കറൻസി നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ ധനകാര്യ രംഗത്ത് മോദി നടത്തിയ കബളിപ്പിക്കൽ വ്യക്തമാക്കി കെ.ജെ.ജേക്കബിന്റെ ട്രോൾ

വിദേശത്തുള്ള കള്ളപ്പണം മുഴുവൻ തിരിച്ചെത്തിച്ചാൽ ഒരു ഇന്ത്യക്കാരന്റെ അകൗണ്ടിൽ പതിനഞ്ചു ലക്ഷം രൂപവച്ചു ഇടാൻ കാണുമെന്നാണ് മോഡിജി പറഞ്ഞിരുന്നത്. 
 
മോദിജി വാക്ക് പറഞ്ഞാൽ വാക്കാണ്. പണം തിരിച്ചെത്തിക്കാനുള്ള പണി അധികാരത്തിൽ വന്നപ്പഴേ തുടങ്ങിക്കാണും, പണം തിരിച്ചെത്തിച്ചും കാണും. കാശ് മോദിജി സൂക്ഷിച്ചു വച്ചിട്ടുണ്ട്    നമ്മളുപിന്നെ കുടുംബക്കാരും കുലസ്ത്രീ-പുരുഷുക്കളും ആയതുകൊണ്ട് ചോയിച്ചില്ല എന്നേയുള്ളൂ. 
 
പിന്നെ നോട്ടുനിരോധനം കൊണ്ട് ലാഭം കിട്ടിയ മൂന്നു ലക്ഷം കോടി രൂപ. പിന്നെ അന്ന് മോദിജി ഓടിച്ചു ബാങ്കിൽ കയറിയപ്പോൾ അറിയാതെ കുടുങ്ങിയ കള്ളപ്പണക്കാരുടെ പിന്നാലെ പോയി ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് പിരിച്ച കാക്കത്തൊള്ളായിരം കോടി രൂപ. സർക്കാർ രേഖകളിൽ വന്നതുകൊണ്ട് പുതുതായി ഇൻകം ടാക്സ് അടക്കാൻ  നിര്ബന്ധിതരായവരുടെ കയ്യിൽ നിന്നും കിട്ടിയ കോടിക്കോടി രൂപ .
 
ക്രൂഡിന്റെ അന്താരാഷ്ട്ര  യു പി എ ക്കാലത്തേക്കാളും പകുതിയിൽ താഴെ വന്നപ്പോഴും അതിലൊരു ചില്ലി പൈസ ധാരാളിത്തം കാണിച്ചു കളയാതെ ക്രൂഡ് വില കൂടുമ്പോൾ പെട്രോൾ-ഡീസൽ വില കൂട്ടാതിരിക്കാൻ ബുദ്ധിരാക്ഷസനും പ്ലാനിങ് വിദഗ്ധനുമായ മോദിജി കിഴികെട്ടി സൂക്ഷിച്ചു വച്ച ലച്ചം ലച്ചം കോടി. 
 
പിന്നെ ജി എസ് ടി വഴി ദിവസവും കൂടിക്കൂടി വരുന്ന കണക്കില്ലാത്ത നികുതിവരുമാനം. 
 
ബാങ്കുകളുടെ കിട്ടാക്കടം എഴുതിത്തള്ളി  ബുക്ക് ക്ളീനാക്കി ക്ളീനാക്കിക്കഴിഞ്ഞപ്പോൾ ഈ ക്വാർട്ടർ മുതൽ അവരുണ്ടാക്കുന്ന ലാഭം പയിനായിരക്കണക്കിനു കോടി. പിന്നെ പഴയ  കിട്ടാക്കടം തിരിച്ചുവരുമ്പോൾ കിട്ടുന്ന മുഴുവൻ ലാഭം പയിനായിരം പയിനായിരം കോടി.   
 
-----
ഇതൊന്നും ഞാൻ പറഞ്ഞതല്ല. നമ്മളിൽ പലരുടെയും സ്‌കൂൾ-കോളേജ്-കമ്പനി-ക്ലബ്-ജോലി  വാട്സാപ്പ് ഗ്രൂപ്പുകളിൽ ഊളകളായ നമ്മുടെ സുഹൃത്തുക്കൾ ഇക്കാലമത്രയും നമ്മളോട് പറഞ്ഞിരുന്നതാണ്. പഴയ മെസേജുകൾ ഉണ്ടെങ്കിൽ എടുത്തുനോക്കാം. തിരിച്ചു നമ്മളെന്തെങ്കിലും പറയാൻ തുടങ്ങിയാൽ നെഹ്‌റു ബീഡി വലിച്ചതിന്റെയും ദേശായി മൂത്രം കുടിച്ചതിന്റെയും സോണിയ ഇറ്റലിക്ക് കടത്തിയതിന്റെയും യെച്ചൂരി ചൈനയ്‌ക്കുവേണ്ടി ചാരപ്പണി  നടത്തിയതിന്റെയും തോമസ് ഐസക് ജുബ്ബ വാങ്ങിയതിന്റെയും   കണക്ക് നമ്മൾ പറയേണ്ടിവരും. അതുകൊണ്ടു നമ്മളിൽ പലരും മിണ്ടാതിരുന്നു.      
 
ഇന്നിപ്പോ, ഈ പറഞ്ഞ കൊട്ടക്കണക്കൊക്കെ കൈയിൽ വച്ചിട്ട് നിരവ് മോദിയും മേഹുൾ ചോക്‌സിയുമൊക്കെ തട്ടിച്ചു നാടുവിട്ടവകയിൽ പൊട്ടി പൊട്ടിയില്ല എന്ന മട്ടിൽ നിൽക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ തകരാതെ നോക്കാൻ നെഹ്‌റു മുതലിങ്ങോട്ടുള്ളവരുണ്ടാക്കിയ റിസർവ്വ്  ബാങ്കിന്റെ കുത്തിന് കയറിപ്പിടിക്കണം, അതിന്റെ കരുതൽ ധനത്തിൽ കയ്യിട്ടുവാരണം. 
 
അതിവിദഗ്മായി ഇക്കണോമി മാനേജ് ചെയ്തു അവസാനമായപ്പോൾ  വിത്തെടുത്തുകുത്തണം എന്ന അവസ്‌ഥയായി എന്നർത്ഥം.   
 
എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം: കളസം കീറിനിൽക്കുമ്പോഴും പഴയ ഊള വർത്തമാനത്തിനും ഭാവിയിൽ വരാൻ പോകുന്ന കാക്കത്തൊള്ളായിരം കോടിയുടെ കണക്കിനും കുറവൊന്നുമുണ്ടാവില്ല. പിന്നെ അമ്പലം, പ്രതിമ എന്നൊക്കെ പറഞ്ഞു ശ്രദ്ധ തിരിക്കാനും. 
 
ഏതിനും പഴയ മെസേജ് ബോക്സുകൾ ഒന്നെടുത്തുനോക്കുക. ഒരാശ്വാസം കിട്ടും.
 
എല്ലാ രാജ്യസ്നേഹികൾക്കും നവംബർ എട്ടിന്റെ പണി--ഐ മീൻ ആശംസകൾ.