ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം പേരും ക്രിസ്ത്യാനികള്‍; കെ. പി ശശികലയുടെ നുണപ്രചാരണത്തിനെതിരെ കോടതിയെ സമീപിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ദേവസ്വം ജീവനക്കാരുടെ ജാതി സംബന്ധിച്ച പ്രതികരണത്തിന് ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി അറിയിച്ചു. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം പേരും ക്രിസ്ത്യാനികളാണെന്നാണ് ശശികല പറഞ്ഞത്. ഇത്തരത്തില്‍ വര്‍ഗീയ പ്രചാരണം
നടത്തികയാണ് ശശികല ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിന്റേത് വോട്ടിനും സീറ്റിനും വേണ്ടിയുള്ള ബഹളമാണെന്നും മന്ത്രി പറഞ്ഞു.
 
ശബരിമലയില്‍ വല്‍സന്‍ തില്ലങ്കേരി അടക്കമുള്ള പ്രതിഷേധക്കാര്‍ അഴിഞ്ഞാടിയത് നാം കണ്ടതാണെന്ന്, ഇതുസംബന്ധിച്ച പത്രറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മന്ത്രി വ്യക്തമാക്കി. പ്രതിഷേധക്കാരെ ചെറുക്കാന്‍ വേണ്ടിയാണ് സന്നിധാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ഭക്തരെ ഒരു തരത്തിലും പൊലീസ് നിയന്ത്രണങ്ങള്‍ ബാധിക്കുന്നില്ല. ഹൈക്കോടതി നിരീക്ഷണ സമിതി പമ്പയിലും സന്നിധാനത്തുമെല്ലാം സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാരിനെതിരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ക്രമീകരണങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട് മന്ത്രി പറഞ്ഞു.
 
ഒരു സംഘടനയുടെയും നേതൃത്വത്തിലല്ല അന്നദാനം നടത്തുന്നത്. ഒരു സംഘടനയെയും ചുമതലപ്പെടുത്തിയിട്ടില്ല. അന്നദാനത്തിന് സഹായം ചെയ്യുന്നവരുടെ രാഷ്ട്രീയം നോക്കാറില്ല. അന്നദാനത്തിന് ആര് അരിയും സാധനങ്ങളും കൊണ്ടുവന്നാല്‍ വേണ്ടെന്ന് പറയില്ല. അത് കുമ്മനത്തിന്റെ പാര്‍ട്ടിയായാലും ആരായാലും അത് സ്വീകരിക്കും. അത് വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷത്തിന് എന്തധികാരമെന്ന് കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു.
Advertisement
Advertisement