മേ‌ളപ്രമാണി കേളത്ത് അരവിന്ദാക്ഷ മാരാർക്ക് തലചായ‌്ക്കാൻ ഇനി സ്വന്തം വീട‌് ; തൃശൂർ കോർപ്പറേഷന്റെ ലൈഫ് പദ്ധതിയുടെ ആദ്യ ഗഡു മന്ത്രി സുനിൽ കുമാർ കൈമാറി

തൃശൂർ കോർപറേഷനിൽ  ലൈഫ്–പിഎംഎവൈ പദ്ധതിപ്രകാരം  നൽകുന്ന  വീട‌് നിർമാണത്തിന‌് ആദ്യഗഡു   മന്ത്രി വി എസ‌് സുനിൽകുമാറിൽനിന്ന‌്    കേളത്ത‌് അരവിന്ദാക്ഷമാരാർ  ഏറ്റുവാങ്ങുന്നു
തൃശൂർ കോർപറേഷനിൽ ലൈഫ്–പിഎംഎവൈ പദ്ധതിപ്രകാരം നൽകുന്ന വീട‌് നിർമാണത്തിന‌് ആദ്യഗഡു മന്ത്രി വി എസ‌് സുനിൽകുമാറിൽനിന്ന‌് കേളത്ത‌് അരവിന്ദാക്ഷമാരാർ ഏറ്റുവാങ്ങി.
 
തൃശൂർ കോർപറേഷനിലെ എൽഡിഎഫ‌് ഭരണസമിതിയുടെ നിർദേശപ്രകാരം കുടുംബശ്രീ നടത്തിയ സർവേയിൽ കേളത്ത‌് അരവിന്ദാക്ഷമാരാർ എന്ന മഹാ കലാകാരന‌് വീടില്ലെന്നറിഞ്ഞു. തുടർന്ന‌് വീടില്ലാത്തവർക്ക‌്  വീട് നൽകുന്ന സർക്കാരിന്റെ ഭവന പദ്ധതിയിൽ ലൈഫ‌് പദ്ധതിപ്രകാരം കോർപറേഷൻ നൽകുന്ന വീടുകളിൽ ആദ്യപേരായി കേളത്തിനെ ഉൾപ്പെടുത്തുകയായിരുന്നു.
 
കോർപറേഷനിൽ ഒരുസെന്റെങ്കിലും സ്വന്തമായി ഭൂമിയുള്ള 800 പേർക്കാണ‌് വീട‌് നിർമാണത്തിന‌് ആദ്യഗഡു വിതരണം ചെയ‌്തത‌്. സംഖ്യ ഏറ്റുവാങ്ങാനെത്തിയ കേളത്തിനെ സദസ്സിന്റെ മുൻനിരയിൽതന്നെ ഇരുത്തി. ഉദ‌്ഘാടനത്തിന‌് എത്തിയ മന്ത്രി വി എസ‌് സുനിൽകുമാർ കേളത്തിനെ കണ്ട‌് കുശലം പറഞ്ഞു. അപ്പോഴും കേളത്ത‌് ചിരിക്കുകമാത്രമാണ‌് ചെയ‌്തത‌്. തനിക്ക‌് സ്വന്തമായി വീടില്ലെന്ന കാര്യം പറഞ്ഞില്ല. കേളത്തിനെ ആദരിക്കുന്നുണ്ടെന്നാണ‌് കരുതിയത‌്. പക്ഷെ വീട‌് നൽകുന്നവരിൽ ആദ്യപേരായി കേളത്തിനെ വിളിച്ചപ്പോൾ മന്ത്രിയും ഞെട്ടി.
 
ലോകം മുഴുവൻ ആവേശം കൊള്ളുന്ന തൃശൂർ പൂരത്തിന്റെ മേളക്കാരിൽ പ്രധാനിയാണ‌് കേളത്തെന്ന‌് മന്ത്രി പറഞ്ഞപ്പോഴാണ‌് സദസ്സിലുള്ള മറ്റുള്ളവരും ഇക്കാര്യം അറിഞ്ഞത‌്. ഇതോടെ നിറഞ്ഞ കൈയടി ഉയർന്നു. നാടുനീളെ കൊട്ടിക്കയറുമ്പോഴും ഇതുവരെ വീടുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് എൺപതിനോടടുത്തുപ്രായമുള്ള കേളത്ത് മന്ത്രിയോട‌്പറഞ്ഞു. വീടിന‌് പണം അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും മന്ത്രിയോട‌് പറഞ്ഞു.
 
ഇലഞ്ഞിത്തറ മേളം പെരുവനം കുട്ടൻമാരാരുടെ വലത് വശത്തായി മുൻനിരയിൽ നിന്നു കൊട്ടിക്കയറി ആയിരങ്ങളെ മേളലഹരിയിൽ ആറാടിക്കുന്ന   കേളത്തിന‌് ഇതുവരെ സ്വന്തം വീടുണ്ടായിരുന്നില്ല. ഒല്ലൂർ എടക്കുന്നി പി ആർ പടിയിൽ സഹോദരി തങ്കത്തിന്റെ പേരിലുള്ള വീട്ടിലാണ് താമസിക്കുന്നത്. സഹോദരി രണ്ടുവർഷം മുമ്പേ മരിച്ചു. അവരുടെ രണ്ട് മക്കളോടൊപ്പമാണ് കഴിയുന്നത്. ഈ പ്രായത്തിലും മേളരംഗത്ത് സജീവമാണ്. ഭവന നിർമാണത്തിെന്റെ ആദ്യഗഡു സ്വീകരിച്ച് മന്ത്രിയോട് കുശലം പങ്കിട്ട് വൈകിട്ട് പുത്തൂരിലെ മേളത്തിനായി കേളത്ത് മടങ്ങി.
 
തൃശൂർ കോർപറേഷനിൽ ലൈഫ്–പിഎംഎവൈ പദ്ധതി പ്രകാരം പദ്ധതി പ്രകാരം അർഹരായ 792 കുടുബങ്ങൾക്കാണ് വീട് നൽകുന്നത്. ആകെ പദ്ധതി തുക 31.68 കോടിയാണ്. ഒരുവീടിന് 1.5 ലക്ഷം രൂപ നിരക്കിൽ 11.88 കോടി രൂപ കേന്ദ്ര വിഹിതവും 50000 രൂപ നിരക്കിൽ 3.96 കോടി രൂപ സംസ്ഥാനവിഹിതവും രണ്ടു ലക്ഷം രൂപ നിരക്കിൽ 15.84 കോടി രൂപ നഗരസഭാവിഹിതവും ആണ്. നേരത്തെ 676 പേർക്ക് ധനസഹായം അനുവദിച്ചിരുന്നു. മൊത്തം 1468പേർക്കാണ് വീട് നൽകുന്നത്. അർഹമായ കേന്ദ്രവിഹിതം ഇനിയും ലഭിച്ചില്ലെങ്കിലും കോർപറേഷൻ നഗരസഭാവിഹിതം എടുത്താണ് പദ്ധതി വേഗതയിൽ നടപ്പാക്കുന്നത്
 
Advertisement
Advertisement