ഇടതുപക്ഷത്തിന‌് വിലയിടാൻ ഒരു പണച്ചാക്കും ധൈര്യപ്പെടില്ല : മുഖ്യമന്ത്രി പിണറായി വിജയൻ

ഇടതുപക്ഷത്തിന‌് വിലയിടാൻ രാജ്യത്ത‌് ഒരു പണച്ചാക്കും ധൈര്യപ്പെടില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷം രാജ്യത്ത‌് അത്ര ശക്തമല്ലല്ലോ എന്ന‌് സംശയിക്കുന്നവരുണ്ടാകാം. ഇടതുപക്ഷസാന്നിധ്യം എന്ത‌് മാറ്റമുണ്ടാക്കുമെന്ന‌് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത‌് കണ്ടതാണ‌്. അന്ന‌് ജനക്ഷേമകരമായ ഒട്ടേറെ തീരുമാനങ്ങൾ എടുപ്പിക്കാൻ ഇടതുപക്ഷ ഇടപെടൽ വഴിയൊരുക്കി. ആ വഴിക്കാണ‌് ഇന്ന‌് ദേശീയ രാഷ്ട്രീയം തിരിഞ്ഞിരിക്കുന്നത‌്. കെഎസ‌്ടിഎ സംസ്ഥാന  പൊതുസമ്മേളനം ഇ കെ നായനാർ പാർക്കിൽ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
 
 
രാജ്യം നേരിടുന്ന വിപത്തുകൾക്കെതിരെ ശക്തമായ നിലപാട‌് സ്വീകരിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ. മോഡിക്കും കൂട്ടർക്കും ഒരിക്കൽക്കൂടി രാജ്യത്തിന്റെ നിയന്ത്രണം കൈവന്നാൽ മതനിരപേക്ഷതയും ജനാധിപത്യവും തകരും.  ഇത്തരം ശക്തികൾക്കെതിരെ ശക്തമായ നിലപാട‌് സ്വീകരിക്കുന്ന സംസ‌്കാരമാണ‌് കേരളത്തിന്റേത‌്. അത‌് നിലനിർത്താനാകണം. കോടികൾ വിലയിടുന്നതിന‌് അനുസരിച്ച‌് രാഷ്ട്രീയനിലപാട‌് എടുക്കുന്ന ആഭാസന്മാർ പ്രത്യേക രാഷ്ട്രീയത്തിന്റെ ഭാഗമായി നിലകൊള്ളുന്നുണ്ട‌്. അവർ  ഒരിക്കലും ജനപ്രതിനിധികളായി വന്നുകൂടാ. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. 
നവോത്ഥാനത്തെയും നവോത്ഥാനനായകരെയും കുറിച്ചുള്ള പാഠഭാഗങ്ങൾ ഇന്ന‌് കുറഞ്ഞിരിക്കുന്നു. ഇത‌് പരിഹരിക്കാൻ നടപടി സ്വീകരിക്കും. 
 
വിദ്യാഭ്യാസം സാർവത്രികമാക്കാൻ നവോത്ഥാന നായകർ വലിയതോതിൽ ഇടപെട്ടു. മിഷണറിമാരുടെ പങ്കും പ്രധാനമാണ‌്. നാടിന്റെ ഇന്നത്തെ അവസ്ഥയ‌്ക്ക‌് അടിത്തറയിട്ടത‌് നവോത്ഥാനമാണ‌്. എന്നാൽ,  നവോത്ഥാനം മാത്രമാണ‌് സമൂഹ്യമാറ്റത്തിന‌് ഇടയാക്കിയതെന്ന‌് പറയാനാകില്ല. കേരളത്തിൽ നവോത്ഥാനത്തിന‌് ശരിയായ തുടർച്ചയുണ്ടായി. ദേശീയപ്രസ്ഥാനം, കമ്യൂണിറ്റ‌് പ്രസ്ഥാനങ്ങൾ എന്നിവയുടെ ഇടപെടലുകളുടെ ഫലമായി നവോത്ഥാന ആശയം പുതിയ മാനത്തിലേക്ക‌് ഉയർന്നു. വർഗപരമായ ഐക്യമുണ്ടായി. ജാതിവ്യവസ്ഥ ഇല്ലാതായി. ഇതിലൂടെ നവോത്ഥാന നായകർ ആഗ്രഹിച്ചപോലെ ജാതിഭേദമില്ലാത്ത സമൂഹത്തെ വാർത്തെടുക്കാനായി. യാഥാസ്ഥിതികവിഭാഗം ഇതിൽ അസംതൃപ‌്തരായിരുന്നു. നവോത്ഥാനനായകർ എന്തിനെതിരെ പോരാടിയോ അതിനെ പുനഃസ്ഥാപിക്കാൻ അവർ തുടർച്ചയായി ശ്രമിച്ചു. ഇപ്പോൾ പ്രത്യേക രീതിയിൽ അത‌് പൊട്ടിപ്പുറപ്പെട്ടപ്പോഴാണ‌്  നമ്മുടെ നാട്ടിലും ഇങ്ങനെ ചിന്തിക്കുന്നവരുണ്ടോ എന്ന‌് നാം ആശ്ചര്യപ്പെട്ടത‌്. നാടിനെ ഇരുണ്ടനാളുകളിലേക്ക‌് തള്ളിയിടാനുള്ള പരിശ്രമങ്ങൾക്കെതിരെ ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
 
Advertisement
Advertisement