കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി സംസ്ഥാന സർക്കാർ അറിയാത പ്രധാനമന്ത്രിയെ ക്ഷണിച്ചു വരുന്നില്ല എംപി പ്രേമചന്ദ്രന്റെ നടപടി രാഷട്രീയ അൽപ്പത്തം - ടി.ഗോപകുമാർ

നാഷണൽ ഹൈവേ കൊല്ലം ബൈപ്പാസിന്റെ പണി തീർന്നിരിക്കുന്നു. 1971ൽ തുടങ്ങിയതാണ്. പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയ പദ്ധതി 2013 ല്‍ അംഗീകാരം കിട്ടി. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് 2016 മെയ് 25 വരെ പൂര്‍ത്തിയാക്കിയത് 36%  മാത്രമാണ്. അതേ രീതിയില്‍ ആയിരുന്നെങ്കില്‍ പിന്നീട്  5 വര്‍ഷം കൂടി എടുക്കുമായിരുന്നു പൂര്‍ത്തിയാക്കാന്‍. എന്നാല്‍ 2.5 വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാര്‍ കൊല്ലം ബൈപ്പാസ് പൂര്‍ത്തിയാക്കി. പിണറായി സര്‍ക്കാര്‍ വന്നില്ലായിരുന്നുവെങ്കില്‍ പദ്ധതി ഇപ്പോഴും തീരുമായിരുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ മെല്ലെപ്പോക്കിന് ആ സർക്കാരിനൊപ്പം ഒരു എം പിയായിരുന്ന പ്രേമചന്ദ്രന് ഉത്തരവാദിത്വവുമില്ല, വിഷമവുമില്ല. എന്നാൽ പിണറായി സർക്കാർ അതിവേഗം ബൈപാസ് പണി തീർത്തപ്പോൾ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ അദ്ദേഹം മുമ്പേ ഓടി. സാധാരണ പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് സംസ്ഥാന സർക്കാരാണ്. 
 
കേന്ദ്രവും സംസ്ഥാനവും പകുതി വീതം തുക നിഷേപിച്ചാണ് നിര്‍മ്മാണം നടത്തിയത്. ആകെ സംസ്ഥാന വിഹിതമായി 119 കോടി രൂപ ഇതുവരെ നല്‍കിയിട്ടുണ്ട്. തത്തുല്ല്യമായ കേന്ദ്ര വിഹിതവും നല്‍കിയിട്ടുണ്ട്. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് കൊടുത്തത് സംസ്ഥാന സർക്കാർ ആയിരുന്നു. സാധാരണ ഇത്തരം പാലങ്ങളും ബൈപാസുകളും ഒന്നും ഉദ്ഘാടനം ചെയ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി പോകാറില്ല. ഇക്കാര്യത്തിൽ ഒരു എം പി ക്ഷണിച്ചപ്പോൾ തന്നെ അദ്ദേഹത്തിന് വരാൻ തോന്നിയത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ഒരുപക്ഷേ, പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളത്തിൽ ഒരു ഉദ്ഘാടനം നടത്താനുള്ള ഒരവസരം ആയി മോഡി ഇതിനെ കണ്ടുകാണും. അത് അദ്ദേഹത്തിൻറെ രാഷ്ട്രീയം. പക്ഷേ, അതിൽ പ്രേമചന്ദ്രന് എന്താണ് ലാഭം? അടുത്ത തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിക്കുന്നുണ്ടാവും. അതിന്റെ ഒരു ആവേശമാകും. പക്ഷേ, മോഡി വന്നാൽ അത് രാഷ്ട്രീയമായി ഗുണമുണ്ടാക്കുന്നത്  ബി ജെ പിക്ക് ആയിരിക്കുമല്ലോ? ഇത്ര തിടുക്കപ്പെട്ട് പ്രേമചന്ദ്രൻ പ്രധാനമന്ത്രിയെ കൊണ്ടുന്നാൽ അതിന്റെ രാഷ്ട്രീയമായ ഗുണം അദ്ദേഹത്തിന് കിട്ടണമെങ്കിൽ അദ്ദേഹം ബി ജെ പി സ്ഥാനാര്ഥിയായിട്ട് മത്സരിക്കേണ്ടിവരുമല്ലോ? അതോ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബി ജെ പിക്കൊപ്പം പോകാനാണോ പരിപാടി?
 
