ശബരിമലയില്‍ സുരക്ഷ വർധിപ്പിക്കാൻ കാരണം കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ്; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ചിത്തിര ആട്ടതിരുനാൾ പൂജയ്ക്കു ശബരിമല നട തുറന്നപ്പോൾ, സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പെന്ന് സംസ്ഥാന സര്‍ക്കാര്‍. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ശബരിമലയില്‍ എത്തുമെന്നായിരുന്നു ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ സംബന്ധിച്ചായിരുന്നു റിപ്പോർട്ട്. ഹൈക്കോടതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വിശ്വാസികള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നും സര്‍ക്കാര്‍ കോടിതയെ അറിയിച്ചു. 
 
അതിനിടെ ശബരിമലയിൽ ദർശനം നടത്തുന്നതിനായി സ്ത്രീകളുടെ വ്രതകാലം 21 ദിവസമായി കുറയ്ക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. വ്രതശുദ്ധി സംബന്ധിച്ച തീരുമാനം എടുക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഹർജിക്കാരന് വേണമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മള്ളിയൂർ സ്വദേശി നാരായണൻ പോറ്റിയാണ് ഹർജി സമർപ്പിച്ചത്.
 
 
Advertisement
Advertisement