പ്രളയത്തിൽ നഷ‌്ടം സംഭവിച്ച ചെറുകിട കച്ചവടക്കാർ അടക്കം എല്ലാവർക്കും ധനസഹായം ഉറപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രളയത്തിൽ നഷ‌്ടം സംഭവിച്ച എല്ലാവർക്കും ധനസഹായം നൽകുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുകിട കച്ചവടക്കാർക്കു സഹായം നൽകാനുള്ള പദ്ധതിയും ഉടൻ തയ്യാറാക്കും. നിലവിൽ ദുരന്ത നിവാരണ നിധിയിൽ ഇവരുടെ കാര്യം പറയുന്നില്ല.
 
എന്നാൽ, സർക്കാർ അവരെ കൈവിടില്ല. പുനർനിർമാണത്തിന്റെ കാര്യത്തിൽ പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവിനും ഇപ്പോൾ വീണ്ടുവിചാരമുണ്ടായത‌് നല്ല കാര്യമാണ‌്. യോജിച്ച അന്തരീക്ഷം വരേണ്ട ഘട്ടത്തിൽ അൽപം തെറ്റി നടക്കുകയായിരുന്നു പ്രതിപക്ഷം. സംസ്ഥാനത്ത‌് തകർന്ന മുഴുവൻ വീടുകളും താമസിയാതെ പുനർനിർമാണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചക്ക‌് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
 
പ്രളയത്തിൽ 15,845 വീടുകൾ പൂർണമായും 2,44,588 വീടുകൾ ഭാഗികമായും തകർന്നു. പൂർണമായി തകർന്ന 5636 വീടുകൾക്ക‌് ഒന്നാംഘട്ടമായി ഒരു ലക്ഷംരൂപ വീതം നൽകി. പൂർണമായും സ്ഥലവും വീടും നഷ‌്ടമായവർക്ക‌് സ്ഥലം വാങ്ങാൻ ആറുലക്ഷംരൂപയോ പ്രമാണത്തിലെ വിലയോ ഏതാണ‌് കുറവ‌് അത‌് നൽകും. ബ്ലോക്ക‌്, നഗരസഭാ കേന്ദ്രങ്ങളിൽ നിർമാണ സഹായ കേന്ദ്രങ്ങൾ ആരംഭിക്കും. 6,55,154 പേർക്ക‌് 10,000 രൂപ വീതം നൽകി. മുഴുവൻ പേർക്കും 500 രൂപയുടെ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റും തോട്ടം തൊഴിലാളികൾക്ക‌് സൗജന്യ റേഷനും നൽകി. മുൻഗണനേതര കാർഡുടമകൾക്ക‌് ഡിസംബർ വരെ അഞ്ച‌് കിലോ സൗജന്യ റേഷൻ നൽകുന്നു. 17,224 കടകൾക്കും 4,859 ചെറുകിട സൂക്ഷ‌്മ സംരംഭങ്ങൾക്കും നാശനഷ‌്ടം സംഭവിച്ചിട്ടുണ്ട‌്. കടകൾക്ക‌് 361 കോടിരൂപയും സൂക്ഷ‌്മ ചെറുകിട സംരംഭങ്ങൾക്ക‌് 1102 കോടിരൂപയുമാണ‌് നഷ‌്ടം കണക്കാക്കുന്നത‌്.
 
ഇവർക്ക‌് ആശ്വാസ ധനസഹായം നൽകും.  ആഘാത ലഘൂകരണ വായ‌്പകൾ പുനഃക്രമീകരിച്ചു നൽകാൻ ബാങ്കുകൾക്ക‌് നിർദേശം നൽകിയിട്ടുണ്ട‌്. കർഷകരെ സഹായിക്കാൻ 110 കോടിരൂപ ഇതുവരെ നൽകി. ചെളിയും എക്കലും മാറ്റാൻ 7.10 കോടിയും വിള ഇൻഷുറൻസായി 18.88 കോടിയും ഉരുൾപൊട്ടലിൽ കൃഷിനാശമുണ്ടായവർക്ക‌് അഞ്ച‌് കോടിയും നൽകി. കേടുവന്ന യാനങ്ങൾ നന്നാക്കാൻ 3.25 കോടിരൂപ നൽകി. കേരളത്തിന്റെ പ്രളയാനന്തര പ്രവർത്തനങ്ങളെ ഹൈക്കോടതിപോലും പ്രകീർത്തിച്ചു. പലകാര്യങ്ങൾക്കും മാതൃകയായ കേരളം പുനർനിർമാണത്തിനും മാതൃകയാകും. ഇക്കാര്യത്തിൽ വിവിധ തലങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചു വരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Advertisement
Advertisement