'ഞങ്ങള് ഇങ്ങളെ പാര്‍ടിയൊന്നുമല്ല, വേറെ പാര്‍ടിക്കാരാണ്. പക്ഷേ, ഇങ്ങള് ജയിക്കണം; ജയിക്കും. ഞങ്ങളെ മറക്കാതിരുന്നാല്‍ മതി ' പ്രദീപ് കുമാറിന് വിജയം നേര്‍ന്ന് ബേപ്പൂര്‍

'ഞങ്ങള് ഇങ്ങളെ പാര്‍ടിയൊന്നുമല്ല, വേറെ പാര്‍ടിക്കാരാണ്. പക്ഷേ, ഇങ്ങള് ജയിക്കണം; ജയിക്കും. ഞങ്ങളെ മറക്കാതിരുന്നാല്‍ മതി. തീരദേശത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം. അതിന് ഇങ്ങള്‍ക്കാവും ... ' ചാലിയത്തെ മത്സ്യത്തൊഴിലാളികളുടെ വാക്കുകളില്‍ പ്രതീക്ഷയും ആവേശവും നിറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാലിയം മത്സ്യബന്ധന കേന്ദ്രത്തിലെത്തിയ എല്‍ഡിഎഫ് കോഴിക്കോട് ലോക്സഭ സ്ഥാനാര്‍ഥി എ പ്രദീപ്കുമാറിനോടാണ് ഇവരുടെ അഭ്യര്‍ഥന. നിങ്ങളെല്ലാവരും ഒപ്പമുണ്ടായാല്‍ ജയിക്കുമെന്ന് വിനയത്തോടെയുള്ള മറുപടി.
ബേപ്പൂര്‍ മണ്ഡലത്തിലെ ആദ്യവട്ട സന്ദര്‍ശനത്തിന് തുടക്കമിട്ടത് മലബാറിലെ പ്രശസ്തമായ മത്സ്യബന്ധന കേന്ദ്രമായ ചാലിയത്തുനിന്നായിരുന്നു. ഇവിടെ ഇടതു നേതാക്കളും പ്രവര്‍ത്തകരും ഹാരമണിയിച്ചാണ് സ്വീകരിച്ചത്. മത്സ്യബന്ധന കേന്ദ്രത്തിലെത്തിയ പ്രദീപ്കുമാര്‍ മത്സ്യത്തൊഴിലാളികള്‍, വില്പനക്കാര്‍, തോണി ഉടമകള്‍, ഏജന്റുമാര്‍, മത്സ്യം വാങ്ങാനെത്തിയവര്‍ തുടങ്ങിയവരോടെല്ലാം വോട്ടഭ്യര്‍ഥിച്ചു.
രണ്ടാമത്തെ സന്ദര്‍ശനകേന്ദ്രമായ കടലുണ്ടി ലെവല്‍ ക്രോസില്‍ ചെണ്ടമേളവും കഥകളിയുമായാണ് നാട്ടുകാര്‍ വരവേറ്റത്. വയോധികരുള്‍പ്പെടെ വന്‍ ജനക്കൂട്ടം സ്വീകരിക്കാനെത്തി. പിന്നീട് മണ്ണൂര്‍ പടിക്കത്താഴം കോളനി, വടക്കുമ്പാട്, മണ്ണൂര്‍ വളവ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. 
കല്ലമ്പാറയില്‍ ഡോ. ഹനീഫയെയും ഫറോക്ക് 8/4 ല്‍ ഖാദിസിയ വിദ്യാഭ്യാസ കേന്ദ്രത്തിലെത്തി സുന്നി നേതാക്കളായ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ എന്നിവരെയും സന്ദര്‍ശിച്ചു. ഇവര്‍ വിജയാശംസകളും നേര്‍ന്നു. ഫറോക്കില്‍ നഗരസഭാധ്യക്ഷ കെ കമറുലൈല പുഷ്പഹാരമണിയിച്ചാണ് സ്വീകരിച്ചത്. രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിലും കോടമ്പുഴയിലും ചുങ്കത്തും കരുവന്‍ തിരുത്തി റോഡിലും ഐഒസി റോഡിലുമുള്ള വ്യവസായ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെത്തി. പാണ്ടിപ്പാടത്തെ കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ നൂറിലേറെ തൊഴിലാളികളാണ് സ്വീകരിക്കാനെത്തിയത്. 
ചെറുവണ്ണൂരില്‍ തിരുഹൃദയ ദേവാലയത്തിയെത്തിയ പ്രദീപ്കുമാറിനെ ഇടവക വികാരി ഫാദര്‍ ഫ്രാന്‍സന്‍ ചേരമാന്‍ തുരുത്തില്‍ ആശീര്‍വദിച്ചു. തുടര്‍ന്ന് പ്രദീപ്കുമാറിന്റെ നേട്ടങ്ങളെക്കുറിച്ച് വാചാലനാവുകയും വിജയം ആശംസിക്കുകയും ചെയ്തു. തൊട്ടടുത്തുള്ള വെനേറിനി കോണ്‍വെന്റിലെത്തിയ പ്രദീപ് കുമാറിനെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ തെരേസ (ട്രീസ) യുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കുണ്ടായിത്തോട് അമാന ടയോട്ട, മോഡേണില്‍ ഇന്‍ഡസ് കമ്പനി, നല്ലളം താര ശ്രീ വനിതാ വ്യവസായ യൂണിറ്റുകള്‍, അരീക്കാട് ഹ്യുണ്ടായ് കേന്ദ്രം, ബേപ്പൂര്‍ നടുവട്ടം മില്‍മ യൂണിറ്റ്, കയര്‍ ഫാക്ടറി എന്നിവിടങ്ങളിലെത്തി വോട്ടഭ്യര്‍ഥിച്ചു. നല്ലളം തോട്ടാംകുനിയിലും പാടം സ്റ്റോപ്പിലും വനിതകളുമായി സംവദിച്ചു. മാത്തോട്ടം ,അരക്കിണര്‍, നടുവട്ടം സിഡിഎ ഗോഡൗണ്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
ഇടതു മുന്നണി നേതാക്കളായ എം ഗിരീഷ്, പിലാക്കാട്ട് ഷണ്‍മുഖന്‍, കെ ഗംഗാധരന്‍, പൊറ്റത്തില്‍ ബാലകൃഷ്ണന്‍, ഹുസ്സന്‍കുട്ടി, കലാം കടുവാനത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ജനപ്രതിനിധികള്‍, മഹിളാ -യുവജന തൊഴിലാളി നേതാക്കള്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