കേരള സർക്കാർ പാലം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ താത്പര്യത്തെ അംഗീകരിക്കുകയും അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തുകഴിഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കുന്ന പത്താമത്തെ ബൈപ്പാസ്/മേല്‍പ്പാലമാണ് കൊല്ലം. ഇനിയുള്ളതെങ്കിലും എല്ലാം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയെയും കൊണ്ട് പ്രേമചന്ദ്രൻ വരുമല്ലോ?
 
ആലപ്പുഴ ബൈപ്പാസിന്റെ പണി ഏതാണ്ട് കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട് റയിൽവേ നടത്തേണ്ട പ്രവർത്തനങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. അതാകട്ടെ ഒന്നും നടക്കുന്നുമില്ല. അതൊന്ന് വേഗത്തിലാക്കാൻ എം പി എന്ന നിലയിൽ ഇടപെടാൻ കഴിയുമോ? പറ്റില്ലാ... അല്ലേ? ഇപ്പോഴത്തെ നിലയിൽ  മേയില്‍ ആലപ്പുഴ ബൈപ്പാസ് തുറക്കും. തലശ്ശേരി - മാഹി ബൈപ്പാസ്, കോഴിക്കോട് ബൈപ്പാസ്, നീലേശ്വരം റെയില്‍വേ മേല്‍പ്പാലം, കുണ്ടന്നൂര്‍ മേല്‍പ്പാലം, വൈറ്റില മേല്‍പ്പാലം, പള്ളിപ്പുറം  കഴക്കൂട്ടം മേല്‍പ്പാലം, ഉള്ളൂര്‍ - പട്ടം - ശ്രീകാര്യം മേല്‍പ്പാലങ്ങള്‍, കുതിരാന്‍ തുരങ്കം, എന്നിവ നിര്‍മ്മാണത്തിലാണ്. കേരളത്തിലാകെ കോടാനുകോടി രൂപ മുടക്കി റോഡുകലും പാലങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും അടിപ്പാതകളും മേല്‍പ്പാലങ്ങളും ബൈപ്പാസുകളും നിര്‍മ്മിച്ച് വരുന്നു. അതിനായി ധനകാര്യവകുപ്പും പൊതുമരാമത്ത് വകുപ്പും കൈകോര്‍ത്ത് മുന്നോട്ട് പോവുകയാണ്. കിഫ്ബി വഴി ധനസഹായം നല്‍കി വരുന്നു.  ബഡ്ജറ്റിന് പുറമെയാണിത്. കെ.എസ്.റ്റി.പി വഴി 9 പദ്ധതികല്‍ നടപ്പിലാക്കി വരുന്നു. 4000 കോടി    രൂപ അടങ്കല്‍, അതില്‍ 5 പദ്ധതികളും ഈ സര്‍ക്കാരിന്‍റെ കാലത്ത് പൂര്‍ത്തിയായി. 
 
ഓരോന്നും പൂർത്തിയായി വരുമ്പോൾ പിൻവാതിലിലൂടെ പോയി പ്രധാനമന്ത്രിയെ വിളിച്ചുകൊണ്ടുവന്ന് ഉദ്ഘാടനം ചെയ്യിക്കുന്ന കലാപരിപാടി പ്രേമചന്ദ്രൻ തുടരണം. അങ്ങനെ താങ്കളുടെ കാവിരാഷ്ട്രീയ ശോഭ ഉറപ്പാക്കണം. കേരളത്തിൽ ഇത്തരത്തിൽ പ്രധാനമന്ത്രിയെ കൊണ്ടുവന്ന് ഉദ്ഘാടനങ്ങൾ നടത്താൻ എത്ര യു ഡി എഫ് എം പി മാർ തയ്യാറാവുന്നു എന്നത് കാത്തിരുന്ന് കാണേണ്ട നാടകമാണ്. ശശി തരൂർ എങ്കിലും ഇക്കാര്യത്തിൽ സ്വന്തം കുഴി കുഴിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.
Advertisement
Advertisement