മകന് വേണ്ടി ആദർശം മറന്ന് എ.കെ. ആന്റണി; ആന്റണിയുടെ മകൻ അനിലിനെ കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ആക്കിയതിൽ കോൺഗ്രസിൽ പ്രതിഷേധം

എ കെ ആന്റണിയുടെ മകൻ അനിലിനെ കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചതിൽ കോൺഗ്രസ‌് കേന്ദ്രങ്ങളിൽ അമ്പരപ്പും മുറുമുറുപ്പും. ഡൽഹി കേന്ദ്രീകരിച്ച‌് ബിസിനസ‌് രംഗത്ത‌് പ്രവർത്തിക്കുന്നയാളെ ഒറ്റയടിക്ക‌് സംസ്ഥാന കൺവീനർ ആക്കിയതിലൂടെ വളഞ്ഞവഴിയിൽ നേതൃത്വത്തിൽ പ്രതിഷ‌്ഠിക്കാനുള്ള നീക്കമാണ‌് നടക്കുന്നതെന്നാണ‌് യുവനേതാക്കളുടെ പരാതി. 
 
കോൺഗ്രസ‌് നേതാക്കളുടെ മക്കളുമായുള്ള വ്യാപാര–- സുഹൃദ‌് ബന്ധങ്ങളാണ‌് അനിലിനെ  നേതൃത്വത്തിലേക്ക‌് എത്തിച്ചതെന്നാണ‌് ഇവരുടെ പരാതി. പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം,  അഹമ്മദ‌് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ എന്നിവരുമായി അടുത്തബന്ധം പുലർത്തുന്ന അനിലിന‌് ആന്റണിയുടെ മകൻ എന്ന പരിഗണനയും ഹൈക്കമാൻഡിൽ നിന്നും ലഭിച്ചു.  ആന്റണിയുടെ ഭാര്യ എലിസബത്ത‌് രൂപീകരിച്ച നവോത്ഥാൻ ഫൗണ്ടേഷന്റെ വൈസ‌് പ്രസിഡന്റ‌് കൂടിയായ അനിൽ ഇന്ത്യ ഡെമൊ ഡേ എന്ന വ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ‌്. കോടികളുടെ ആസ‌്തിയാണ‌് ഈ സ്ഥാപനത്തിനുള്ളത‌്.  പൂർണമായും ബിസിനസ‌് രംഗത്ത‌് ശ്രദ്ധ കേന്ദ്രീകരിക്കുന്നയാളെ ശശി തരൂർ തയ്യാറാക്കിയ ഒരു റിപ്പോർട്ടിന്റെ പേരിലാണ‌് ഒറ്റയടിക്ക‌് പദവിയിൽ അവരോധിക്കുന്നത‌്.
 
തലയിൽ കൈവച്ച‌് സീറ്റ‌് മോഹികൾ
പാർലമെന്റ‌് തെരഞ്ഞെടുപ്പ‌് അടുത്തുവരുമ്പോൾ സീറ്റ‌് മോഹികളും ആശങ്കയിലാണ‌്. ചില സീറ്റുകൾ ചിലർക്ക‌് മത്സരിക്കാൻ ആജീവനാന്തം തീറെഴുതിക്കൊടുത്ത പോലെയായെന്നാണ‌് ഇക്കൂട്ടരുടെ പരാതി.  തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മാവേലിക്കര തുടങ്ങിയ സീറ്റുകളെ കുറിച്ചാണ‌് പരാതി.
 
അതിനുപുറമെ നേതാക്കളുടെ മക്കളും ഹൈക്കമാന്റിൽനിന്ന‌് കെട്ടിയിറക്കുന്നവരും വന്നാൽ യഥാർഥ പ്രവർത്തകർക്ക‌് സീറ്റുണ്ടാവില്ല. ലോകസഭാ തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങളെകുറിച്ച‌് ചർച്ചചെയ്യാൻ വെള്ളിയാഴ‌്ച കെപിസിസി ജനറൽ ബോഡി ചേരുകയാണ‌്.  ആന്റണിയാണ‌് ഉദ‌്ഘാടകൻ. ഈ യോഗത്തിൽ നേതാക്കൾ സംസാരിക്കുന്നത‌് കേൾക്കുകയെന്നല്ലാതെ ചർച്ചയുണ്ടാകില്ല.
 
