അർബുദകോശങ്ങളെ വെല്ലുവിളിയ്ക്കാൻ നവീന ചതുരുപായചികിൽസകൾ

എതിരൻ കതിരവൻ എഴുതുന്നു
 
ലോകത്ത് ഒരു ദിവസം 22,000 പേരാണു ക്യാൻസർ പിടിപെട്ട് മരിയ്ക്കുന്നത്. ഇക്കൊല്ലം പതിനാലു മില്ല്യൻ ആൾക്കാർ മനസ്സിലാക്കും തങ്ങൾക്ക് ക്യാൻസർ ആണെന്ന്. ഈ നിലയ്ക്കു പോയാൽ 2030 ആകുമ്പോഴേയ്ക്ക് 21 മില്ല്യൻ ആൾക്കാർ അർബുദരോഗികളായിരിക്കും,13 മില്ല്യൻ പേർ ഒരു കൊല്ലം മരണത്തിനു കീഴ്പ്പെടും. വ്യാധികളുടെ ചക്രവർത്തി തന്നെ ക്യാൻസർ. മരണത്തിന്റെ ഈ വെല്ലുവിളിയെ നേരിടാൻ നവനവങ്ങളായ ചികിൽസാപദ്ധതികളുമായി ശാസ്ത്രജ്ഞർ എത്തുകയാണ്; തീവ്രശ്രമങ്ങളാണ് ആധുനിക തന്മാത്രാശാസ്ത്രലാബുകളിൽ നടന്നു പോരുന്നത്. പ്രതിരോധശാസ്ത്ര (Immunology)വും ജനിതകശാസ്ത്ര (Genetics) വും ഇതിൽ പങ്കുചേരുന്നതോടെ പുതിയ മരുന്നുകളിലും കുത്തിവയ്പ്പുകളിലും മറ്റ് ചികിൽസകളിലും മുൻപെങ്ങുമില്ലാത്ത വിധം നൂതന സാങ്കേതികമാർഗ്ഗങ്ങൾ ഉൾച്ചേർക്കപ്പെടുകയാണ്. ഇക്കഴിഞ്ഞ ഒന്നുരണ്ടു വർഷങ്ങൾക്കുള്ളീൽ വമ്പൻ മാറ്റങ്ങളാണ് ക്യാൻസർ ചികിൽസയിൽ വന്നു ഭവിച്ചത്. അർബുദത്തോട് പോരാടുക എന്നതിനു പകരം കള്ളവും ഒളിച്ചുകളിയും സ്ഥിരസ്വഭാവമാക്കിയ അർബുദകോശങ്ങളെ അതിചാതുര്യം കൊണ്ട് ജയിയ്ക്കുക എന്ന പുതിയ നേരിടൽ പ്രക്രിയ അർബുദരോഗികളിൽ നവപ്രത്യാശ ഉണർത്തുന്നു.
 
അർബുദകോശങ്ങൾ അതി തന്ത്രശാലികളാണ്. വെറുതേ സ്വന്തം പാടുനോക്കിയിരിക്കേണ്ട ഈ കോശങ്ങൾ നിയന്ത്രണങ്ങളെ വകവയ്ക്കാതെ വിഭജിച്ച് വിഭജിച്ച് അവരുടെ സമൂഹം (ട്യൂമർ) സൃഷ്ടിച്ചെടുക്കുകയാണ്. കൂടുതൽ പോഷകങ്ങൾ കിട്ടാൻ പുതിയ രക്തക്കുഴലുകൾ അങ്ങോട്ട് പൈപ് ലൈൻ പോലെ വലിയ്ക്കും. മര്യാദയുടെ ചില ചെക്ക് പോയിന്റുകൾ അതിലംഘിക്കും. കോശങ്ങളുടെ സർവ്വനിയന്ത്രണങ്ങളുമുള്ള, മദർ സുപ്പീരിയർ ആയ ന്യൂക്ളിയസിലെ ഡി എൻ എ യിൽ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും ഇതിനു കാരണം. നേരത്തെ “കീമോതെറാപ്പി” യ്ക്ക് ഉപയോഗിച്ചിരുന്ന മരുന്നുകൾ കോശവിഭജനത്തിനു തടയിടുന്നവ ആയിരുന്നുവെങ്കിൽ ഇന്ന് മറ്റു പല നിശിതമായ പ്രയോഗങ്ങളാലാണ് ഈ തെമ്മാടി കോശങ്ങളെ നിലയ്ക്കു നിറുത്തുന്നത്. പ്രധാനമായും നമ്മുടെ തന്നെ പ്രതിരോധവ്യവസ്ഥ (Immune system)യെ ഊർജ്ജതരമാക്കുന്ന വിദ്യകളാണ് ചികിൽസാപദ്ധതിയിൽ. കൊടും രാസവസ്തുക്കൾ കൊണ്ടുള്ള പ്രയോഗമായ കീമോതെറാപ്പി മിക്കവാറും ഇന്നലത്തെ കഥയായി മാറിയേക്കാം.
 
