വസ‌്തുതകളുമായി ബന്ധമില്ലാത്ത നുണകളുടെ നിർമാണവും പ്രചാരവുംവഴി കൃത്രിമമായ അവബോധം നിർമിക്കുകയാണ് സത്യാനന്തരരാഷ്ട്രീയം ചെയ്യുന്നത്: പി.രാജീവ്

സത്യാനന്തര രാഷ്ട്രീയത്തിന്റെ (Post Truth Politics ) പ്രയോഗത്തിനാണ് ഇന്ന് കേരളം സാക്ഷ്യംവഹിക്കുന്നത്. 2016ൽ ഏറ്റവും കൂടുതലാളുകൾ തെരഞ്ഞ വാക്ക് ‘Post Truth’ ആണെന്ന് ഓക‌്സ‌്ഫോർഡ‌് ഡിക‌്ഷണറി വ്യക്തമാക്കുകയുണ്ടായി. 2010ലാണ് സത്യാനന്തര രാഷ്ട്രീയമെന്ന പദം പ്രചാരത്തിലാകുന്നത്. വസ‌്തുതകളുമായി ബന്ധമില്ലാത്ത നുണകളുടെ നിർമാണവും പ്രചാരവുംവഴി കൃത്രിമമായ അവബോധം നിർമിക്കുകയാണ് സത്യാനന്തരരാഷ്ട്രീയം ചെയ്യുന്നത്. യാഥാർഥ്യത്തിനല്ല, വൈകാരികതയ‌്ക്കാണ് ഇതിൽ പ്രാധാന്യം. ജനതയുടെ വികാരങ്ങളെ നുണകൾവഴി ഉത്തേജിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണ് ഇവർ ചെയ്യുന്നത്. അമേരിക്കയിൽ ഡോണൾഡ് ട്രംപും ഇന്ത്യയിൽ നരേന്ദ്ര മോഡിയും നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരവേല ഇതിന്റെ മികച്ച ഉദാഹരണമാണ്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ മാധ്യമങ്ങളെ ഉപയോഗിച്ചാണ് പ്രധാനമായും നിർമിതബോധം രൂപപ്പെടുത്തുന്നത്. അതിൽ ഏറ്റവും പ്രാമുഖ്യമുള്ള ഉപകരണമായി ഇന്ന് സാമൂഹ്യമാധ്യമം മാറിയിരിക്കുന്നു. സ‌്മാർട്ട‌് ഫോണുകളുടെ വ്യാപനവും ഇന്റർനെറ്റ് സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമായതും വിപുലസാധ്യതകൾ തുറന്നിട്ടു. ഒരു നുണ തുടർച്ചയായി പ്രചരിപ്പിക്കാനാണ് സാമൂഹ്യമാധ്യമങ്ങൾവഴി ശ്രമിക്കുന്നത്. അഖിലേഷ് യാദവ് പിതാവായ മുലായംസിങ‌് യാദവിനെ അടിച്ചെന്ന കള്ളവാർത്ത എത്ര സമർഥമായാണ് യുപി തെരഞ്ഞെടുപ്പ് വേളയിൽ പ്രചരിപ്പിച്ചതെന്ന് അമിത് ഷാ ആഹ്ലാദത്തോടെ പ്രവർത്തകരോട് പറയുന്ന വീഡിയോ ഇതിന്റെ ഉദാഹരണമാണ്. അവർ തമ്മിൽ 600 കിലോമീറ്ററോളം അകലത്തിലിരിക്കുമ്പോഴാണ് ഈ നുണ വിശ്വസനീയമായി അവതരിപ്പിക്കാൻ കഴിഞ്ഞതെന്നും അമിത് ഷാ അവകാശപ്പെടുന്നു.
 
