അനാഥയായ സഹപാഠിയുടെ ജന്മദിനം ആഘോഷമാക്കി കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുരുന്നു കൂട്ടുകാർ

അനാഥയായ കൂട്ടുകാരിയുടെ ജന്മദിനം പിറന്നാൾ കേക്കും പുതുവസ്ത്രവും സമ്മാനങ്ങളുമായി ആഘോഷമാക്കി കുരുന്നു കൂട്ടുകാർ. വയനാട് ജില്ലയിലെ 

കാക്കവയൽ സ്‌കൂളിലെ ഒരു കൊച്ചുകുട്ടി തന്റെ അദ്ധ്യാപകന് എഴുതിയ കുറിപ്പും  ഒപ്പം കുട്ടികളുടെ അദ്ധ്യാപകൻ സിറാജ് വേങ്ങൂരിന്റെ വിവരണവും വൈകാരികമായ അനുഭവങ്ങൾ ഉണർത്തുന്നു.
 
ഇത്, 
കാക്കവയൽ ഗവ. എച്ച്.എസ്.എസിലെ മൂന്നാം തരം വിദ്യാർത്ഥികൾ.
 
കഴിഞ്ഞ ദിവസം ക്ലാസിൽ നിന്നിറങ്ങാൻ ഒരുങ്ങുമ്പോൾ ദിൽഷ ഓടി വന്ന് ഒരെഴുത്ത് കീശയിലിട്ടു. 'സാർ, ഇപ്പോളിത് വായിക്കരുത്, പിന്നീട് വായിച്ച് ഒരു ഹെൽപ്പ് ചെയ്താൽ മതി' എന്നായി അവൾ.
 
സ്റ്റാഫ് റൂമിലെത്തി കുറിപ്പ് നോക്കിയപ്പോൾ മനസ്സൊന് വിങ്ങി, പിന്നെ കണ്ണുകൾ നിറഞ്ഞു.
 
വളരെ ചെറുപ്പത്തിൽ അമ്മ നഷ്ടപ്പെട്ട തങ്ങളുടെ കൂട്ടുകാരിയുടെ പിറന്നാൾ സന്തോഷം അവർ പങ്കുവക്കാൻ തീരുമാനിച്ചുവെന്നും അതിലേക്ക് സഹായിക്കണമെന്നുമായിരുന്നു ആ എഴുത്തിന്റെ ഉള്ളടക്കം. 'ഞങ്ങൾക്കുള്ള ഒരു ഭാഗ്യം അവൾക്കില്ല..' മാതൃത്വത്തെ മഹാഭാഗ്യമായി കണ്ട ആ വരികൾ ഉള്ളം ഉലച്ചു. കാരണം എന്റെ ആ മഹാ സൗഭാഗ്യവും ഇയ്യിടെയാണ് എന്റെ കൺമറഞ്ഞത്.
 
അടുത്ത ദിവസം,
ദിൽഷയും ശഹാനയും പുത്തനുടുപ്പ് കൊണ്ടുവന്നിരുന്നു. ഹിബയുടെ വക കമ്മലുമുണ്ട്. കേക്കും മധുരവും നൽകി ഞങ്ങൾ അധ്യാപകർ  കൂടെ നിന്നു.
 
അങ്ങനെ അവർ സഹജീവി സ്നേഹത്തിന്റെ, ആർദ്രതയുടെ,
സഹാനുഭൂതിയുടെ,
നല്ല പാഠങ്ങൾ സ്വയം പകർത്തുകയായിരുന്നു.
 
ദാരിദ്രത്തിന്റെ പാരമ്യതയിൽ പൊന്നുമോളുടെ പിറന്നാളിന് പുത്തനുടുപ്പ് വാങ്ങാനില്ലാതെ പകച്ചുപോയ ഒരമ്മയുടെയും ഒരച്ഛന്റെയും കഥ പറയുന്ന
'മഞ്ഞപ്പാവാട'
അവർ മലയാളത്തിൽ പഠിച്ചതാണ്. അണ്ണാരക്കണ്ണനെ കൂട്ടിലടച്ച റാഷിദിന്റെ കഥയും حزن الأم(അ/ഉമ്മനോവ്) എന്ന അറബി അധ്യായത്തിൽ  അവർ പഠിക്കുന്നുമുണ്ട്. അമ്മഅണ്ണാൻ കൂടിന് ചുറ്റും കരഞ്ഞ് നടക്കുന്നത് കണ്ട വല്യുപ്പ അമ്മമനസ്സ് നോവരുതെന്ന് പറഞ്ഞ് വിട്ടയക്കാൻ ആവശ്യപ്പെടുന്നതാണ് കഥാതന്തു.
 
ഈ കുഞ്ഞിളം മക്കളുടെ വർണ്ണ-വർഗ്ഗ-ജാതി-മതങ്ങൾക്കതീതമായ കരുതലും കാത്തുവെപ്പും പുതിയ കാലത്ത് പ്രതീക്ഷയുടെ  പുതുനാമ്പുകളാണ്.
 
സഹജീവി സ്നേഹത്തിന്റെ വർത്തമാന പരിസരം പറഞ്ഞുതരുന്ന ബെന്യാമിൻ എഴുതിയ ഒരു കഥയുണ്ട്;  'മനുഷ്യൻ എന്ന സഹജീവി'.
പരിസ്ഥിതിക്കും ജന്തുക്കൾക്കും വേണ്ടി പകൽ മുഴുവൻ ഓടിനടന്ന പൊതുപ്രവർത്തകനായ കഥാനായകൻ രാത്രി വൈകി വീട്ടിലെത്തിയപ്പോൾ ഭാര്യ പറഞ്ഞു. അയൽപക്കത്തെ കുട്ടി എന്തോ അസുഖമായി കിടക്കുന്നു. അവനെ ആശുപത്രിയിൽ കൊണ്ടുപോവാൻ ഒന്ന്  സഹായിക്കാമോ?
'എന്നെപ്പോലെ തിരക്കുള്ള ഒരാളെ ഇതിനൊക്കെ വിളിക്കാമോ? എനിക്കെവിടെ സമയം..?!' എന്ന് ക്ഷുഭിതനായി ആക്രോശിക്കുകയാണയാൾ.
 
ബെന്യാമിൻ വരച്ചിടുന്ന സഹജീവി സ്നേഹത്തിന്റെ പൊള്ളയായ വർത്തമാന വിശേഷങ്ങൾക്കിടയിലും ഇന്നലകളിലെ സ്നേഹവായ്പ്പിന്റെയും കരുതലിന്റെയും ചില ഈടുവെപ്പുകൾ അങ്ങിങ്ങായി മായാതെ നിൽക്കുന്നുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതാണീ സ്കൂൾ അനുഭവം.
 
മാനവിക മൂല്യങ്ങളുടെ ഇത്തരം പഠനനേട്ടങ്ങൾ പുതുതലമുറയുടെ ജീവിതത്തിൽ പ്രകടമാവുമ്പോഴാണ് പഠനം ഉത്സവമാകുന്നത്.
 
അതാണ് ശരിക്കും  'പഠനോത്സവം'.
 
Siraj Vengoor
Advertisement
Advertisement