വർഗീയ പരാമർശം; അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പില്‍ വർഗീയ പരാമർശം  നടത്തിയെന്ന ഹ‍ർജിയിലാണ് ഉത്തരവ്. എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹർജി നൽകിയത്. അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മൽസരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി.
 
അതേസമയം, യു.ഡി.എഫ് സ്ഥാനാർഥിയെ അയോഗ്യനാക്കിയെങ്കിലും തന്നെ വിജയിയാക്കി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്‍റെ ആവശ്യം ഹൈകോടതി അംഗീകരിച്ചില്ല. വിധിയിൽ തുടർനടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷനും സ്പീക്കർക്കും ഹൈകോടതി നിർദേശം നൽകി. കേസ് നടത്തിപ്പ് ചെലവായി 50,000 രൂപ നികേഷിന് നൽകാനും കോടതി ഉത്തരവിട്ടു.