നുണകളുടെ സമർഥമായ വ്യാപനത്തിനായി നൂറുക്കണക്കിന് ഓൺലൈൻ മാധ്യമങ്ങൾ ഇവർ നടത്തുന്നു. സ്വതന്ത്രമായി പ്രവർത്തിച്ചുവരുന്ന ഓൺലൈൻ മാധ്യമങ്ങളിൽ വൻതോതിൽ ഫണ്ടിറക്കുന്നു.  നേരത്തെ നൽകിക്കൊണ്ടിരുന്ന മറ്റു വാർത്തകൾക്കൊപ്പം സംഘപരിവാര നുണ ഫാക്ടറികൾ നിർമിച്ചുകൊടുക്കുന്നവ ആധികാരികവാർത്തയെന്ന മട്ടിൽ ഇവർ  വിളമ്പുന്നു. ഒരേസമയം നിരവധി ഓൺലൈൻ മാധ്യമങ്ങൾ വഴി ട്രെൻഡ് സൃഷ്ടിച്ചാൽപിന്നെ ദൃശ്യ, അച്ചടിമാധ്യമങ്ങൾക്ക് ഏറ്റെടുക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞുവയ‌്ക്കുന്നുണ്ട‌്. 
സത്യാനന്തര രാഷ്ട്രീയത്തിന്റെ പ്രചാരവേല ആധുനിക കാലത്തിന്റേതാണെങ്കിലും ഹിറ്റ്‌ലറുടെ കാലത്ത് ഗീബൽസ് പ്രയോഗിച്ച രീതിയുടെ പുതിയകാല പ്രയോഗമാണിത്. ഒരു വലിയ നുണ തുടർച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരുന്നാൽ അത് സത്യമായി ആളുകൾ കരുതിക്കൊള്ളുമെന്ന ഗീബൽസിയൻ തന്ത്രം സംഘപരിവാർ പ്രയോഗിക്കുന്നു.
 
രണ്ടുതരത്തിലാണ് സത്യാനന്തര രാഷ്ട്രീയത്തിൽ നുണകൾവഴി വികാരം ഇളക്കിവിടുന്നത്. ഒന്നാമത്തേത് മാറ്റി മാറ്റി നുണകൾ അവതരിപ്പിക്കുകയെന്നതാണ്. ഒരു നുണ മറ്റുള്ളവർ പൊളിച്ചെടുക്കുമ്പോൾ ഒന്നിലധികം പുതിയ നുണകൾ അവതരിപ്പിക്കും. അതിനുപുറകിലെ യാഥാർഥ്യം പുറത്തുവരുമ്പോൾ നൂറുകണക്കിന് പുതിയ നുണകൾ പ്രചരിപ്പിക്കും. ശബരിമലയുമായി ബന്ധപ്പെട്ട വിധി വന്നപ്പോൾ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കണമെന്നുപറഞ്ഞ ശ്രീധരൻപിള്ള, അതിലെ യുക്തിയില്ലായ്മ തുറന്നുകാട്ടപ്പെട്ടപ്പോൾ ആദ്യം പറഞ്ഞതിനെ നിഷേധിക്കാതെ കേന്ദ്രത്തോട് നിയമം പാസാക്കാൻ നിയമസഭ ആവശ്യപ്പെടണമെന്നതിലേക്കായി. ആരാധനാലയങ്ങൾ കൺകറന്റ് ലിസ്റ്റിലാണെന്ന വസ‌്തുതയും ഭരണഘടനാവിരുദ്ധമായ കാര്യത്തിൽ നിയമനിർമാണം സാധ്യമാകുമോ എന്ന ചോദ്യവും ശക്തമായപ്പോൾ സംസ്ഥാന സർക്കാരിന്റെ നിരീശ്വരവാദമാണ് ഇതിനെല്ലാം കാരണമെന്നായി. 
 
