കോട്ടയം പാത്താമുട്ടം സംഭവം: വ്യാജ പ്രചരണങ്ങളെ കോൺഗ്രസ് ഏറ്റുപിടിക്കുന്നു ; എന്താണ് യഥാർത്ഥ വസ്തുതകൾ - വിഎൻ വാസവൻ

കോട്ടയം പാത്താ മുട്ടത്തെ സംഭവങ്ങൾ വിശദമാക്കി സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ.
 
പാത്താമുട്ടം പ്രദേശത്ത് ആറു കുടുംബങ്ങൾക്ക് ഡിവൈഎഫ്ഐ ഊരുവിലക്ക് ഏർപ്പെടുത്തിയെന്ന നിലയിൽ കോൺഗ്രസ് ഉന്നതനേതൃത്വവും ചില മാധ്യമങ്ങളും ദിവസങ്ങളായി കുപ്രചാരണം നടത്തുകയാണ്. വസ‌്തുതയുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളിലൂന്നിയാണ് ഇവരുടെ നുണപ്രചാരണം.
 
പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയുമായി ബന്ധപ്പെടുത്തിയാണ് വിവാദം ഉയർത്താൻ ശ്രമിക്കുന്നത്. ഡിസംബർ 23ന് കരോൾ സംഘത്തിനുനേരെ ഡിവൈഎഫ്ഐ ആക്രമണം നടത്തിയെന്നതായിരുന്നു പ്രചാരണത്തിന് തുടക്കം. പിന്നീട് പള്ളി ആക്രമിച്ചെന്നായി. അടുത്ത ഘട്ടമായി ഊരുവിലക്കെന്നും. ഇക്കാര്യത്തിലെ വസ‌്തുതകളും രേഖകളും പരിശോധിക്കാൻ ഇപ്പോൾ സമരരംഗത്ത് എത്തിയിരിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രദേശത്തെ എംഎൽഎ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനും തയ്യാറായിട്ടുണ്ടോ ?
 
ക്രിസ‌്മസിനോട‌് അനുബന്ധിച്ച് മുപ്പതോളംവരുന്ന കരോൾസംഘം പാത്താമുട്ടം മുട്ടുചിറ കോളനിയിൽ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടികളും യുവാക്കളും അടങ്ങുന്ന  മൂന്നുനാലുപേർ കരോൾസംഘത്തോടൊപ്പം പാട്ടുപാടാൻ ശ്രമിച്ചു. കരോൾസംഘത്തിലെ ചിലർ ഇവരെ ആക്രമിച്ചു. കരോൾ സംഘത്തിലെ ചിലരുടെ കൈവശം കമ്പിവടിയും മറ്റു മാരകായുധങ്ങളും ഉണ്ടായിരുന്നതായി ദൃക‌്സാക്ഷികൾ പറയുന്നുണ്ട്. മുമ്പുതന്നെ ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഇവർക്കും യുവാക്കളുടെ കുടുംബവുമായും നിലനിന്നിരുന്നതിനാലാണ് ഇവർ ആയുധങ്ങൾ കരുതാൻ കാരണം. കുട്ടികളും യുവാക്കളും അടങ്ങുന്ന സംഘത്തിൽ ഡിവൈഎഫ്ഐയുടെ പ്രദേശത്തെ സാധാരണ പ്രവർത്തകർ മാത്രമാണുണ്ടായിരുന്നത്. 
കരോൾ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ നാലു യുവാക്കൾ കോട്ടയം ജനറൽ ആശുപത്രിയിൽ അന്നുരാത്രി പത്തോടെ ചികിത്സ തേടി.  ഇതേസമയം, പരിക്കേറ്റവരുടെ ബന്ധുക്കളിൽ ചിലർ ഇവരെ ആക്രമിച്ചവരിൽ ഒരാളുടെ വീട്ടിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. തർക്കവും വഴക്കുമായി. പിന്നാലെ വീട്ടുകാരിൽ ഒരാൾ സമീപത്തെ പള്ളിയിലേക്ക‌് ഓടിക്കയറി. തുടർന്ന് ഇയാളുടെയും പള്ളി സെക്രട്ടറിയുടെയും നേതൃത്വത്തിൽ അവിടത്തെ കസേരകൾ തല്ലിപ്പൊട്ടിച്ചു. ആഹാരപദാർഥങ്ങൾ എടുത്ത് തറയിൽ വിതറി. പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ പള്ളി ആക്രമിച്ചെന്ന് കള്ളമൊഴിയും നൽകി.
 