നമ്മുടെ രക്തത്തിലുള്ള റ്റി കോശങ്ങൾ (T cells) ആണ് അനധികൃതമായി കടന്നു കൂടുന്ന ബാക്റ്റീരിയയോ മറ്റ് അന്യമായ കോശങ്ങളേയോ നശിപ്പിക്കുന്നത്. ഈ റ്റി കോശങ്ങൾ നേരിട്ട് വെട്ടി കൊലപാതകം ചെയ്യുന്ന ആയോധനകലയിൽ പ്രത്യേകം പരിശീലനം നേടിയവരാണ്. അന്യകോശങ്ങളോട് പറ്റിനിന്ന് അവയെ നശിപ്പിക്കുകയാണ് ജന്മോദ്ദേശം. അർബുദകോശങ്ങളേ നേരിടാൻ ഈ T cells നെ തയാറാക്കുക എന്നതാണ് പുതിയ അടവ്. പക്ഷേ അർബുദകോശങ്ങൾ നമ്മുടേത് തന്നെ ആയതിനാൽ ഈ റ്റി കോശങ്ങൾക്ക് അവയെ തിരിച്ചറിയാൻ പറ്റാതെ പോകുകയാണ് . എന്നാൽ അതിചാതു ര്യവാന്മാരായ ക്യാൻസർ കോശങ്ങൾക്ക് അറിയാതെ ചില വിഡ്ഢിത്തങ്ങൾ പറ്റുന്നുണ്ട്. അവയുടെ ഡി എൻ എയിലെ ചില പാകപ്പിഴകളാൽ (ഇതുകൊണ്ടാണ് അവ നിയന്ത്രണങ്ങളില്ലാത്ത അർബുദകോശങ്ങളായി മാറിയതു തന്നെ) പുതിയചില പ്രോട്ടീൻ തന്മാത്രകൾ ഉപരിതലത്തിൽ പ്രദർശിപ്പിച്ച് “ഞങ്ങൾ ക്യാൻസർ കോശങ്ങളാണേ” എന്ന് അറിയിച്ചു കൊണ്ടിരിക്കും. ഈ കോശങ്ങളെ തിരിച്ചറിയാൻ ഇത് സഹായിക്കും.നമ്മുടെ റ്റി സെല്ലുകളെ ഇവരുടെ നേരേ തിരിയ്ക്കുകയാണ് ഇന്നത്തെ വിദ്യകളിലൊന്ന്. അതിലും എളുപ്പമായ വിദ്യ ക്യാൻസർ കോശങ്ങൾ പ്രദർശിപ്പിക്കുന്ന മേൽപ്പറഞ്ഞ പ്രത്യേക തന്മാത്രകൾക്കെതിരെ പ്രവർത്തിക്കുന്ന “ആന്റി ബോഡി” എന്ന പ്രോട്ടീൻ കുത്തിവച്ചാലും മതി. ഈ ‘ആന്റിബോഡികൾ’ അർബുദകോശങ്ങളെ തെരഞ്ഞു പിടിച്ച് നശിപ്പിച്ചുകൊള്ളും. ഈ തന്മാത്രകളോട് കൂട്ടിച്ചേർക്കപ്പെട്ട കീമോതെറാപ്പി രാസവസ്തുക്കൾ ഇതിനു ആക്കം കൂട്ടുന്ന വിദ്യയും ഉണ്ട്. ക്യാൻസർ കോശങ്ങളെ മാത്രം ഇവകൾ ഉന്നം വയ്ക്കുന്നതുകൊണ്ട് ശരീരം ആകമാനം വിഷമതകളിൽ പെടുന്നില്ല. കഴിഞ്ഞ രണ്ടുമൂന്നു കൊല്ലങ്ങൾക്കിടയിൽ പലേ ക്യാൻസറുകൾക്കുമുള്ള ഈ കുത്തിവയ്പ്പ് മരുന്നുകൾ വിപണിയിൽ ഇറങ്ങിയിട്ടുണ്ട്.
 