 
ഈ നുണകളുടെ ആവർത്തിച്ചുള്ള അവതരണങ്ങൾവഴി അടിസ്ഥാന കാരണംതന്നെ മാറ്റിക്കളയാനാണ് ഇവർ ശ്രമിക്കുന്നത്. ശബരിമലയിലെ സുപ്രീംകോടതിവിധിക്ക് ശേഷം ബിജെപി പ്രസിഡന്റ‌് ശ്രീധരൻപിള്ള നടത്തിയ പ്രസംഗങ്ങളും പ്രതികരണങ്ങളുംമാത്രം നോക്കിയാൽ ഇത് മനസ്സിലാക്കാൻ കഴിയും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും പുറത്തിറക്കിയ ഉത്തരവാണ് യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നൽകിയതെന്ന് കരുതുന്ന നിരവധി പേർ ബിജെപിയുടെ പരിപാടിയിൽ പങ്കെടുക്കുന്നവരിലുണ്ട്. കോടതിവിധി നടപ്പാക്കാതെ മറ്റെന്താണ് വഴിയെന്ന മുഖ്യമന്ത്രിയുടെ അടിസ്ഥാന ചോദ്യം കേട്ടതായി ഇക്കൂട്ടർ നടിക്കുകയുമില്ല. സുപ്രീംകോടതിയിൽ 12 വർഷം കേസ് നടന്നപ്പോൾ എന്തുകൊണ്ട് കക്ഷി ചേർന്നില്ലെന്നും വിധി വന്നതിനുശേഷം എന്തുകൊണ്ട് പുനഃപരിശോധനാ ഹർജി നൽകുന്നില്ലെന്നുമുള്ള പ്രസക്ത ചോദ്യങ്ങളും ഇവരുടെ പരിഗണനയിലില്ല.
സത്യാനന്തര രാഷ്ട്രീയത്തിന്റെ പ്രചാരവേലയെ സംബന്ധിച്ച് ഗാർഡിയൻ പത്രത്തിന്റെ എഡിറ്ററായിരുന്ന പീറ്റർ പേർസ്റ്റൻ പറഞ്ഞതാണ് രണ്ടാമത്തെ രീതി. മാധ്യമങ്ങളും വിദഗ‌്ധരും തെറ്റാണെന്ന് ആധികാരികമായി സ്ഥാപിച്ച നുണയും ഇക്കൂട്ടർ ഒരു മടിയുമില്ലാതെ ആവർത്തിച്ചുകൊണ്ട് സത്യമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കും. പന്തളത്തെ ശിവദാസനെ ഒക്ടോബർ 17ന‌് നിലയ‌്ക്കലിൽവച്ച് പൊലീസ‌് മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞ ശ്രീധരൻപിള്ളയ‌്ക്ക് അതേ ദിവസം തന്റെ ഭർത്താവ് വീട്ടിൽത്തന്നെയുണ്ടായിരുന്നുവെന്ന ശിവദാസന്റെ ഭാര്യയുടെ മൊഴി ഒരു കുറ്റബോധവും നൽകിയില്ല. ഹർത്താൽ വിജയിപ്പിക്കുന്നതിനും വിശ്വാസികളെ ഇളക്കിവിടുന്നതിനും ഇതേ നുണ ആവർത്തിച്ചുകൊണ്ടേയിരുന്നു. മാധ്യമങ്ങൾ വസ‌്തുതകൾ നിരത്തി ഇതിലെ കാപട്യം ആവർത്തിച്ച് തെളിയിച്ചുകൊണ്ടിരുന്നതും അദ്ദേഹത്തെയും ബിജെപിയെയും അലോസോരപ്പെടുത്തിയില്ല.
 
ഭരണഘടനയല്ല, വിശ്വാസമാണ് പ്രധാനമെന്ന് ഇക്കൂട്ടർ തുടർച്ചയായി പറയുന്നത് ഇതുവരെയും സംഘപരിവാരത്തോട് അടുക്കാത്ത കേരളത്തിലെ വിശ്വാസ സമൂഹത്തെ രാഷ്ട്രീയമായി ലക്ഷ്യംവച്ചാണ്. ഏതൊരാൾക്കും സ്വതന്ത്രമായി വിശ്വസിക്കുന്നതിനും ആരാധിക്കുന്നതിനും മാത്രമല്ല അത് പ്രചരിപ്പിക്കുന്നതിനുമുള്ള മൗലികാവകാശമുള്ള ഭരണഘടനയാണ് ഇന്ത്യയുടേത്. ഈ ഭരണഘടന നിലനിൽക്കേണ്ടത് എല്ലാ മതത്തിലുള്ള വിശ്വാസികൾക്കും അവരവരുടെ വിശ്വാസ സംരക്ഷണത്തിന് അനിവാര്യമായ മുന്നുപാധിയാണ്. ഭരണഘടനയ‌്ക്ക് എതിരെ നിൽക്കുന്നത് തന്റെ വിശ്വാസ സംരക്ഷണത്തിനുതന്നെ എതിരാണെന്ന യാഥാർഥ്യം ബോധപൂർവം തമസ‌്കരിക്കുന്നു. സുപ്രീംകോടതി വിധി എല്ലാവർക്കും ആരാധന നടത്തുന്നതിനുള്ള അവകാശമാണ് ഉറപ്പുനൽകിയതെന്ന വസ‌്തുതയും തമസ‌്കരിക്കുന്നു. സുപ്രീംകോടതി വിധിച്ചാൽ അതു നടപ്പാക്കലല്ലാതെ സംസ്ഥാന സർക്കാരിന‌് മറ്റൊരു വഴിയുമില്ലെന്ന കേരള ഹൈക്കോടതി വിധിയും ഇവർ കണ്ടതായി നടിക്കില്ല.
 
