മെഡിക്കൽ, എൻജിനിയറിങ‌് വിദ്യാർഥികൾക്ക് പബ്ലിക‌് ലൈബ്രറികളെ പോലെ ആശ്രയിക്കാവുന്ന ലബോറട്ടറികൾ സർക്കാരിന്റെ പരിഗണനയിൽ - മുഖ്യമന്ത്രി പിണറായി വിജയൻ

മെഡിക്കൽ, എൻജിനിയറിങ‌് വിദ്യാർഥികൾക്ക് പബ്ലിക‌് ലൈബ്രറികളെ പോലെ ആശ്രയിക്കാവുന്ന ലബോറട്ടറികൾ സർക്കാരിന്റെ പരിഗണനയിലാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടുപിടിത്തങ്ങൾക്ക് പേറ്റന്റ് നേടാനുള്ള പ്രത്യേക സഹായം നൽകാൻ നിയമ വിദഗ്ധരുമായി ആലോചിച്ച‌്  നടപടി സ്വീകരിക്കും. സ‌്റ്റാർട്ടപ്പ‌് സംരംഭങ്ങൾക്ക‌് നിക്ഷേപവും നികുതിയാനുകൂല്യവും ലഭിക്കണമെന്ന നിലപാടാണ‌് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനുകീഴിലെ അഡീഷണൽ സ‌്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ‌്) നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല പ്രൊഫഷണൽ വിദ്യാർഥി ഉച്ചകോടി  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
സാങ്കേതിക വിദ്യയുടെ കോളനിയാകാതെ അതിന്റെ ഉപജ്ഞാതാക്കളും സാധ്യതകളുടെ പ്രയോക്താക്കളുമാകാൻ കേരളീയ സമൂഹം സജ്ജമാകണം. നവീന സാങ്കേതിക വിദ്യകൾ കേരളത്തിലെത്തിക്കാനും ഇവ വികസിപ്പിച്ച് നാടിന് ഇണങ്ങുന്ന രീതിയിൽ മികവുറ്റതാക്കാനും ചെറുപ്പക്കാർ മുന്നിട്ടിറങ്ങണം.
 
നാടിന്റെ വൈദഗ്ധ്യ നിർമിതിയുടെ കേന്ദ്രമായി പ്രൊഫഷണൽ വിദ്യാലയങ്ങളും വിദ്യാർഥികളും പ്രവർത്തിക്കണം. പ്രൊഫഷണൽ, ഉന്നത വിദ്യാഭ്യാസരംഗം മികവുറ്റതാക്കുന്നതിന് സർക്കാർ ഊന്നൽ നൽകും. 
 
സമൂഹത്തിൽ താഴേക്കിടയിലുള്ളവരുടെ ജീവിതത്തിൽ ഗുണപ്രദമായ മാറ്റങ്ങളുണ്ടാക്കാൻ സാങ്കേതികവിദ്യയ്‌‌ക്ക് കഴിയണം. കർഷകരും പരമ്പരാഗത വ്യവസായങ്ങളിൽ പ്രവർത്തിക്കുന്നവരും നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. കൃഷി, ഫിഷറീസ്, പൗൾട്രി തുടങ്ങിയ രംഗങ്ങളിലെല്ലാം സാങ്കേതികവിദ്യയിൽ ഊന്നിയുള്ള മുന്നേറ്റം സൃഷ്ടിക്കണം.
 
ഗവേഷണം, സന്നദ്ധത, മനഃസാന്നിധ്യം എന്നിവയിൽ കേരളം മികവ് തെളിയിച്ചിട്ടുണ്ട്. നിപ വൈറസ് ബാധയെ പ്രതിരോധിച്ചപ്പോൾ സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടെ മികവ് ലോകം പ്രശംസിച്ചതാണ‌്. ആതുര സേവനരംഗത്ത് രോഗികൾ ഉള്ളിടത്തേക്ക് ഡോക്ടർമാരെ എത്തിക്കുകയെന്ന നയമാണ് സർക്കാരിനുള്ളത‌്. ഈ മേഖലയിൽ  ഗ്ലോബൽ  അപ്ഗ്രഡേഷൻ പ്രോഗ്രാം ഏർപ്പെടുത്തും.
 
അടുത്ത 10 വർഷത്തിനുള്ളിൽ വലിയ മാറ്റങ്ങളാണ് ലോകത്തുണ്ടാകാൻ പോകുന്നത്. ഇന്റർനെറ്റ് സാർവത്രികമാകുന്നതോടെ ഡിജിറ്റൽ വിടവ് കുറയുമെങ്കിലും മറ്റ് പലതും ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകരുത്. പ്രൊഫഷണൽ വിദ്യാഭ്യാസം കാലാനുസൃതമാക്കാനും കോഴ്‌സ് പൂർത്തിയാക്കുന്നവരെ തൊഴിൽ സജ്ജരാക്കാനും വർഷംതോറും സിലബസ്  പരിഷ്‌കരിക്കും‐ മുഖ്യമന്ത്രി പറഞ്ഞു.
Advertisement
Advertisement