പിണറായി സർക്കാരിന്റെ 1000 ദിവസം ആഘോഷിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിലുള്ള  സർക്കാർ 1000 ദിവസം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച്  വിവിധ ആഘോഷങ്ങൾ സംഘടിപ്പിക്കും. ഇതിനായി എ കെ  ബാലൻ കൺവീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.  ഇ  ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി. എ കെ ശശീന്ദ്രൻ എന്നിവർ അംഗങ്ങളാണ്. നിയമസഭയുടെ 14–-ാം സമ്മേളനം 25 മുതൽ ചേരുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും.
 
ശാസ്ത്രീയ മാർഗങ്ങളിലൂടെ മീൻ ഉൽപ്പാദനം വർധിപ്പിക്കാനും മത്സ്യകർഷകരുടെ വരുമാനം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്ന മത്സ്യബന്ധന നയത്തിന്റെ കരട്  അംഗീകരിച്ചു. ഉൽപ്പാദനം വർധിപ്പിക്കുന്നതോടൊപ്പം പരമാവധി വില ഉറപ്പാക്കുകയാണ‌് ലഷ്യം. തൊഴിലാളി ക്ഷേമവും ഉറപ്പാക്കുക,  സുരക്ഷ ഏർപ്പെടുത്തുക, സാമൂഹ്യ–--സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുക, ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന‌് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ സഹകരണപ്രസ്ഥാനം ശക്തിപ്പെടുത്തുക തുടങ്ങിയവയും ലഷ്യമിടുന്നു. കടൽ, -ഉൾനാടൻ മത്സ്യബന്ധന പ്രവർത്തനങ്ങളെ പരിപാലിക്കുക നിയന്ത്രിക്കുക, ഗുണമേൻമയുള്ള മത്സ്യം വൃത്തിയോടെ വിതരണം ചെയ്യുക എന്നിവയും നയത്തിലുണ്ട‌്.
 
കേരള ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കേരളത്തിന്റെ വടക്കുതെക്കു ഭാഗങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കുന്നതിന‌് കോർപറേഷൻ രൂപീകരിക്കാൻ 2009-ലാണ‌് തീരുമാനിച്ചത്. എന്നാൽ,  റെയിൽവേയുമായി യോജിച്ച് കേരള റെയിൽ ഡെവലപ്മെന്റ‌് കോർപറേഷൻ രൂപീകരിച്ച‌് നിലവിലുള്ള പാതകൾക്ക് സമാന്തരമായി സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കാൻ മുൻഗണന നൽകിയതിനാലാണ‌് പ്രവർത്തനം അവസാനിപ്പിക്കുന്നത‌്.
 
കണ്ണൂർ, കലിക്കറ്റ‌് സർവകലാശാലയ‌്ക്ക‌് 150 കോടി
കണ്ണൂർ, കലിക്കറ്റ് സർവകലാശാലകൾക്ക‌് കിഫ്ബി മുഖേന 150 കോടിരൂപ വീതം സാമ്പത്തിക സഹായം നൽകും. എംജി സർവകലാശാലയ‌്ക്ക‌് 132.75 കോടിയും നൽകും.
 
ട്രാവൻകൂർ- കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ ഒഴികെയുള്ള ജീവനക്കാരുടെ നിയമനം പിഎസ‌്‌സി മുഖേന നടത്താൻ നിയമം കൊണ്ടുവരാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് 2018-ലെ പിഎസ്‌സി ബില്ലിന്റെ കരട്  അംഗീകരിച്ചു. പിഎസ്‌സി ഓഫീസ് സമുച്ചയം നിർമിക്കാൻ കൊല്ലം ജില്ലയിൽ മുണ്ടയ‌്ക്കൽ വില്ലേജിൽ 16.2 ആർ പുറമ്പോക്ക‌് ഭൂമി പാട്ടത്തിനു നൽകും. 
കബനി റിവർവാലി: വായ്പ എഴുതിത്തള്ളും
 
വയനാട് ജില്ലയിൽ 1998-–-99 മുതൽ നടപ്പാക്കിയ കബനി റിവർവാലി പദ്ധതിയുടെ 3,496 ഗുണഭോക്താക്കൾക്ക് അനുവദിച്ച 85.47 ലക്ഷംരൂപയുടെ വായ്പയും പിഴപ്പലിശയും അടക്കം 1.17 കോടിരൂപ എഴുതിത്തള്ളി. കഠിന വരൾച്ചയും പ്രകൃതിക്ഷോഭവും മൂലമുണ്ടായ കൃഷിനാശവും ദുരിതവും കണക്കിലെടുത്താണിത‌്.
 
ഇരട്ട കൊലപാതക കേസിൽ തൊണ്ടി സാധനങ്ങൾ കണ്ടെടുക്കുന്നതിന് ചാലിയാറിൽ തെരച്ചിൽ നടത്തുമ്പോൾ മുങ്ങിമരിച്ച എം വി റിയാസിന്റെ വിധവയ്ക്ക് സർക്കാർ ജോലി നൽകും.
Advertisement
Advertisement