂമിയില്‍ പുതുതായി കൃഷി തുടങ്ങിയെന്ന് രാജീവ് അറിയിച്ചപ്പോള്‍ ഗൗരവത്തിലായിരുന്ന കൃഷി ചര്‍ച്ചയ്ക്ക് നിറംപകര്‍ന്ന് ശ്രീനിവാസന്റെ മുഖത്ത് നിറഞ്ഞ ചിരി പടര്‍ന്നു. 

ബുധനാഴ്ച തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലായിരുന്നു പര്യടനം. പള്ളുരുത്തിയില്‍ നിന്നാണ് ഉദയംപേരൂരിലെത്തിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന ഉദയംപേരൂര്‍ എസ്എന്‍ഡിപി എച്ച്എസ്എസില്‍ രാജീവ് എത്തുമ്പോള്‍ കുട്ടികള്‍ പരീക്ഷാഹാള്‍ വിട്ടിറങ്ങി തുടങ്ങിയിരുന്നു. പരീക്ഷ എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിനു എളുപ്പമായിരുന്നു എന്ന് കോറസായി മറുപടി. എല്ലാവര്‍ക്കും വിജയാശംസകള്‍ നേര്‍ന്ന് പുറത്തേക്ക്.
പായ്ക്കപ്പലോട്ടത്തിനിടെ പരിക്കേറ്റ അഭിലാഷ് ടോമിയുടെ പിതാവിനെ കണ്ടനാട്ടെ വീട്ടില്‍ സന്ദര്‍ശിച്ചു. ഗോവയിലുള്ള അഭിലാഷ് സുഖം പ്രാപിച്ചതായും പായ്ക്കപ്പലോട്ട മത്സരവിജയികള്‍ക്കുള്ള പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ അടുത്തമാസം ഫ്രാന്‍സിലേക്കു പോകുമെന്നും ടോമി പറഞ്ഞു. അപകടമുണ്ടായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വിവരവും ടോമി നന്ദിയോടെ സ്മരിച്ചു.

വലിയകുളം ഗവ. വിജ്ഞാനോദയം ജൂനിയര്‍ ബേസിക് സ്‌കൂളിലെത്തുമ്പോള്‍ സ്‌കൂള്‍ വാര്‍ഷികാഘോഷപരിപാടികള്‍ ഉച്ചസ്ഥായിയിലായിരുന്നു. ദാ എനിക്കും നിങ്ങള്‍ക്കുമെല്ലാം ഏറ്റവും പ്രിയപ്പെട്ട രാജീവ് വരുന്നു എന്ന് നടന്‍ ഹരിശ്രീ അശോകന്റെ ശബ്ദത്തില്‍ അനൗണ്‍സ്‌മെന്റ് മുഴങ്ങിയത് ചിലരെയെങ്കിലും അമ്പരപ്പിച്ചു. പരിപാടിയിലെ മുഖ്യാഥിതിയായിരുന്ന ഹരിശ്രീ അശോകന്‍ പ്രസംഗത്തിനിടെ രാജീവ് ഗേറ്റ് കടന്നുവരുന്നത് കണ്ട് അനൗണ്‍സറുടെ വേഷമിട്ടതാണ്. പരിപാടിക്ക് ആശംസകള്‍ നേര്‍ന്ന് എല്ലാവരെയും അഭിവാദ്യം ചെയ്ത് പുറത്തിറങ്ങുമ്പോള്‍ പ്രഥമാധ്യാപിക ഓടിയെത്തി.- രാജീവ് എംപിയായിരിക്കെ സ്‌കൂളിന് ബസ് നല്‍കിയതിന്റെ നന്ദി അറിയിച്ചു.

അന്തരിച്ച ടി ആര്‍ ഗോപിനാഥിന്റെ കുടുംബാംഗങ്ങളെയും തെക്കുംഭാഗം ശ്രീകുമാരമംഗലം ക്ഷേത്രം ഭാരവാഹികളെയും സന്ദര്‍ശിച്ചു. തുടര്‍ന്ന് നാടകനടന്‍ വര്‍ഗീസ് കാട്ടിപ്പറമ്പന്‍, ഗായകന്‍ മധു ബാലകൃഷ്ണന്‍ എന്നിവരുടെ വീട്ടിലും ട്രൂറ യോഗത്തിലും സെന്റ് മേരീസ് ഫൊറോന പള്ളിയിലും എത്തി. എന്‍എസ്എസ് സെന്‍ട്രല്‍ കരയോഗം ഭാരവാഹികളെയും സന്ദര്‍ശിച്ചു.

കശ്മീരില്‍ പാക് സൈനികരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് ആന്റണി സെബാസ്റ്റിയന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും മകനും ചേര്‍ന്ന് വരവേറ്റു. തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവന്‍ ഒപ്പമുണ്ടായിരുന്നു. മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ താമസിക്കുന്ന പള്ളുരുത്തിയിലെ കൊത്തലങ്കയില്‍ കനിവ് പാലിയേറ്റീവിന്റെ ചെയര്‍മാന്‍കൂടിയായ രാജീവ് ഏറെസമയം ചെലവഴിച്ചു. പാപ്പുക്കുട്ടി ഭാഗവതരെ വീട്ടിലെത്തി കണ്ടു. പള്ളുരുത്തി ബിന്നി റോഡിലെ സെലീഷ്യസ് കോണ്‍മെന്റ്, ഡോണ്‍ ബോസ്‌കോ സ്‌കൂള്‍, മധുരക്കമ്പനി സെന്റ് ജോസഫ് പള്ളി, മുജാഹിദ് പള്ളി, സെന്റ് ഡോമനിക് സ്‌കൂള്‍, സെന്റ് റീത്താസ് കോണ്‍വെന്റ്, പെരുമ്പടപ്പ് ഫാത്തിമ ആശുപത്രി, ഊരാളക്കശേരി ക്ഷേത്രം,

പൈ റോഡിലെ ക്രിസ്ത്യന്‍ ദേവാലയം, പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയം, പാലമറ്റം സിസ്റ്റേഴ്‌സ് കോണ്‍വന്റ്, ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്രം, ജ്ഞാനോദയം സഭാ ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഉത്സവം നടക്കുന്ന ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തരും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് രാജീവിനെ വരവേറ്റു.

# കെട്ടിവയ്ക്കാനുള്ള തുക ഫാക്ട് ജീവനക്കാര്‍ കൈമാറി 

പി രാജീവിന് ലോക്‌സഭാ സ്ഥാനാര്‍ഥിയാകാന്‍ കെട്ടിവയ്ക്കാനുള്ള തുക ഫാക്ട് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) കളമശേരിയില്‍ നടന്ന മണ്ഡലം കണ്‍വന്‍ഷനില്‍ കൈമാറി. പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, വര്‍ക്കിങ് പ്രസിഡന്റ് പി എസ് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി എം എം ജബ്ബാര്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.

Advertisement
Advertisement