സംഭവം നടന്ന ദിവസമോ പിറ്റേന്നോ ‘ഊരുവിലക്ക്' എന്ന് പറയുന്ന കുടുംബങ്ങൾ പള്ളിയിൽ താമസിച്ചിട്ടില്ല.  പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തിൽ ഇരുകൂട്ടരും പ്രശ്നം പറഞ്ഞുതീർക്കാൻ പ്രാഥമികചർച്ചകൾ നടത്തി. ഇത് ലക്ഷ്യത്തിലേക്ക‌് നീങ്ങുന്നതിനിടയിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ രംഗപ്രവേശം. ഇതിനുപിന്നാലെയാണ് ‘ഊരുവിലക്ക‌്' എന്ന ആരോപണം ഉന്നയിക്കപ്പെടുന്നത്. ഡിവൈഎഫ്ഐയെയും ഇതിലേക്ക‌് വലിച്ചിഴച്ചു. രാഷ്ട്രീയമാനം സൃഷ്ടിക്കാനായി ‘ഊരുവിലക്ക്' എന്ന് പ്രചരിപ്പിച്ച് ചില മാധ്യമങ്ങളെ ഉപയോഗിച്ച് ശ്രമങ്ങളും തുടങ്ങി. ഇതിലൂടെ നാടിനെയാകെ ആക്ഷേപിച്ചിരിക്കുകയാണെന്നാണ് പ്രദേശവാസികൾ മുഖ്യമന്ത്രിക്കും മറ്റധികൃതർക്കും നൽകിയ കൂട്ടപ്പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
 
പാത്താമുട്ടം സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ട്. പള്ളിസെക്രട്ടറിയുടെയും കൂട്ടരുടെയും പരാതിയിൽ 452, 354 തുടങ്ങിയ ജാമ്യമില്ലാ  വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. പ്രതികളെന്ന് പരാതിയിൽ പറഞ്ഞവരെ അറസ്റ്റ് ചെയ‌്ത‌് കോടതിയിൽ ഹാജരാക്കി. കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. പള്ളിയും വീടും ആക്രമിച്ചെന്ന് പറയുന്ന സമയത്ത് ഇവർ ആശുപത്രിയിലായിരുന്നു. ജാമ്യമില്ലാവകുപ്പായിരുന്നെങ്കിലും പരാതിക്കാരുടെ മൊഴി പരിശോധിച്ചശേഷമാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. ദുർബലവകുപ്പുകളാണ് ചുമത്തിയതെന്ന എംഎൽഎ അടക്കമുള്ളവരുടെ ആരോപണം നിലനിൽക്കുന്നതല്ലെന്ന് രേഖകൾ പരിശോധിച്ചാൽ ബോധ്യമാകും.
 