അർബുദകോശങ്ങൾ അതീവ സാർത്ഥ്യക്കാരാണെന്നതിൽ സംശയമില്ല. കൊല്ലാൻ വരുന്ന റ്റി സെൽസിനെ നിർവ്വീരീകരിച്ച് ആക്രമണോൽസുകതയിൽ നിന്ന് പിൻ തിരിപ്പിക്കാൻ അവയ്ക്കറിയാം. റ്റി സെൽസ്ന്റെ ഉപരിതലത്തിലെ ഒരു കൂട്ടം പ്രോടീനുകളെ പൊത്തി അമർത്തിയാണ് ഇതു സാദ്ധ്യമാക്കുന്നത്. ഈ പ്രവണത പാടേ അകറ്റാനുള്ള ചില പ്രോടീനുകൾ കുത്തിവയ്ക്കുന്നത് ഇന്ന് ക്യാൻസർ ചികിൽസയിലെ നൂതനവും പ്രഭാവശാലിയും ആയ മാർഗ്ഗമാണെന്നുള്ളത് വിപ്ലവം തന്നെ. “ചെക്ക് പോയിന്റ് അമർത്തൽ’ (Check point inhibition) എന്ന് വിളിയ്ക്കുന്ന ഈ ചികിൽസാപദ്ധതി വൻ വിജയമാണ്; 2010 ഇനു മുൻപ് 12% മാത്രം അതിജീവനം സാദ്ധ്യമായിരുന്ന ചർമ്മാർബുദക്കാർ 60% ഇലേക്കാണ് കുതിച്ചുയർന്നത്.
 
പ്രതിരോധവ്യവസ്ഥയുടെ രീതികളെ വിദഗ്ധമായി ചൂഷണം ചെയ്ത് മെനഞ്ഞെടുത്ത മറ്റൊരു അതിശക്തമാർന്ന ചികിൽസാപദ്ധതിയാണ് “ജീവിക്കുന്ന മരുന്ന്’ (Living drug) എന്ന വിശേഷിക്കപ്പെട്ട Car-T ഉപായം. രോഗിയുടെ സ്വന്തം റ്റി സെൽസിനെ പുതിയ കളരിയഭ്യാസം പഠിപ്പിച്ചെടുത്ത് ശരീരത്തിൽ കടത്തിവിടുകയാണ് സൂത്രപ്പണി. ജീൻ തെറാപ്പി (പുതിയ ജീനുകൾ സന്നിവേശിപ്പിച്ച കോശങ്ങൾ ഉപയോഗിച്ചുള്ള ചികിൽസ) പുതിയ മാനങ്ങൾ തേടുന്ന ആധുനിക രീതിയാണിത്. മേൽപ്പറഞ്ഞ റ്റി കോശങ്ങളിൽ പുതിയ ജീനുകൾ കൊരുത്താണ് അർബുദകോശങ്ങളെ നേരിടാൻ തയാറാക്കുന്നത്. രോഗിയുടെ രക്തത്തിൽ നിന്നും തന്നെ വേർതിരിച്ചെടുത്ത റ്റി കോശങ്ങളിൽ ക്യാൻസർ കോശങ്ങളെ നേരിടാനുള്ള ആയോധാനാവിദ്യകൾ പെറുന്ന ജീനുകൾ സന്നിവേശിപ്പിക്കുകയും (പരീക്ഷണശാലയിൽ അത്യാധുനിക മോളിക്യുലാർ ട്രിക്കുകൾ ഉപയോഗിച്ചണിത്) പിന്നെ ഇവയുടെ എണ്ണം കൂട്ടുകയും ചെയ്യുന്നു. രോഗിയ്ക്കുള്ള പ്രത്യേക അർബുദകോശങ്ങളെ മാത്രം നേരിടുന്നവയാണിവ,ഈ റ്റി സെൽസ് രോഗിയിൽ കുത്തിവച്ചാൽ ഇവ നേരേ പോയി ക്യാൻസർ കോശങ്ങളെ നശിപ്പിച്ചുകൊള്ളും. റ്റി സെൽസിനു മറ്റൊരു പ്രവണതയുമുണ്ട്. ഒരു തവണ ക്യാൻസർ കോശങ്ങളുമായി ഏറ്റുമുട്ടിയാൽ അവ പെട്ടെന്ന് സ്വന്തം രൂപത്തിൽ ആയിരക്കണക്കിനു അതേ റ്റി സെൽസ് ആയി വിഭജിച്ചു പെരുകും. അതുകൊണ്ട് ഒറ്റത്തവണ മാത്രം ഈ റ്റി സെൽസ് കുത്തി വച്ചാൽ മതി. അമേരിക്കയിലെ ഭക്ഷ്യ-ഔഷധി ഭരണസമിതി (Food and Drug Administration) ഈയിടെ അനുമതി നൽകിയ ഈ ചികിൽസാ പദ്ധതി ഏറേ വിജയം കാണുകയാണ് പല ക്യാൻസർ രോഗികളിലും.
 