# നഗരത്തെ ഇളക്കി മറിച്ച് പ്രദീപ് കുമാറിന്റെ റോഡ് ഷോ'


നഗരത്തെ ഇളക്കിമറിച്ച് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിനു സമീപത്തു നിന്ന് ആരംഭിച്ച റോഡ് ഷോ കെ.എസ്.ആര്‍.ടിസി, പുതിയ സ്റ്റാന്റ്, എം.എം. അലി റോഡ്, പാളയം, മേലേ പാളയം, റെയില്‍വെ ഓവര്‍ ബ്രിഡ്ജ്, മാതൃഭൂമി വഴി കോടതിക്ക് മുന്നിലൂടെ ഗാന്ധി സ്‌ക്വയര്‍ ചുറ്റി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ സമാപിച്ചു.
എല്‍.ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കെ.ജി പങ്കജാക്ഷന്‍, സെക്രട്ടറി മുഹമ്മദ് റിയാസ്, എം. മോഹനന്‍, പി കെ നാസര്‍, പി വി മാധവന്‍, പി ടി ആസാദ്, ഹരിദാസന്‍ കാനങ്ങോട്ട്, കിഷന്‍ ചന്ദ്, അഡ്വ. സൂര്യനാരായണന്‍, സി.പി. സുലൈമാന്‍, തുടങ്ങി എല്‍.ഡി.എഫ് നേതാക്കള്‍ പ്രദീപ് കുമാറിനൊപ്പമുണ്ടായിരുന്നു.
കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍ ഇന്ന് മുതല്‍ 20 വരെ ഓരോ നിയമസഭാ മണ്ഡലത്തിലെയും പ്രധാന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിക്കും. ഇന്ന് കോഴിക്കോട് നോര്‍ത്തിലും 15 ന് ബാലുശ്ശേരിയിലും 16 ന് കോഴിക്കോട് സൗത്തിലും 17 ന് എലത്തൂരും 18 ന് കുന്നമംഗലത്തും 19 ന് കൊടുവള്ളിയിലും 20 ന് ബേപ്പൂരിലുമാണ് സന്ദര്‍ശനം നടത്തുക. ഇന്ന് ബാലുശ്ശേരിയിലും കോഴിക്കോട് നോര്‍ത്തിലും കുന്നമംഗലത്തും നിയമസഭാ മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടക്കും. നാളെ ബേപ്പൂര്‍, കോഴിക്കോട് സൗത്ത്, കൊടുവള്ളി എന്നിവടങ്ങളില്‍ കണ്‍വെന്‍ഷന്‍ നടക്കും.

Advertisement
Advertisement