സത്യാനന്തര രാഷ്ട്രീയത്തിന്റെ മറ്റൊരു രീതി ചരിത്രത്തിന്റെ നിരാകരണമാണ്.  എങ്ങനെയാണ് ആധുനിക കേരളവും അതിൽ ജീവിക്കുന്നവരും വളർന്നുവന്നതെന്ന ചരിത്രം ഇവർ തമസ്കരിക്കുന്നു. നുണകളും മിഥ്യകളും ചരിത്രമെന്നമട്ടിൽ അവതരിപ്പിക്കുന്നു. സ്ത്രീകൾക്ക് വേണ്ടാത്ത ആചാരമെന്തിന് അടിച്ചേൽപ്പിക്കണമെന്ന് സ്ത്രീകൾതന്നെ ചോദിക്കുന്നു. അങ്ങനെ ചോദിക്കുന്നവരെല്ലം ഇപ്പോൾ മാറുമറച്ചാണ് ക്ഷേത്രദർശനം നടത്തുന്നതെന്നും നിങ്ങൾ മാറുമറയ്ക്കുന്നത് നിങ്ങൾക്ക് മാത്രമല്ല, നടിനാകെ ദൈവകോപമുണ്ടാക്കുമെന്ന് പറഞ്ഞവരുണ്ടായിരുന്നുവെന്നും അതിന് നാട് കീഴടങ്ങിയിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന ചോദ്യം അവർ ഓർമിക്കുന്നില്ല.
 
ഈ ചരിത്രനിരാകരണത്തിന്റെ ദയനീയ ഇരകളായി കോൺഗ്രസ് പാർടിയും അതിന്റെ നേതാക്കളും മാറുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിനു മുന്നോടിയായി സർ സി പി നിയോഗിച്ച കമീഷനിലെ യാഥാസ്ഥിതികരായ ഭൂരിപക്ഷവും ഉന്നയിച്ച വാദങ്ങളെ അതിശക്തമായി നേരിട്ട പരമേശ്വരൻപിള്ള തിരുവിതാകൂറിൽ നാഷണൽ കോൺഗ്രസ് രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യത്തെ   പ്രസിഡന്റായിരുന്നെന്ന ചരിത്രം ചെന്നിത്തലയ‌്ക്ക് അറിയില്ലായിരിക്കും. ഞങ്ങൾ വിശ്വാസികൾക്കും ആചാരങ്ങൾക്കുമൊപ്പമാണെന്ന അന്നത്തെ യാഥാസ്ഥിതിക പക്ഷത്തിന്റെ വാദങ്ങളുടെ തനിയാവർത്തനം ഇന്നു ചെന്നിത്തലയിൽ കാണാം. ചരിത്രത്തിന്റെ നിരാകരണവും വളച്ചൊടിക്കലുംവഴി സത്യാനന്തര രാഷ്ട്രീയം ലോകത്തെ പുറകോട്ട് നയിക്കാനാണ് ശ്രമിക്കുന്നത്.
 
എല്ലാത്തിനെയും ചരിത്രവൽക്കരിച്ചുകൊണ്ടും യുക്തിയുടെ ചോദ്യങ്ങൾ നിരന്തരം ഉയർത്തിയും നുണകളെ തകർത്തെറിഞ്ഞുംമാത്രമേ മലയാളിക്ക് ഈ സമരത്തിൽ വിജയിക്കാൻ കഴിയുകയുള്ളൂ. ഭിന്നിപ്പിന്റെയും വൈരത്തിന്റെയും രാഷ്ട്രീയത്തിന‌് വേരു പിടിക്കുന്നതിനായി ശബരിമല ഒരു ആയുധമാക്കുകയാണ്. സത്യത്തിന്റെ പക്ഷവും നുണകളുടെ പക്ഷവുമായി കേരളം രണ്ടായി തിരിഞ്ഞുകഴിഞ്ഞു. നുണകളിൽ കുരുങ്ങി സത്യത്തിന്റെ പക്ഷത്തു നിൽക്കേണ്ടവർ ശത്രുപക്ഷത്തല്ലെന്ന‌് ഉറപ്പുവരുത്തേണ്ടത് ഇടതുപക്ഷത്തിന്റെമാത്രം ആവശ്യമല്ല, മതനിരപേക്ഷ കേരളം നിലനിൽക്കുന്നതിനും മുമ്പോട്ടുപോകുന്നതിനുമുള്ള ചരിത്രപരമായ  ഉത്തരവാദിത്തമാണ്. അതു തിരിച്ചറിഞ്ഞ് ജാഗ്രതയോടെ പ്രതിരോധനിര വിശാല ഉള്ളടക്കത്തോടെ രൂപപ്പെടേണ്ടതുണ്ട്.