ചർച്ചകൾ മുറയ്ക്ക‌്, പുനഃസംഘടന മാത്രമില്ല
 
കെപിസിസി പുനഃ സംഘടനയും അനിശ‌്ചിതത്വത്തിലാണ‌്. മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും രമേശ‌് ചെന്നിത്തലയും വ്യാഴാഴ‌്ച ഡൽഹിയിൽ മാരത്തോൺ ചർച്ച നടത്തിയിട്ടും ധാരണയിലെത്താനായില്ല.
 
ഒടുവിൽ നിലവിലുള്ള ഭാരവാഹികളെ മാറ്റാതെ കുറച്ചുപേരെ കൂടി ഉൾപ്പെടുത്തുന്ന കാര്യമാണ‌് ചർച്ചയായത‌്. ജംബോ കമ്മിറ്റിക്ക‌് രാഹുൽഗാന്ധി ‌എതിരാണ‌്. നിലവിലുള്ള ഭാരവാഹികളുടെ എണ്ണം കുറച്ച‌് പുനഃസംഘടന നടത്തണമെന്നാണ‌് രാഹുലിന്റെ നിർദ്ദേശം. ‌
 
എന്നാൽ കുറയ്ക്കുന്നില്ലെന്ന‌് മാത്രമല്ല, കൂട്ടണമെന്ന നിർദ്ദേശമാണ‌് ഇപ്പോഴത്തേത‌്. വിദേശത്തുള്ള രാഹുൽ  വന്ന ഉടനെ തീരുമാനമെന്നാണ‌് മുല്ലപ്പള്ളി പറയുന്നതെങ്കിലും പുനഃസംഘടനയ്ക്ക‌് സാധ്യത തീരെ കുറവാണെന്നാണ‌് എതിർ ഗ്രൂപ്പുകളുടെ വിലയിരുത്തൽ.
 
 
മക്കൾ രാഷ്ട്രീയമോ, അതൊക്കെ അന്നല്ലേ
 
മക്കൾ രാഷ്ട്രീയത്തിനെതിരെ ഒരു കാലഘട്ടത്തിൽ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയവരാണ‌് ഇപ്പോൾ സ്വന്തം മക്കളെ പദവികളിൽ അവരോധിക്കാൻ ശ്രമിക്കുന്നതെന്ന ആക്ഷേപവും ഉയരുകയാണ‌്. കെ കരുണാകരന്റെ മക്കൾ രാഷ്ട്രീയത്തിൽ വന്നതിനെ അന്ന‌് നഖ ശിഖാന്തം എതിർത്തത‌്  ആന്റണിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ‌് ആയിരുന്നു. അന്നും ഇന്നും എ ഗ്രൂപ്പിന്റെ നേതാവായി നിൽക്കുന്ന ഉമ്മൻചാണ്ടി, മകൻ ചാണ്ടി ഉമ്മനെ നേതൃത്വത്തിൽ പ്രതിഷ‌്ഠിക്കാനുള്ള തീവ്ര ശ്രമത്തിലാണ‌്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മത്സരിപ്പിക്കുകയാണ‌് ലക്ഷ്യം. വയലാർ രവി മകളെ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല. ആര്യാടൻ മുഹമ്മദ‌് മകനെ കൊണ്ടുവന്നു. ഇപ്പോഴിതാ ആന്റണിയുടെ മകനും.
 
തങ്ങൾക്ക‌് പ്രായമേറി വരുമ്പോൾ മക്കളെ കുടിയിരുത്തുക എന്ന ഈ നിലപാടിൽ എ ഗ്രൂപ്പ‌ുകാർ തന്നെ കടുത്ത അസംതൃപ‌്തിയിലാണ‌്. പണ്ട‌് കരുണാകരനെ കുറ്റപ്പെടുത്തിയത‌് തെറ്റായി എന്ന‌് ഏറ്റുപറയുമോ എന്നാണ‌് ഇവർ  ചോദിക്കുന്നത‌്.
Advertisement
Advertisement