ശബരിമലയിലെ തന്ത്രി സ്ഥാനം : തന്ത്രികുടുംബത്തിന്റെ വാദങ്ങൾ പൊളിച്ച‌് ചെമ്പോല തീട്ടൂരം

ശബരിമലയുടെ തന്ത്രിസ്ഥാനം പരശുരാമൻ ബിസി ഒന്നാം നൂറ്റാണ്ടിൽ തന്നതാണെന്ന താഴമൺ കുടുംബത്തിന്റെ അവകാശവാദം ശരിയല്ലെന്ന‌് പന്തളം കൊട്ടാരത്തിന്റെ 351 വർഷം പഴക്കമുള്ള ചെമ്പോല തീട്ടൂരം തെളിവ‌്. മൂന്നരനൂറ്റാണ്ട‌ുമുമ്പ‌് ശബരിമലയിൽ പുള്ളുവൻപാട്ട‌്, വേലൻപാട്ട‌് എന്നീ ദ്രാവിഡ ആചാരങ്ങൾ മാത്രമാണുണ്ടായിരുന്നതെന്ന‌് ചെമ്പോലയിൽ പറയുന്നു.
 
ശബരിമലയിലെ പ്രതിഷ‌്ഠയെക്കുറിച്ചോ ബ്രാഹ്മണാചാരങ്ങളെക്കുറിച്ചോ തന്ത്രിമാരെക്കുറിച്ചോ, ബ്രാഹ്മണ ശാന്തിമാരെക്കുറിച്ചോ ഈ തീട്ടൂരത്തിൽ ഒരു സൂചനയുമില്ല. പുള്ളുവൻപാട്ട‌്, വേലൻപാട്ട‌് എന്നിവ ദ്രാവിഡാചാരങ്ങളാണെന്നും വൈദികാചാരങ്ങൾ ഉള്ള ക്ഷേത്രങ്ങളിൽ ഇവ ഉണ്ടാകില്ലെന്നും ചരിത്രകാരനും തൃപ്പൂണിത്തുറ ഹിൽപാലസിലെ പൈതൃക പഠനകേന്ദ്രം ഡയറക്ടറുമായ ഡോ. എം ആർ രാഘവവാര്യർ പറഞ്ഞു. അതുകൊണ്ടുതന്നെ കേവലം 350 വർഷം മുമ്പുപോലും ശബരിമല ബ്രാഹ്മണേതര ക്ഷേത്രമായി നിലനിന്നിരുന്നതിന‌് തെളിവാണ‌് പന്തളം കൊട്ടാരത്തിന്റെ ഈ ചെമ്പോല തീട്ടൂരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
കലൂരിലെ ഡോ. മോൺസൻ മാവുങ്കലിന്റെ സ്വകാര്യശേഖരത്തിലാണ‌് ശബരിമലയുടെ ചരിത്രം വിളിച്ചോതുന്ന 351 മലയാളവർഷം പഴക്കംവരുന്ന രാജമുദ്രയുള്ള രേഖയുള്ളത‌്. പന്തളം കോവിലധികാരി മകരവിളക്കിനും അനുബന്ധ ചടങ്ങുകൾക്കും പണം അനുവദിച്ച‌് ശബരിമല കോവിൽ അധികാരികൾക്ക‌് കൊല്ലവർഷം 843ൽ എഴുതിയ ചെമ്പോല തീട്ടൂരമാണിത‌്. ശബരിമലയെ  ‘ചവരിമല’  എന്നാണ‌് എഴുതിയിരുന്നത‌്.  സന്നിധാനത്തെ കാണിക്കയ‌്ക്ക‌ു സമീപം കുടിൽകെട്ടി പാർത്തിരുന്നത‌് തണ്ണീർമുക്കം ചീരപ്പൻചിറയിലെ കുഞ്ഞൻ കുഞ്ഞൻ പണിക്കരാണെന്നും ചെമ്പോല വ്യക്തമാക്കുന്നു. കൊല്ലവർഷം 843 (ക്രിസ‌്തുവർഷം 1668) ധനുമാസം ഞായറാഴ‌്ചയാണ‌് പുറപ്പെടുവിക്കുന്നത‌്.
 
ഈ കാലഘട്ടത്തിലാണ‌് മധുരനായ‌്ക്കൻ പാണ്ടിനാട‌് ആക്രമിക്കുന്നതും രാജവംശം പന്തളത്തേയ‌്ക്ക‌് കുടിയേറുന്നതും. ശബരിമലയിലെ ആചാരങ്ങളെയും ചടങ്ങുകളെയും കുറിച്ച‌് ഇന്ന‌് ലഭ്യമാകുന്ന ഏറ്റവും പഴയ രേഖയാണിത‌്. ശബരിമലയിൽ രാജാധികാരം പ്രയോഗിക്കപ്പെട്ടതിന്റെ രേഖ കൂടിയാണിത‌്.ഇതിൽനിന്ന‌് ശബരിമലയിൽ വൈദിക ക്ഷേത്രാചാരങ്ങൾ തുടങ്ങിയിട്ട‌് വളരെ കുറച്ചുകാലമേ ആയിട്ടുള്ളൂവെന്ന‌് തെളിയുന്നു. തന്നെയുമല്ല, താഴമൺ കുടുംബം അവകാശപ്പെടുന്ന ബിസി ഒന്നാം നൂറ്റാണ്ടിൽ ശബരി–-അയ്യപ്പൻ എന്ന സങ്കൽപ്പംപോലും ഉണ്ടായിരുന്നില്ലെന്നും രാഘവവാര്യർ പറയുന്നു. പെരുമാൾമാരുടെ വാഴ‌്ചയ‌്ക്ക‌ുശേഷം 12–-ാം നൂറ്റാണ്ടോടെയാണ‌് ശബരി എന്ന സങ്കൽപ്പം ഉണ്ടാകുന്നത‌്.  കേരളത്തിേലേക്ക‌് ബ്രാഹ‌്മണർ എത്തുന്നത‌് 5–-6 നൂറ്റാണ്ടോടെയാണ‌്. തുളു, കർണാടക ബ്രാഹ്മണരാണ‌് കേരളത്തിലെത്തുന്നത‌്. മധുര നായ‌്ക്കന്മാർ പാണ്ടിനാട‌് ആക്രമിച്ചതോടെയാണ‌് അതിൽ ഒരു വിഭാഗം പന്തളത്ത‌് എത്തുന്നത‌്. അതും 17–-ാം നൂറ്റാണ്ടിൽ.
 
 
Advertisement
Advertisement