പല ക്യാൻസറിനും ഒരേ ചികിൽസ അനുവദിക്കുന്ന മറ്റൊരു ആധുനിക രീതി വികാസം പ്രാപിച്ചിച്ചിരിക്കുന്നു കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങൾക്കിടയിൽ. ഓരോ അവയവത്തിനും ഓരോ ക്യാൻസർ എന്ന പതിവ് നിശ്ചയരീതി മാറി മൂലകാരണമെന്താണ് എന്നതനുസരിച്ച് ചികിൽസ നിശ്ചയിക്കുകയാണ് ഈ പദ്ധതിയിൽ. വ്യക്തിപരമായ ഈ സമ്പ്രദായം-നിഷ്കൃഷ്ട ചികിൽസാപദ്ധതി (Precision medicine)എന്ന് അറിയപ്പെടുന്നു. ഒരു അവയവത്തിന്റെ ക്യാൻസറിനു പൊതു ചികിൽസാരീതി എന്ന വ്യവസ്ഥ മാറ്റിയിട്ട് അർബുദകോശങ്ങളുടെ ഡി എൻ എ വിശദാംശങ്ങൾ നിരീക്ഷിച്ച് ഒരാൾക്ക് അനുയോജ്യമായ ഒരു ചികിൽസ എന്ന് നിജപ്പെടുത്തുകയാണിവിടെ..ചിലപ്പോൾ പലേ ക്യാൻസറിനും ഒരേ ചികിൽസ ആകാനും മതി. 12 വിവിധ ക്യാൻസറുകൾക്ക് ഒരേ ഡി എൻ എ പ്രശ്നങ്ങളാണെന്ന് കണ്ടു പിടിയ്ക്കപ്പെട്ടിട്ടുണ്ട്. കോശങ്ങൾ വിഭജിക്കുമ്പോൾ അവയിലെ ഡി എൻ എ പകർപ്പെടുക്കുമ്പോൾ ചില തെറ്റുകൾ വരാറുണ്ട്, ഉടൻ റിപ്പയർ ചെയ്യാറുമുണ്ട്. പക്ഷേ ചിലപ്പോൾ ഈ അറ്റകുറ്റപ്പണിയിൽ പാളിച്ച വന്നുഭവിക്കും, ക്യാൻസറിലെക്ക് നയിക്കും. ഇത്തരം ക്യാൻസറുകളെ ഒറ്റയടിക്കു നേരിടാൻ പ്രാപ്തമായ മരുന്നുകൾ -നേരത്തെ പ്രസ്താവിച്ച “ചെക്ക് പോയിന്റ് അമർച്ച’ തന്നെ-ഇക്കഴിഞ്ഞ വർഷമാണ് വിപണിയിൽ ഇറങ്ങിയത്. രോഗിയുടെ ക്യാൻസർ ഡി എൻ എ പരിശോധനയിലാണു തുടക്കം.
 
ക്യാൻസറിനെ തുടക്കത്തിൽത്തന്നെ കണ്ടുപിടിച്ച് തിരിച്ചറിയാൻ ഉതകുന്ന രക്ത-ഡി എൻ എ ടെസ്റ്റുകൾ ഉടൻ വിപണിയിൽ ഇറങ്ങിയേക്കാം. റ്റ്യൂമറിലേക്ക് നേരിട്ട് കുത്തിവയ്പ്പു നടത്തുന്ന ചില ഉപായങ്ങളും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. മേൽപ്പറഞ്ഞ തെറാപ്പികൾ- ‘ചെക്ക് പോയിന്റ് അമർച്ച, കാർ-റ്റി മുതലായവ-ഇൻഡ്യയിലോ കേരളത്തിലോ പ്രാവർത്തികമാകുമോ എന്ന് ആലോചിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കുത്തിവയ്പ്പിനുള്ള ആന്റിബോഡികൾ നിർമ്മിച്ചെടുക്കുന്ന കമ്പനികൾ ഇൻഡ്യയിൽ ഉണ്ടോ എന്ന് സംശയമാണ്. ജീൻ തെറാപ്പി ചെയ്യാൻ പ്രാപ്തമായ അത്യാധുനിക മോളിക്യുലാർ ലാബുകളും. മുള്ളാത്തയിലും ലക്ഷ്മിതരുവിലും വിശ്വാസമർപ്പിക്കുന്ന, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഭോഷ്ക്കുകൾ ആപ്തവാക്യമാക്കുന്ന തലമുറയ്ക്ക് ഒന്നും സംഭാവന ചെയ്യാനില്ല. . മെഡിക്കൽ എൻട്രസ് എഴുതുന്നതു മാത്രം ജീവിതലക്ഷ്യം എന്ന് പഠിപ്പിച്ച് വളർത്തുന്ന പുതുതലമുറയ്ക്കും ആധുനിക ഗവേഷണം എന്നത് അന്യമായിരിക്കും എന്നതാണ് ഇന്നത്തെ ദയനീയത. പ്രാകൃതവും പ്രാചീനവുമായ ജനതയെ വാർത്തെടുക്കുന്നു നമ്മൾ.