സീറ്റിനെ ചൊല്ലി കോൺഗ്രസിൽ അടി മൂക്കുന്നു : 5 സീറ്റ് വേണമെന്ന് യൂത്ത‌് കോൺഗ്രസ് ; വരത്തൻമാരും വയസ്സൻമാരും വേണ്ടെന്ന വികാരം ശക്തം

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികളിൽ നിന്നുള്ള സമ്മർദത്തിനു പുറമെ പാർടിയിൽ നിന്നുയരുന്ന ആവശ്യങ്ങൾ കോൺഗ്രസിന‌് തലവേദനയാകുന്നു. മുസ്ലിംലീഗും കേരള കോൺഗ്രസും  അധിക സീറ്റ‌് ആവശ്യപ്പെട്ട‌് രംഗത്തുവന്നിട്ടുണ്ട‌്.  യൂത്ത‌് കോൺഗ്രസ‌് അഞ്ച‌് സീറ്റ‌് ആവശ്യപ്പെടുന്നതും തൃശൂർ, വയനാട‌് മണ്ഡലങ്ങളിൽ പ്രാദേശിക സ്ഥാനാർഥികളെ വേണമെന്ന വാദവുമാണ‌് കോൺഗ്രസിനെ കുഴക്കിയിരിക്കുന്നത‌്. 
 
വരത്തൻമാരെയും വയസ്സൻമാരെയും വേണ്ടെന്ന‌് യൂത്ത‌് കോൺഗ്രസുകാർ തൃശൂർ നഗരത്തിൽ പോസ‌്റ്ററുകൾ പതിച്ചു. വയനാട്ടിലേക്ക‌് പുറത്തുനിന്ന‌് ആളുകൾ വേണ്ടെന്ന‌് അവിടത്തെ യൂത്ത‌് കോൺഗ്രസുകാരും നിലപാടെടുത്തു. പിന്നീട‌് മലബാറിൽനിന്ന‌് പുറത്തുള്ളവർ വേണ്ടെന്ന‌് മയപ്പെടുത്തി. കോൺഗ്രസിന‌് ലഭിക്കുന്ന സീറ്റിൽ അഞ്ചെണ്ണമെങ്കിലും യൂത്ത‌് കോൺഗ്രസിന‌് വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട‌്. ജയിക്കുന്ന സീറ്റ‌ിനായി മഹിളാകോൺഗ്രസും രംഗത്തുണ്ട‌്. ഘടകകക്ഷികൾ ശക്തമായി ആവശ്യമുന്നയിച്ചാൽ ചെറുക്കാനാവാത്തവിധം പാളയത്തിൽ തന്നെ പടയാണ‌്.  മലപ്പുറം, പൊന്നാനി സീറ്റുകൾക്കു പുറമെ വയനാടോ വടകരയോ ലഭിക്കണമെന്നാണ‌് മുസ്ലിംലീഗ‌് ആവശ്യപ്പെടുന്നത‌്. 
 
കേരള കോൺഗ്രസ‌് എം നേതാവ‌് ജോസ‌് കെ മാണി രാജ്യസഭാംഗം ആയതോടെ  കോട്ടയം സീറ്റ‌ിൽ മത്സരിക്കാൻ കോൺഗ്രസ‌് തയ്യാറെടുത്തിരുന്നു. ഉമ്മൻചാണ്ടി മത്സരിക്കുമെന്ന പ്രചാരണം ഉയർത്തിവിട്ടത‌് ഈ ലക്ഷ്യത്തോടെയായിരുന്നു.  പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല ഡൽഹിയിലെത്തി കോൺഗ്രസ‌് നേതൃത്വവുമായി ചർച്ച നടത്തി, എംഎൽഎ മാരെ സ്ഥാനാർഥികളാക്കരുതെന്ന നിബന്ധന കൊണ്ടുവന്നു. അനിവാര്യ ഘട്ടത്തിൽ ഹൈക്കമാൻഡിന‌്  തീരുമാനമെടുക്കാമെന്ന ഉപവകുപ്പും. കോട്ടയം  വിട്ടുകൊടുക്കാൻ മാണി തയ്യാറല്ല. മാത്രമല്ല,  ഇടുക്കി കൂടി  വേണമെന്ന‌ാണ‌് അവരുടെ ആവശ്യം.
 
ജോസഫ‌്, മാണി ഗ്രൂപ്പുകൾ ലയിച്ചപ്പോൾ കൂടുതൽ സീറ്റ‌് ലഭിക്കേണ്ടതാണെന്ന വാദം ഉയർത്തി  പി ജെ ജോസഫും ഇടുക്കി സീറ്റ‌് വേണമെന്ന‌് ആവശ്യം ഉയർത്തി.  
ആർഎസ‌്പി കൊല്ലം സീറ്റ‌് ഏകപക്ഷീയമായി പ്രഖ്യാപിച്ചതും കോൺഗ്രസിന‌് നാണക്കേടുണ്ടാക്കിയിരുന്നു. ശക്തമായി ചരടുവലികൾ നടത്തുന്ന വിവിധ ഗ്രൂപ്പുകളും ദുർബലമായ കെപിസിസി നേതൃത്വവുമാണ‌് കോൺഗ്രസിലുള്ളത‌്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Advertisement
Advertisement