ശബരിമലയെ സംഘർഷഭൂമിയായി നിലനിർത്താൻ ബിജെപി ശ്രമം ; രാഹുൽ ഗാന്ധിപറയുന്നതല്ല, അമിത‌്ഷാ പറയുന്നതാണ‌് കേരളത്തിലെ കോൺഗ്രസ‌ുകാർക്ക‌് വേദവാക്യം - കോടിയേരി

വിശ്വാസികളുടെയ  ഭക്തിയുടെയോ വിഷയമായല്ല, അയോധ്യയെപ്പോലെ പുകയുന്ന പ്രശ‌്നമായി ശബരിമലയെ നിലനിർത്താനാണ‌് ബിജെപിക്ക‌് താൽപ്പര്യമെന്ന‌് സിപിഐ‌ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ഉത്തരേന്ത്യയെ ഇളക്കിമറിച്ച രാമജന്മഭൂമി പ്രശ‌്നം കേരളത്തിൽ ഏശിയിരുന്നില്ല. 
ശബരിമല സുപ്രീംകോടതി വിധിയുടെ മറവിൽ കേരളത്തെ ഇളക്കാനാകുമോയെന്ന പരീക്ഷണമാണ‌് ബിജെപി നടത്തുന്നത‌്. ഡിവൈഎഫ‌്ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റി പാളയത്ത‌് സംഘടിപ്പിച്ച ‘നാം ഒന്നാണ‌്, കേരളം മതേതരമാണ‌്’ ഓർമപ്പെടുത്തൽ സദസ്സ‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി തകർന്നു. കർണാടകത്തിൽ അഞ്ച‌് സീറ്റുകളിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ നാലിലും ബിജെപി ദയനീയമായി തോറ്റു. കാലിനടിയിലെ മണ്ണ‌് ഒലിച്ചുപോകുന്നത‌് ബിജെപി–-ആർഎസ‌്എസ‌് നേതൃത്വം തിരിച്ചറിയുന്നുണ്ട‌്. ഇതിന‌് തടയിടാൻ രാജ്യത്ത‌് വർഗീയധ്രുവീകരണ ത്തിന‌് ശ്രമിക്കുകയാണിവർ.
 
ജനങ്ങളെ വർഗീയതയിലേക്ക‌് തള്ളിവിട്ട‌് അധികാരം നിലനിർത്താനാകുമോ എന്നാണ‌് നോട്ടം. മതേതര പ്രതീകമായ ശബരിമലയെ വർഗീയതയുടെ പ്രതിരൂപമാക്കി അവതരിപ്പിക്കാനാണ‌് ശ്രമം.
 
രാമജന്മഭൂമിയുടെ പേരിൽ രാജ്യത്ത‌് വീണ്ടും കലാപത്തിന‌് അരങ്ങൊരുക്കുകയാണ‌് ബിജെപി. സരയൂതീരത്ത‌് 151 അടി ഉയരമുള്ള ശ്രീരാമപ്രതിമ നിർമിക്കുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ‌്താവന ഇതിന്റെഭാഗമാണ‌്. ഗുജറാത്തിൽ ഇവർ നിർമിച്ച പ്രതിമയുടെ പേര‌് സ‌്റ്റാച്യു ഓഫ‌് യൂണിറ്റി എന്നാണ‌്. വർഗീയതയുടെപേരിൽ ജനങ്ങളുടെ ഐക്യം തകർത്ത ബിജെപി പ്രതിമ നിർമിച്ച‌് ഐക്യമുണ്ടാക്കുമെന്നാണ‌് പറയുന്നത‌്. തകർന്ന ഹൃദയങ്ങൾ പ്രതിമകൊണ്ട‌് ഏകീകരിക്കാനാകുമോ.
 
പ്രതിമ നിർമിക്കാൻ 3000 കോടി നൽകിയ കേന്ദ്രം പ്രളയത്തിൽ തകർന്ന കേരളം പുനർനിർമിക്കാൻ അനുവദിച്ചത‌് 600 കോടി മാത്രം. കേരളത്തിൽ എൽഡിഎഫ‌് സർക്കാരിനെ അസ്ഥിരമാക്കാൻ ശ്രമിക്കുന്നവരാണ‌് കലാപശ്രമം നടത്തുന്നത‌്. ഇതിനായി ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു. എഐസിസി പ്രസിഡന്റിന്റെ തീരുമാനം നടപ്പാക്കാൻ കഴിയാത്ത കെപിസിസി ഇവിടെ പ്രവർത്തിക്കേണ്ടതുണ്ടോ.
 രാഹുൽ ഗാന്ധിപറയുന്നതല്ല, അമിത‌്ഷാ പറയുന്നതാണ‌് കേരളത്തിലെ കോൺഗ്രസ‌ുകാർക്ക‌് വേദവാക്യം– -കോടിയേരി പറഞ്ഞു.