പനച്ചിക്കാട്, കുറിച്ചി എന്നീ വില്ലേജുകളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവരാരും ഈ പ്രദേശത്ത് പിന്നീട് വന്നിട്ടില്ല. പിന്നെ ഇവർക്ക് ഈ കുടുംബങ്ങളെ  എങ്ങനെ തടഞ്ഞുവയ‌്ക്കാനാകും? മാത്രവുമല്ല, 23 മുതൽ പള്ളിക്ക‌് പൊലീസ് സംരക്ഷണമുണ്ട്. അടച്ചുറപ്പോ ശുചിമുറികളോ ഇല്ലാത്ത പള്ളിയിലാണ് ഊരുവിലക്കുമൂലം ദിവസങ്ങളായി താമസിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്. എന്നാൽ, യഥാർഥത്തിൽ സമീപവാസികളായ ഇവരെ മാധ്യമപ്രവർത്തകരോ രാഷ്ട്രീയ നേതാക്കളോ എത്തുമ്പോൾമാത്രമാണ് പള്ളിയിൽ കാണാനാവുകയെന്ന് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
 
പള്ളിയിലെ വൈദികനെതിരെ സ്വഭാവദൂഷ്യം സംബന്ധിച്ച് നേരത്തെ ചില പരാതികൾ ഉണ്ടായിരുന്നു. പള്ളിക്ക‌് സമീപം താമസിക്കുന്ന ഒരു യുവതി ബിഷപ്പിന് ഇക്കാര്യത്തിൽ പരാതി നൽകി. അന്വേഷണം നടത്തി പള്ളിയുടെ ചുമതലയിൽനിന്നും വൈദിക സ്ഥാനത്തുനിന്നും വൈദികനെ മാറ്റിനിർത്തിയിരുന്നു. ഈ വൈദികനും സഹോദരപുത്രൻ കൂടിയായ നിലവിലെ പള്ളിസെക്രട്ടറിയും എംഎൽഎയുംചേർന്നാണ് ഈ രാഷ്ട്രീയനാടകത്തിന് തിരക്കഥ ഒരുക്കിയത്.
 
2013 ൽ ഈ വൈദികനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു.  ഈ കാലയളവിൽ സ്ഥലം എംഎൽഎയായിരുന്നു ആഭ്യന്തരമന്ത്രി. അദ്ദേഹമാണിപ്പോൾ രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നത്.  വൈദികനെതിരെ പരാതി നൽകിയ യുവതിയുടെ മകൻ സ്ഥലത്തില്ലാതിരുന്നിട്ടുകൂടി ഇപ്പോൾ നടന്ന സംഭവത്തിൽ പ്രതിചേർക്കപ്പെട്ടത് മുൻവൈരാഗ്യത്തിന്റെ ഭാഗമായാണ്. ഇതാണ് വസ‌്തുതകളെന്ന് പ്രദേശത്ത് എത്തുന്ന ഏതൊരാൾക്കും മനസ്സിലാക്കാനാകും. ഈ പ്രദേശത്ത് ആകെയുള്ള 80 വീട്ടുകാരിൽ 74 വീട്ടുകാരും ഇവരെല്ലാം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്രചാരണങ്ങളിലൂടെ പ്രദേശത്തെ സ്വൈരജീവിതം തകർക്കുന്നുവെന്നാണ് പ്രദേശവാസികൾ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും നൽകിയ പരാതിയിലുള്ളത്. പ്രദേശത്ത് സ്വൈരജീവിതവും സമാധാനവും ഉറപ്പാക്കണം. എംഎൽഎ ബഹുജനാഭിപ്രായം മാനിക്കണം. സങ്കുചിത രാഷ്ട്രീയതാൽപ്പര്യം വെടിഞ്ഞ് സ്വൈരജീവിതം ഉറപ്പാക്കാൻ എംഎൽഎയും മറ്റ് കോൺഗ്രസ് നേതാക്കളും മുന്നോട്ടു വരണം.
 
കോട്ടയം കലക്ടറുടെ സാന്നിധ്യത്തിൽനടന്ന ചർച്ചയിൽ പ്രദേശത്ത് സമാധാനാന്തരീക്ഷം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അവിടെ ഊരുവിലക്കുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവരാരും ആക്ഷേപം ഉന്നയിച്ചിട്ടില്ല. ഏതുതരത്തിലുള്ള സമാധാനശ്രമങ്ങൾക്കും സിപിഐ എം സന്നദ്ധമാണെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
Advertisement
Advertisement