ശബരിമല ഹർത്താൽ അക്രമത്തിൽ പങ്കെടുത്ത മകന്റെ പേരിൽ കേസെടുത്തു ; വഴിപിഴച്ച മകനെയോർത്ത് അച്ഛൻ കൊല്ലം തേവലക്കര മോഹനൻ പിള്ള ആത്മഹത്യ ചെയ്തു

ശബരിമലയിൽ യുവതീപ്രവേശത്തെത്തുടർന്നു കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദ്ധിച്ച കേസിലെ പ്രതിയുടെ പിതാവ് ആത്മഹത്യ ചെയ്തു. തേവലക്കര പടിഞ്ഞാറ്റക്കര കൊച്ചുപന്താടിയിൽ (മനേഷ് ഭവനിൽ) മോഹനൻപിള്ള (65) ആണു വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
 
ജനുവരി  2നു പന്മന കണ്ണൻകുളങ്ങര ജംക്‌ഷനിൽ ബൈക്ക് യാത്രക്കാരൻ പന്മന നെറ്റിയാട് സ്വദേശി അനീസിനെ ആക്രമിച്ച കേസിൽ പ്രതിയായിരുന്നു മോഹനൻപിള്ളയുടെ മകൻ മനോജ് കുമാർ. പൊലീസ് അന്വേഷിച്ചെത്തിയതിനെത്തുടർന്ന് മനോജ് കീഴടങ്ങിയെങ്കിലും മകൻ അക്രമത്തിൽ പങ്കാളിയായി കേസിൽ പെട്ടതിന്റെ മനോവിഷമത്താൽ മണിക്കുറുകൾക്കകം മോഹനൻപിള്ളയെ ജീവനൊടുക്കുകയായിരുന്നു.
 
  ബിജെപി പടിഞ്ഞാറ്റക്കര 69–ാം നമ്പർ ബൂത്ത് പ്രസിഡന്റാണ് മോഹനൻപിള്ള. മകൻ യുവമോർച്ച പ്രവർത്തകനാണ്. ഇന്നലെ ഉച്ചയ്ക്ക് 12ന് ആണു ചവറ സ്റ്റേഷനിൽ മനോജും സുഹൃത്ത് പടിഞ്ഞാറ്റക്കര ശ്രീ വിഹാറിൽ ദേവാനന്ദും കീഴടങ്ങിയത്. വൈകിട്ട് നാലരയോടെ മോഹനൻപിള്ളയെ വീടിനുള്ളിൽ തുങ്ങിയ നിലയിൽ ഭാര്യയാണു കണ്ടെത്തിയത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.