ബിജെപി ഗ്രൂപ്പിസം പുതിയ തലങ്ങളിലേക്ക് ; തിരുവനന്തപുരത്ത‌് റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് പി പി മുകുന്ദൻ ; അങ്കലാപ്പിൽ ബിജെപി നേതൃത്വം

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത‌് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച  പി പി മുകുന്ദന‌് ഒരുവിഭാഗം  ബിജെപി–-ആർഎസ‌്എസ‌് നേതാക്കളുടെ പിന്തുണ. മുൻ സംഘടനാ ജനറൽ സെക്രട്ടറിയായ മുകുന്ദന്റെ പ്രഖ്യാപനം സംസ്ഥാന ബിജെപി ഘടകത്തെ ഞെട്ടിച്ചു. സംസ്ഥാന നേതൃത്വത്തോട‌് അതൃപ‌്തിയുള്ളവരാണ‌് മുകുന്ദനെ കളത്തിലിറക്കുന്നത‌്. തിരുവനന്തപുരത്ത‌് മത്സരിക്കാനുള്ള തിരുമാനം താൻ ഒറ്റയ‌്‌‌‌‌‌ക്കെടുത്തതല്ലെന്നാണ‌് മുകുന്ദന്റെ വിശദീകരണം.
 
ബിജെപിയിലും ആർഎസ‌്എസിലുമുള്ള ഒട്ടേറെ നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിനിധിയാണെന്നും  അവകാശപ്പെടുന്നു. സംസ്ഥാന  ബിജെപി നേതൃത്വത്തിന്റെ പ്രവർത്തനശൈലിയിലുള്ള നീരസമാണ‌് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറയുന്നു. പരസ്യമായി പ്രതികരിക്കാതെ മുകുന്ദനെ മെരുക്കാനുള്ള നീക്കത്തിലാണ‌് നേതൃത്വം.
 
മുരളീധരൻ അത്ര മോശക്കാരനല്ല
 
ശബരിമല വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ വിമർശിച്ച‌് മുകുന്ദൻ രംഗത്ത‌ുവന്നിരുന്നു. നേരത്തെ ശത്രുപക്ഷത്തായിരുന്ന വി മുരളീധരൻ എംപിയുടെ ഗ്രൂപ്പുമായി അകലം കുറഞ്ഞിട്ടുമുണ്ട‌്. അത്ര മോശക്കാരനല്ല എന്നതാണ‌് ഇപ്പോഴത്തെ നിലപാട‌്. എന്നാൽ, മുകുന്ദന്റേത‌് സമ്മർദതന്ത്രമാണെന്നും തെരഞ്ഞെടുപ്പ‌ുകാലത്ത‌് ഇത‌് പതിവാണെന്നും പ്രമുഖ ബിജെപി നേതാവ‌് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരം പ്രഖ്യാപനമുണ്ടായെന്നതും ഓർമിപ്പിക്കുന്നു. ഗ്രൂപ്പുകൾ മുകുന്ദന്റെ പിന്നിലുണ്ടെങ്കിലും ഈ നീക്കം വിലപേശൽ തന്ത്രമായി വ്യാഖ്യാനിച്ച‌് മുനയൊടിക്കാമെന്ന പ്രതീക്ഷയിലാണ‌് സംസ്ഥാന നേതൃത്വം. 
 
# ഞെട്ടിത്തകർന്ന‌് പിള്ള
 
തിരുവനന്തപുരത്ത‌് സ്ഥാനാർഥിത്വത്തിന‌് ശ്രമിക്കുന്നവരിൽ മുമ്പനാണ‌് സംസ്ഥാന പ്രസിഡന്റ‌് അഡ്വ. പി എസ‌് ശ്രീധരൻപിള്ള. സീറ്റ‌് തരപ്പെടുത്താൻ തകൃതിയായി  നീക്കം നടത്തുമ്പോഴാണ‌് മുകുന്ദന്റെ അടി.  ഇത‌് നേതൃത്വത്തെ അക്ഷരാർഥത്തിൽ വെട്ടിലാക്കിയിരിക്കയാണ‌്.  ദീർഘകാലം ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന പി പി മുകുന്ദൻ തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ട‌് വർഷങ്ങളായി. എന്നാൽ, നേതാക്കളിലൊരു വിഭാഗം തുടർച്ചയായി അവഗണിച്ചു. കുമ്മനം രാജശേഖരൻ സംസ്ഥാന പ്രസിഡന്റായിരിക്കവെ ചില നീക്കങ്ങൾ നടന്നെങ്കിലും  ഫലവത്തായില്ല.
 
മുതിർന്ന ആർഎസ‌്എസ‌് നേതാവായ മുകുന്ദൻ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. 1996-ൽ സ്ഥാനം നഷ്ടമായി. തുടർന്ന‌് സജീവപ്രവർത്തനത്തിൽനിന്ന‌് വിട്ടുനിന്നു. ആർഎസ‌്എസിന്റെ സാധാരണ പ്രവർത്തകരുമായി അടുത്ത ബന്ധമുള്ള  മുകുന്ദൻ ഈയടുത്തായി സംഘിന്റെ ചില പരിപാടികളിൽ  പങ്കെടുക്കുന്നുമുണ്ട‌്.  ശ്രീധരൻപിള്ള പ്രസിഡന്റായതോടെ നേതൃതലത്തിൽ പ്രവേശനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പിള്ള തിരിഞ്ഞുനോക്കാതായി. ഇതിൽ കടുത്ത നിരാശയിലും അമർഷത്തിലുമായിരുന്നു. 
 
 
 
Advertisement
Advertisement