ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിലെ പ്രദേശങ്ങളില്‍ സഹായവുമായി എത്തിയ സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യത്വ മുഖം

ഗജ ചുഴലിക്കാറ്റ് തമിഴ്നാടിന് വരുത്തിയ നാശനഷ്ടങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കിയും തമിഴ്മക്കള്‍ക്ക് സഹായ ഹസ്തം നീട്ടിയും സന്തോഷ് പണ്ഡിറ്റ്. കേരളം പ്രളയക്കെടുതിയില്‍ വലഞ്ഞപ്പോള്‍ സഹായവുമായി തമിഴ്‌നാട്ടുകാര്‍ എത്തിയത് താന്‍ നേരിട്ട് കണ്ടതാണെന്നും ഇപ്പോള്‍ പ്രകൃതി ദുരന്തം നാശം വിതച്ച തമിഴ്‌നാടിനെ സഹായിക്കേണ്ടത് അതുകൊണ്ടുതന്നെ നമ്മുടെ ബാധ്യതയാണെന്നും പണ്ഡിറ്റ് പറയുന്നു.
 
ഗജയുടെ കെടുതികള്‍ വ്യക്തമാക്കുന്ന തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ഗ്രാമവാസികള്‍ക്ക് സഹായം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാഗപട്ടണം, തഞ്ചാവൂര്‍, വേളാങ്കണ്ണി, നാഗൂര്‍, പുതുകോട്ടൈ ഭാഗങ്ങളിലാണ് പണ്ഡിറ്റ് സഹായമെത്തിച്ചിരിക്കുന്നത്.
 
അവിടെ ഇപ്പോഴുമുള്ള ശക്തമായ മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും പല ഉള്‍ഗ്രാമങ്ങളിലും എത്രയോ ദിവസങ്ങളായി വൈദ്യുതിയില്ലെന്നും പലരുടെയും കുടിലുകളും കൃഷിയും കന്നുകാലികളും നഷ്ടപ്പെട്ടെന്നും പറയുന്ന പണ്ഡിറ്റ്, ഗജയുടെ യഥാര്‍ത്ഥ ദുരിതം മലയാളികളെ അറിയിക്കാന്‍ തന്റെ വീഡിയോയിലൂടെ ശ്രമിക്കുന്നുണ്ട്.
 
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം..
 
‘എന്റെ തമിഴ്‌നാട് പര്യടനം തുടരുന്നു.. ‘ഗജ’ ചുഴലികാറ്റ് വന്‍തോതില് നാശം വരുത്തിയ.. 20,000കോടിയോളം.. നാഗപട്ടണം, തഞ്ചാവൂര്‍, വേളാങ്കണ്ണി, നാഗൂര്‍, പുതുകോട്ടൈ ഭാഗങ്ങളിലെല്ലാം സന്ദര്‍ശിച്ച് നാശ നഷ്ടങ്ങള്‍ നേരിട്ട ചില കുടുംബങ്ങള്‍ക്ക് കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കുന്നു..
 
നല്ല സ്‌നേഹമുള്ള നാട്ടുകാരാണേ..
 
ഇവിടെ പെയ്യുന്ന ശക്തമായ മഴ കാരണം എന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.. നാഗപട്ടണത്തെ ഉള്‍ഗ്രാമങ്ങളില്‍ എത്രയോ ദിവസങ്ങളായ് കറണ്ടില്ല… ഭൂരിഭാഗം പാവപ്പെട്ട കുടിലുകളില്‍ കഴിയുന്നവരുടെ കുടിലും, agriculture ഉം, കന്നുകാലികളേയും ‘ഗജ’ യിലൂടെ നഷ്ടപ്പെട്ടു..
 
ജോലി എടുക്കുവാന്‍ പറ്റാത്തതും, മറ്റു വരുമാന മാര്‍ഗ്ഗങ്ങളെല്ലാം ഇല്ലാതായതും പല കുടുംബങ്ങളേയും ദാരിദ്രത്തിലേക്ക് തള്ളിവിട്ടു..
 
ഞാന്‍ നിരവധി കുടിലുകളും, കുടുംബങ്ങളൂം നേരില്‍ സന്ദര്‍ശിച്ചു.. ഭൂരിഭാഗം പാവപ്പെട്ടവരുമായ് ആശയ വിനിമയം നടത്തി വരുന്നു. കൂടുതലും ഉള്‍നാടന്‍ ഗ്രാമങ്ങളാണ് തെരഞ്ഞെടുത്തത്..
 
ഈ മേഖലയെ കുറിച്ചോ, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കുറിച്ചോ നിങ്ങളില്‍ ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് എന്നെ അറിയിക്കുക..
 
കമന്റ് ബോക്‌സിലേക്ക് വിവരങ്ങളിടണേ… അവര്‍ക്ക് എന്തു സഹായമാണ് വേണ്ടത് എന്നു കൂടി അറിയിക്കുക..
 
നമ്മുടെ കേരളത്തിലെ പ്രളയ സമയം തമിഴ്‌നാട്ടുകാര്‍ എത്രയോ കോടികളുടെ സഹായം ചെയ്തിരുന്നു… ആ കടപ്പാട് ചെറിയ രീതിയിലെങ്കിലും തിരിച്ച് കാണിക്കണമെന്ന് തോന്നി.. കുറച്ചു ദിവസങ്ങള്‍ കൂടി ഞാനിവിടെ ഉണ്ടാകും..
 
 
 
 
 
Advertisement
Advertisement